/kalakaumudi/media/media_files/2025/11/13/afgan-2025-11-13-08-22-19.jpg)
കാബൂള്‍: പാക്കിസ്ഥാനുമായുള്ള വ്യാപാരബന്ധം പൂര്‍ണമായി അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍. ഇനി പാക്കിസ്ഥാനെ ആശ്രയിക്കേണ്ടെന്നും ചരക്കുനീക്കത്തിനും കച്ചവടത്തിനും ബദല്‍വഴി നോക്കണമെന്നും താലിബാന്‍ സര്‍ക്കാരിലെ സാമ്പത്തികകാര്യ ഉപപ്രധാനമന്ത്രി മുല്ലാ അബ്ദുല്‍ ഘനി ബറാദര്‍ വ്യാപാരികളോട് നിര്‍ദേശിച്ചു. അകാരണമായും അന്യായമായും പാക്കിസ്ഥാന്‍ അതിര്‍ത്തി അടച്ചിട്ടിരിക്കുകയാണെന്നും ചരക്കുനീക്കം മുടങ്ങിയതിനാല്‍ അഫ്ഗാനിസ്ഥാനിലെ വ്യാപാരികള്‍ പ്രതിമാസം 200 മില്യന്‍ ഡോളറിന്റെ (ഏകദേശം 1,800 കോടി രൂപ) നഷ്ടമാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരടിസ്ഥാനവുമില്ലാതെ, ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളാക്കുന്ന നീക്കങ്ങളാണ് പാക്കിസ്ഥാന്‍ നടത്തുന്നത്. അഫ്ഗാനിസ്ഥാന്റെ ക്ഷമ നശിച്ചു. കാര്‍ഷിക കയറ്റുമതി സീസണില്‍ പോലും പാക്കിസ്ഥാന്‍ അതിര്‍ത്തി അടച്ചിട്ടത് തിരിച്ചടിയായി. കയറ്റുമതിക്ക് അഫ്ഗാന്‍ വ്യാപാരികള്‍ പാക്കിസ്ഥാന്‍ തുറമുഖങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഇനി പാക്കിസ്ഥാനു പകരം ഇറാന്‍, തുര്‍ക്കി, ചൈന, മധ്യേഷ്യന്‍ രാജ്യങ്ങളായ താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നിവയെ സമീപിക്കാനും ഉപ പ്രധാനമന്ത്രി നിര്‍ദേശിച്ചു.
പാക്കിസ്ഥാനില്‍ നിന്നുള്ള മരുന്ന് ഇറക്കുമതി പൂര്‍ണമായും നിരോധിക്കുന്നതായും അദ്ദേഹം പറഞ്ഞു. മരുന്നുകള്‍ക്ക് ഇനി മറ്റു രാജ്യങ്ങളെ ആശ്രയിച്ചാല്‍ മതി. പാക്കിസ്ഥാനിലെ ഭീകരാക്രമണങ്ങള്‍ അഫ്ഗാന്റെ മണ്ണില്‍നിന്നാണ് നടക്കുന്നതെന്ന് കഴിഞ്ഞദിവസം ആരോപിച്ച പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, അഫ്ഗാനെ ആക്രമിക്കുമെന്നും സൂചിപ്പിച്ചിരുന്നു. ആരോപണങ്ങള്‍ തള്ളിയ താലിബാന്‍ പാക്കിസ്ഥാന്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അടുത്തിടെ കാബൂളില്‍ കടന്നുകയറി തെഹ്‌രീക് ഇ താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി) ക്യാംപുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു. താലിബാന്‍ ശക്തമായി തിരിച്ചടിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. പിന്നീട് സമാധാന ചര്‍ച്ച നടന്നെങ്കിലും പൊളിഞ്ഞു. നിലവില്‍ പ്രതിവര്‍ഷം 150 കോടി ഡ!!ോളറിന്റെ (13,300 കോടി രൂപ) ഉഭയകക്ഷി വ്യാപാരവുമായി അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിയാണ് പാക്കിസ്ഥാന്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
