/kalakaumudi/media/media_files/2026/01/10/taliban2-2026-01-10-14-23-18.jpg)
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസിയില്‍ താലിബാന് സ്ഥിരം പ്രതിനിധി വരുന്നു. ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസിയില്‍ താലിബാന്‍ നയതന്ത്ര പ്രതിനിധിയെ നിയമിക്കും. അഞ്ചുവര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ താലിബാന് സ്ഥിരം പ്രതിനിധി എത്തുന്നത്. അഫ്ഗാനിസ്ഥാനും താലിബാനും തമ്മിലുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്.
ഇന്ത്യ-താലിബാന്‍ ബന്ധം ശക്തമാകുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത് എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. താലിബാന്റെ വിദേശകാര്യ മന്ത്രാലയത്തിലുള്ള ഉന്നത ഉദ്യോഗസ്ഥനായ മുഫ്തി നൂര്‍ അഹമ്മദ് നൂര്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഇന്നോ, വരും ദിവസങ്ങളിലോ തന്നെ അദ്ദേഹം താലിബാന്‍ ഭരണകൂടത്തിന്റെ സ്ഥിരം പ്രതിനിധിയായി ചുമതലയേല്‍ക്കും എന്ന് വിദേശകാര്യ മന്ത്രാലയത്തിലെ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അതേസമയം, ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസിയില്‍ പഴയ ജീവനക്കാര്‍ തന്നെ തുടരുമെന്നും അവിടെ അഫ്ഗാന്റെ പതാക നിലനിര്‍ത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2020-ഓടെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ, ഇന്ത്യയിലെ എംബസിയുടെ പ്രവര്‍ത്തനം പതിയെ അവസാനിപ്പിക്കുകയായിരുന്നു. സാമ്പത്തികഞെരുക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി.
അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഡല്‍ഹിയില്‍ അഫ്ഗാനിസ്ഥാന്റെ എംബസി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇത് ഇന്ത്യയും താലിബാനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ ദൃഢവും ഊഷ്മളവുമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
