സിറിയയില്‍ യുഎസ് പിന്തുണയുള്ള വിമതര്‍ സര്‍ക്കാര്‍ വിരുദ്ധ കലാപം ശക്തമാക്കി. ആഭ്യന്തര സംഘര്‍ഷം ശക്തമായതോടെ സിറിയയിലെ ഇന്ത്യക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഉടന്‍ സിറിയ വിട്ടുപോകാനും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഇസ്രായേലിനും ഇറാനും സമീപത്തുള്ള രാജ്യമാണ് സിറിയ. പ്രസിഡന്റ് അല്‍ അസദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുന്ന സിറിയയില്‍ 2011 മുതല്‍ ആഭ്യന്തരയുദ്ധം രൂക്ഷമാണ്.
അല്‍ അസദിന്റെ സര്‍ക്കാരിന് റഷ്യയുടെയും ഇറാന്റെയും പിന്തുണയുണ്ട്. അതിനാല്‍, അസദിനെ അട്ടിമറിച്ച് തങ്ങളുടെ പിന്തുണയോടെ പുതിയ ഭരണം സ്ഥാപിക്കാനാണ് അമേരിക്കയും ഇസ്രായേലും ശ്രമിക്കുന്നത്. ഹയാത്ത് തഹ്രീര്‍ അല്‍-ഷാം എന്ന സംഘടനയെയാണ് സിറിയയില്‍ ആഭ്യന്തര കലാപം നടത്തുന്നത്. അല്‍-ഖ്വയ്ദയെ പിന്തുണയ്ക്കുന്നതിനാണ് ഈ സംഘടന ആദ്യം രൂപീകരിച്ചത്. എന്നാല്‍, 2016ല്‍ അല്‍-ഖ്വയ്ദയുമായുള്ള ബന്ധം വിച്ഛേദിച്ചുവെന്ന് പ്രഖ്യാപിച്ചിരുന്നു.
സിറിയയിലെ റഷ്യന്‍ പിന്തുണയുള്ള ഗവണ്‍മെന്റിനെ താഴെയിറക്കാനും അമേരിക്കയുമായി ഇടപാടുകള്‍ നടത്താനും സായുധ കലാപം ആരംഭിക്കാനുമുള്ള ശ്രമമാണ് ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ ഭാഗത്തുനിന്നുണ്ടായത്. കഴിഞ്ഞ 10 ദിവസമായി സ്ഥിതി കനത്ത ആഭ്യന്തര കലാപത്തിന്റെ പിടിയിലാണ് സിറിയ. സിറിയയിലെ മൂന്നാമത്തെ വലിയ നഗരലും വിമതര്‍ പിടിച്ചെടുത്തു. വിമതരുടെ അപ്രതീക്ഷിത ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ സിറിയന്‍ സൈന്യം പിന്‍മാറുകയാണ്. ഇത് തുടര്‍ന്നാല്‍ ഉടന്‍ വിമതര്‍ രാജ്യം മുഴുവന്‍ പിടിച്ചടക്കുമെന്നാണ് വിലയിരുത്തല്‍.
സിറിയയില്‍ ഇറാന്റെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് സൂചന. അസദ് സര്‍ക്കാരിന്റെ രക്ഷക്കെത്തും. അങ്ങനെയാണെങ്കില്‍ ആഭ്യന്തര കലാപം രൂക്ഷമാകും. കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം ആയിരത്തോളം പേരാണ് സംഘര്‍ഷങ്ങളില്‍ മരിച്ചത്. ഇവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്നാണ് വിവരം. കൊളാറ്ററല്‍ ഡാമേജ്' എന്നാണ് വിമതര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 2.8 ലക്ഷം സിറിയക്കാരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. വരും ദിവസങ്ങളില്‍ ഇത് 25 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിറിയ പൊടുന്നനെയാണ് ആഭ്യന്തരയുദ്ധക്കളമായി മാറിയത്. ഹയാത് തഹ്രീര്‍ അല്‍-ഷാം ഗ്രൂപ്പ് സിറിയന്‍ സൈന്യത്തിന് നേരെ ആക്രമണം കടുപ്പിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആക്രമണം ശക്തമായതോടെ ധാര നഗരം നിലവില്‍ വിമതരുടെ കീഴിലാണ്.കഴിഞ്ഞ ദിവസങ്ങളില്‍ വിമതര്‍ പിടിച്ചടക്കുന്ന നാലാമത്തെ നഗരമാണ് ധാര.
മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളിലൊന്നായ സിറിയയില്‍ മുന്‍പും ധാരാളം ആഭ്യന്തരയുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്.കഴിഞ്ഞ 24 വര്‍ഷമായി ബാഷര്‍ അല്‍ അസദിന്റെ ഭരണത്തിനെതിരെയാണ് വിമതര്‍ പോരാട്ടം നടത്തുന്നത്.അദ്ദേഹത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയെങ്കിലും റഷ്യയുടെ പിന്തുണ വിമതരെ അടിച്ചമര്‍ത്താന്‍ അസദിനെ സഹായിച്ചു.
2020ലെ വെടിനിര്‍ത്തല്‍ കരാറിന് ശേഷം കുറച്ചുകാലം സമാധാനം ഉണ്ടായെങ്കിലും ഇപ്പോള്‍ വീണ്ടും അക്രമം തുടങ്ങിയിരിക്കുന്നു. നവംബര്‍ 27-ന് വിമതര്‍ തുടക്കമിട്ട ആക്രമണം തുടരുകയാണ്.
സിറിയന്‍ സൈന്യം വിമതര്‍ക്ക് കീഴടങ്ങുന്നത് തുടരുന്ന സാഹചര്യത്തില്‍, ഇത് തടയാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്,ഈജിപ്ത്,ജോര്‍ദാന്‍, ഇറാഖ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് സിറിയന്‍ പ്രസിഡന്റ് അസദ് ആയുധ, രഹസ്യാന്വേഷണ സഹായം തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്ത് സ്ഥിതിഗതികള്‍ മോശമായതിനാല്‍ രാജ്യം വിടാന്‍ ചില അധികാരികള്‍ അസദിനോട് ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്.മുന്‍പ് അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോഴെല്ലാം റഷ്യ, ഇറാന്‍, ഹിസ്ബുള്ള സേനകള്‍ പ്രസിഡന്റ് അസദിനെ പിന്തുണയ്ക്കാന്‍ രംഗത്തിറങ്ങിയിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്രയും കാലം ഭരണം നിലനിര്‍ത്താനായത്.
എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ ഉക്രെയ്നിലെ യുദ്ധം മൂലം ഇസ്രായേലിനെതിരായ ആക്രമണം മൂലം ഇറാനും ഹിസ്ബുള്ളയും ദുര്‍ബലമാണ്. ഈയൊരു സാഹചര്യത്തെ മുതലെടുത്ത് അസദ് ഭരണകൂടത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് വിമതര്‍ നടത്തുന്നത്.