/kalakaumudi/media/media_files/2025/04/10/An8aR96K4wCGTa1MeOGA.jpg)
മുംബൈ: മുബൈ ഭീകരാക്രമണ കേസ് സൂത്രധാരന്‍ തഹാവൂര്‍ റാണയെ അറസ്റ്റ് ചെയ്ത് എന്‍ഐഎ. ദില്ലി വിമാനത്താവളത്തില്‍ വെച്ചാണ് എന്‍ഐഎ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. റാണയുടെ ചിത്രം എന്‍ഐഎ പുറത്തുവിട്ടു. ദില്ലി പാലം വ്യോമസേന വിനാനത്താവളത്തിലാണ് തഹാവൂര്‍ റാണയുമായുള്ള വിമാനം ലാന്‍ഡ് ചെയ്തത്. എന്‍എസ്ജി കമാന്‍ഡോകളും മറ്റ് ഏജന്‍സികളും റാണയെ ഇന്ത്യയിലെത്തിക്കുന്നതില്‍ സഹകരിച്ചെന്ന് എന്‍ഐഎ വ്യക്തമാക്കി. ഓണ്‍ലൈനായിട്ടാണ് റാണയെ കോടതിയില്‍ ഹാജരാക്കുക. എന്‍ഐഎ അഭിഭാഷകര്‍ പാട്യാല ഹൌസ് കോടതിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. എന്‍ഐഎ ഓഫീസിന് മുന്നിലെ സുരക്ഷ ക്രമീകരണങ്ങള്‍ ദില്ലി പൊലീസ് വിലയിരുത്തി. ദില്ലി ലീഗല്‍ സര്‍വീസ് സൊസൈറ്റിയിലെ അഭിഭാഷകന്‍ പിയൂഷ് സച്ച്‌ദേവ ആയിരിക്കും റാണക്കായി ഹാജരാകുക.
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ 2008 നവംബര്‍ 26 നാണ് ഭീകര ആക്രമണത്തില്‍ നടുങ്ങിയത്. 60 മണിക്കൂറുകളോളം നീണ്ട ഈ ആക്രമണം രാജ്യത്തെ നടുക്കി. ആ ആക്രമണത്തിന്റെ ബുദ്ധി കേന്ദ്രങ്ങളില്‍ പ്രധാനിയാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് വിട്ടു കിട്ടിയിരിക്കുന്ന തഹാവൂര്‍ റാണ. തഹാവൂര്‍ റാണ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളായ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ അടുത്ത അനുയായിയാണ് ഇയാള്‍.
പാക്ക് വംശജനും കനേഡിയന്‍ വ്യവസായിയുമായ റാണയ്ക്ക് ലഷ്‌കര്‍ അടക്കം ഭീകര സംഘങ്ങളുമായി അടുത്ത ബന്ധമാണ് ഉള്ളത്. ഹെഡ്ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ആക്രമണ സ്ഥാനങ്ങള്‍ കണ്ടെത്താനും വിസ സംഘടിപ്പിച്ച് നല്‍കിയതിം റാണയുടെ സ്ഥാപനമാണ്. റാണ 2009ല്‍ ഷിക്കാഗോയില്‍ അറസ്റ്റിലായി. ഇന്ത്യയുടെ വാദം അംഗീകരിച്ച് റാണയെ കൈമാറാന്‍ യുഎസ് 2023 ല്‍ തീരുമാനിച്ചു.ഇതിനെതിരെ യുഎസിലെ വിവിധ കോടതികളില്‍ റാണ നല്‍കിയ അപ്പീലുകള്‍ തള്ളി. റാണയെ ഇന്ത്യയ്ക്ക് വിട്ടു നല്‍കാന്‍ കഴിഞ്ഞ ജനുവരി 25ന് യുഎസ് സുപ്രീം കോടതി അനുമതി നല്‍കി.