ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ഇന്ത്യയെ പ്രതിനിധീകരിച്ച് സ്പീക്കര്‍ ഓം ബിര്‍ല പങ്കെടുക്കും

ഇന്ന് താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർല, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ് തുടങ്ങിയവരുമാണ് പങ്കെടുക്കുന്നത്

author-image
Devina
New Update
oom

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി അധ്യക്ഷൻ താരിഖ് റഹ്മാൻ ഇന്ന് വൈകുന്നേരം നാലിന് സത്യപ്രതിജ്ഞ ചെയ്യും. ബംഗഭവനു പകരം പാർലമെന്റ് സമുച്ചയത്തിലെ സൗത്ത് പ്ലാസയിൽ നടക്കുന്ന ചടങ്ങിൽ താരിഖ് റഹ്മാനും മന്ത്രിസഭാംഗങ്ങൾക്കും പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സത്യവാചകം ചൊല്ലിക്കൊടുക്കും.

ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി പദവിയിൽ നിന്നും പുറത്താക്കിയ ശേഷം നിലവിൽ വന്ന ഇടക്കാല സർക്കാരിൽ മുഖ്യ ഉപദേഷ്ടാവായിരുന്ന മുഹമ്മദ് യൂനുസ് ഇന്നലെ ഓഫീസ് ഒഴിഞ്ഞു. സേനാ മേധാവി ജനറൽ വാക്കർ ഉസ്മാനും യൂനസിന്റെ യാത്രയയപ്പ് ചടങ്ങിനെത്തി. ഉദ്യോഗസ്ഥരടക്കം എല്ലാ ജീവനക്കാർക്കും യൂനുസ് നന്ദി പറഞ്ഞു.

ജമാ അത്തെ ഇസ്ലാമി പാർട്ടി അധ്യക്ഷൻ ഷഫീഖൂർ റഹ്മാനെയും നാഷനലിസ്റ്റ് സിറ്റിസൺ പാർട്ടി കൺവീനർ നഹീദ് ഇസ്ലാമിനെയും താരീഖ് റഹ്മാൻ അവരുടെ വീടുകളിൽ സന്ദർശിച്ചു.297ൽ 209 സീറ്റുകളിലാണ് ബിഎൻപി ജയിച്ചത്. വിജയിച്ച ബിഎൻപി നേതാക്കളായ ഗോയേശ്വർ ചന്ദ്ര റോയ്, നിതായ് റോയ് ചൗധരി, സചിങ് പ്രൂ,ദീപേൻ ദേവൻ എന്നിവർ ന്യൂനപക്ഷ വിഭാഗക്കാരാണ്. റോയിയും ചധരിയും ഹിന്ദുക്കൾ. മറ്റുരണ്ടുപേരും ബുദ്ധമത വിശ്വാസികളാണ്.

ഇന്ന് താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർല, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ് തുടങ്ങിയവരുമാണ് പങ്കെടുക്കുന്നത്.