/kalakaumudi/media/media_files/2025/04/11/I3oMdTaYVfsf3SlOST2h.jpg)
വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ പാക്ക് വംശജന്‍ തഹാവൂര്‍ റാണയെ (64) യുഎസില്‍നിന്ന് ഇന്ത്യയിലെത്തിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍, റാണയെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്ന ദൃശ്യങ്ങള്‍ പുറത്ത്. യുഎസ് ജസ്റ്റിസ് ഡിപാര്‍ട്‌മെന്റാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഏപ്രില്‍ 9ന് മുന്‍കൂട്ടി തീരുമാനിച്ച സുരക്ഷിത മേഖലയില്‍വച്ച് യുഎസ് മാര്‍ഷല്‍സ് ഇന്ത്യയുടെ വിദേശകാര്യ ഉദ്യോഗസ്ഥര്‍ക്ക് റാണയെ കൈമാറുന്നതാണു ദൃശ്യത്തിലുള്ളത്.
നാടുകടത്തലുമായി ബന്ധപ്പെട്ട നിയമനടപടികള്‍ക്കായി ഫെബ്രുവരി മുതല്‍ യുഎസിലുണ്ടായിരുന്ന എന്‍ഐഎ സംഘത്തിന്റെ നേതൃത്വത്തില്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ്, ഇന്നലെ വൈകിട്ട് ആറരയോടെ റാണയെ ഡല്‍ഹി വിമാനത്താവളത്തിലെത്തിച്ചത്. തുടര്‍ന്ന് റാണയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്യുകയും 2 മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തു. രാത്രി പത്തരയോടെ പട്യാല ഹൗസ് കോടതിയിലെ പ്രത്യേക എന്‍ഐഎ ജഡ്ജി ചന്ദേര്‍ ജിത് സിങ്ങിനു മുന്നില്‍ ഹാജരാക്കിയ റാണയെ 18 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. തുടര്‍ന്ന് എന്‍ഐഎ ആസ്ഥാനത്തേക്കു കൊണ്ടുപോയി.
2008 നവംബര്‍ 26ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിലെ മുഖ്യപ്രതികളിലൊരാളായ, കനേഡിയന്‍ വ്യവസായിയായ റാണ ഭീകരവാദക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് 2009 മുതല്‍ യുഎസിലെ ലൊസാഞ്ചലസ് ജയിലിലായിരുന്നു. ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരെ റാണ നല്‍കിയ ഹര്‍ജി യുഎസ് സുപ്രീം കോടതി തള്ളിയതോടെയാണ് ഇവിടേക്കു കൊണ്ടുവരുന്നതിനുള്ള നിയമതടസ്സങ്ങള്‍ പൂര്‍ണമായി നീങ്ങിയത്.
മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ ആ വിധി അര്‍ഹിക്കുന്നെന്ന് റാണ പറഞ്ഞതായി യുഎസ് ജസ്റ്റിസ് ഡിപാര്‍ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രതിപാദിക്കുന്നു. ഈ ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരെ പ്രകീര്‍ത്തിക്കുന്നതിനൊപ്പം അവര്‍ക്ക് പാക്കിസ്ഥാന്റെ ഏറ്റവും വലിയ സൈനിക ബഹുമതിയായ നിഷാന്‍ഇ ഹൈദര്‍ നല്‍കണമെന്നും അഭിപ്രായപ്പെട്ടതായി പ്രസ്താവനയില്‍ പറയുന്നു.