/kalakaumudi/media/media_files/2024/10/17/JBOtUV76AOKI3D2pCX2Z.jpg)
നൈജീരിയ: നൈജീരിയയിൽ ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 94 പേർ മരിച്ചു. വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ പുലർച്ചെയായിരുന്നു സംഭവം. 50 ഓളം പേർക്ക് പരിക്കേറ്റിട്ടുള്ളതായാണ് വിവരം. തലകീഴായി മറിഞ്ഞ ടാങ്കറിൽ നിന്നും ഇന്ധനം ശേഖരിക്കാൻ നിരവധി പേർ എത്തിയിരുന്നു. എന്നാൽ ഇതിനിടെ ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
കനോയിൽ നിന്നും യൊബെയിലെ ൻ​ഗുരുവിലേക്ക് പോകുകയായിരുന്നു ടാങ്കർ. മജിയ പട്ടണത്തിൽ വെച്ച് ട്രക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് ടാങ്കർ മറിഞ്ഞതെന്നാണ് നി​ഗമനം. സംഭവമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയതാണ് മരണനിരക്ക് കുത്തനെ ഉയരാൻ കാരണമായത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അപകടത്തെ കുറിച്ചറിഞ്ഞ് പ്രദേശവാസികളായ നിരവധി പേർ സംഭവസ്ഥലത്തേക്ക്എത്തിയിരുന്നു. ടാങ്കറിൽ നിന്നും ഇന്ധനം ശേഖരിക്കാനും ആളുകളെത്തിയിരുന്നു, ഇതിനിടെയാണ് ടാങ്കർ പൊട്ടിത്തെറിക്കുന്നതെന്നും നിരവധി പേർ തത്ക്ഷണം മരിച്ചതായും പൊലീസ് വക്താവ് ലവാൻ ശിസു ആദം പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്തു.
ടാങ്കറിന് അടുത്തേക്ക് പോകരുതെന്ന നിർദ്ദേശം ജനങ്ങൾക്ക് നൽകിയിരുന്നുവെന്നും എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്നും പൊലീസ് പറഞ്ഞു. പലരേയും തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യത്തിൽ മരണപ്പെട്ടവരെ കൂട്ടമായി സംസ്കരിക്കാനാണ് തീരുമാനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
