ഭൂമിയില്‍ നിന്ന് കാണാന്‍ ഒരുങ്ങിക്കൊള്ളു

ഭീമന്‍ നക്ഷത്രങ്ങള്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന സൂപ്പര്‍നോവകളെ പറ്റി നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ നോവകളെ കുറിച്ചോ?. സെപ്റ്റംബറിനകം നമ്മള്‍ സാക്ഷിയാകാന്‍ പോകുന്നത് ഒരു നോവ കാഴ്ചയ്ക്കാണ്. അത് ഭൂമിയില്‍ നിന്ന് നഗ്‌നനേത്രങ്ങള്‍ കൊണ്ട് തന്നെ കാണാനാവുമെന്നതാണ് പ്രത്യേകത.

author-image
Rajesh T L
New Update
nova

Coronae Borealis nova

Listen to this article
0.75x 1x 1.5x
00:00 / 00:00

നമുക്ക് അറിയാത്തതും നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാന്‍ സാധിക്കാത്തതുമായ നിരവധി പ്രതിഭാസങ്ങള്‍ ബഹിരാകാശത്ത് നടക്കുന്നുണ്ട്. പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യങ്ങളും. വെറും കണക്കൂകൂട്ടലുകള്‍ക്കപ്പുറം മനുഷ്യന്‍ കയറ്റിവിടുന്ന ബഹിരാകാശ പേടകങ്ങള്‍ ആ രഹസ്യങ്ങളുടെ ചെറിയ ചില തെളിവുംകൊണ്ട് തിരിച്ചെത്താറുണ്ട്. ബഹിരാകാശത്തേക്ക് പോകാതെ 3000 പ്രകാശവര്‍ഷം അകലെ നടക്കുന്ന ഒരു പ്രതിഭാസം ഭൂമിയില്‍ നിന്ന് കാണാനാകുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ?. എന്നാല്‍ അങ്ങനൊരു പ്രതിഭാസത്തിനായി കാത്തിരുന്നുകൊള്ളാനാണ് ശാസ്ത്രലോകം പുറത്തുവിടുന്ന വാര്‍ത്തകള്‍.

ഭീമന്‍ നക്ഷത്രങ്ങള്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന സൂപ്പര്‍നോവകളെ പറ്റി നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ നോവകളെ കുറിച്ചോ?. സെപ്റ്റംബറിനകം നമ്മള്‍ സാക്ഷിയാകാന്‍ പോകുന്നത് ഒരു നോവ കാഴ്ചയ്ക്കാണ്. അത് ഭൂമിയില്‍ നിന്ന് നഗ്‌നനേത്രങ്ങള്‍ കൊണ്ട് തന്നെ കാണാനാവുമെന്നതാണ് പ്രത്യേകത.

ഭൂമിയില്‍ നിന്ന് 3,000 പ്രകാശവര്‍ഷം അകലെ ഉത്തരാര്‍ധഖഗോളത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ നക്ഷത്രസമൂഹമാണ് കൊറോണ ബോറിയാലിസ്. ആ നക്ഷത്രസമൂഹത്തില്‍ ഒരു ഇരട്ടനക്ഷത്ര സംവിധാനമുണ്ട്. ഗുരുത്വാകര്‍ഷണത്താല്‍ ബന്ധിപ്പിക്കപ്പെട്ട് പരസ്പരം ഭ്രമണം ചെയ്യുന്ന രണ്ട് നക്ഷത്രങ്ങളുടെ ഒരു സംവിധാനമാണത്. അതിലൊരു നക്ഷത്രം വെളുത്ത കുള്ളന്‍ നക്ഷത്രവും. മറ്റൊരു നക്ഷത്രമാകട്ടെ അതിന്റെ പതിന്മടങ്ങ് ഇരട്ടിയിലുള്ള ചുവന്ന നക്ഷത്രവും. അതിലെ കുള്ളന്‍ സക്ഷത്രത്തിന്റെ ബാഹ്യഭാഗത്തിനാണ് പൊട്ടിത്തെറി അഥവാ നോവ സംഭവിക്കുന്നത്. ആ പൊട്ടിത്തെറി ഏതാണ്ട് 80 വര്‍ഷം കഴിയുമ്പോള്‍ ആവര്‍ത്തിക്കുകയും ചെയ്യും.

സാധാരണ സാഹചര്യത്തില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത ഈ വെളുത്ത കുള്ളന്‍ നക്ഷത്രം നോവ സംഭവിക്കുമ്പോള്‍ കൂടുതല്‍ പ്രകാശിക്കും. ഈ പ്രകാശം ധ്രുവനക്ഷത്രത്തിന്റെ അത്രയും വരും. ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങള്‍ കൊണ്ട് ദിവസങ്ങളോളം അത് കാണാന്‍ കഴിയുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

നക്ഷത്രങ്ങള്‍ക്ക് അകത്ത് അതിന്റെ കാമ്പില്‍ ഉയര്‍ന്ന താപനിലയും സമ്മര്‍ദ്ദവും കാരണം അവിടത്തെ ഹൈഡ്രജന്‍ ആറ്റങ്ങളുടെ കേന്ദ്രം സംയോജിക്കുകയും ഹീലിയം ഉണ്ടാകുന്ന ന്യൂക്ലീയര്‍ ഫ്യൂഷന്‍ എന്ന പ്രക്രിയ നടക്കുകയും ചെയ്യുന്നതിനാലാണ് അവ ചൂടുള്ളതും പ്രകാശിക്കുന്നതുമായി നിലനില്‍ക്കുന്നത്. നക്ഷത്രത്തിന്റെ വലിപ്പത്തിനനുസരിച്ച് കോടാനുകോടി വര്‍ഷങ്ങള്‍ അതിലെ ഇന്ധനം തീരും വരെ ഫ്യൂഷന്‍ റിയാക്ഷന്‍ തുടരും. സൂര്യനെ പോലെ ഒരു ഇടത്തരം നക്ഷത്രത്തിനകത്തെ കോറില്‍ ഇന്ധനം കഴിയാറാവുമ്പോള്‍ കോറിന് പുറമെ ഉള്ള പാളികള്‍ വികസിക്കാന്‍ തുടങ്ങും. ഇത് നക്ഷത്രത്തെ ഒരു ചുവന്ന ഭീമനാക്കി മാറ്റും. കോറിലെ ഇന്ധനം മുഴുവനായും തീരുന്നതോട് കൂടി പുറം പാളികള്‍ അകന്ന് പോകും.

പിന്നീട് അവശേഷിക്കുന്ന നക്ഷത്രത്തിന്റെ കോര്‍ ഗ്രാവിറ്റി കാരണം ചുരുങ്ങുകയും ഒരു വെളുത്ത കുള്ളന്‍ നക്ഷത്രമായി മാറുകയും ചെയ്യും. വെളുത്ത കുള്ളന്മാര്‍ വളരെ ചൂടുള്ളതും സാന്ദ്രതയുള്ളതുമായ നക്ഷത്രങ്ങളാണ്. അതിന്റെ ഗ്രാവിറ്റേഷണല്‍ ഫീല്‍ഡിന്റെ ശക്തി അതിനോട് അടുക്കും തോറും കൂടുതലായിരിക്കും.

കൊറോണ ബോറിയാലിസ് എന്ന റിക്കറിങ് നോവ ഉണ്ടാവാന്‍ കാരണം വെളുത്ത കുള്ളന്‍ നക്ഷത്രത്തിന്റെ ഒരുപാട് അടുത്തേക്ക് അതിനടുത്തുള്ള ചുവന്ന ഭീമന്‍ നക്ഷത്രം വികസിച്ചെത്തുന്നതാണ്. ചുവന്ന ഭീമന്‍ നക്ഷത്രത്തിന്റെ പുറം പാളിയിലെ പദാര്‍ഥങ്ങളെ വെളുത്ത കുള്ളനിലേക്ക് വലിച്ചെടുക്കും. ഇത് ന്യൂക്ലീയര്‍ ഫ്യൂഷന്‍ നിലച്ച വെളുത്ത കുള്ളന്‍ നക്ഷത്രത്തില്‍ വീണ്ടും ഫ്യൂഷന്‍ റിയാക്ഷന്‍ ഉണ്ടാവാന്‍ ഉള്ള സാഹചര്യം ഒരുക്കും. ഈ റിയാക്ഷന്‍ അനിയന്ത്രിതമായി നടക്കുകയും സാധാരണ ഇത് ഒരു സൂപ്പര്‍ നോവയ്ക്ക് കാരണമാകുകയും അതോടെ വെളുത്ത കുള്ളന്‍ നശിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ കൊറോണ ബോറിയാലിസില്‍ വെളുത്ത കുള്ളന്‍ നശിക്കുന്നില്ലെന്നുള്ളതാണ് വലിയ പ്രത്യേകത.

1866 ല്‍ ആണ് കൊറോണ ബോറിയാലിസ് നോവ ആദ്യം ശ്രദ്ധിക്കുന്നത് പിന്നീട് ശാസ്ത്രജ്ഞര്‍ നിരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. 1946 ല്‍ വീണ്ടും നോവ ഉണ്ടായി. നോവ ഉണ്ടാവാന്‍ പോകുന്നതിന് മുന്‍പ് നക്ഷത്രത്തിന്റെ പ്രകാശ തീവ്രതയില്‍ ഉണ്ടാകുന്ന ഏറ്റകുറച്ചിലുകള്‍ നിരീക്ഷിച്ചപ്പോഴാണ് 2024 സെപ്റ്റംബറിനകം ഇത്തരത്തിലൊരു നോവ ഉണ്ടാവാനിടയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചത്. ഒരു പരിധിവരെ ടെലിസ്‌കോപ്പോ ബിനോക്കുലറോ ഇല്ലാതെ തന്നെ കേരളത്തില്‍ നിന്നും നമുക്കിത് കാണാന്‍ കഴിയുമെന്നാണ് പറയുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണാന്‍ സാധിക്കുന്ന ഒരു പ്രതിഭാസത്തെ കാത്ത് ആകാശത്തേക്ക് കണ്ണ് നട്ടിരിക്കയാണ് ശാസ്ത്രലോകം.

 

polaris universe nasanews T Coronae Borealis nova super nova 3 000 lightyears T CrB new star brightest star in the night sky North Star NASAUniverse