/kalakaumudi/media/media_files/2025/12/25/tharik-2025-12-25-06-56-03.jpg)
ധാക്ക: നീണ്ട 17 വര്‍ഷത്തെ വിദേശവാസം അവസാനിപ്പിച്ച് താരിഖ് റഹ്മാന്‍ നാടണയുമ്പോള്‍ ബംഗ്ലദേശ് അശാന്തമാണ്. രാജ്യത്തെ അതിനിര്‍ണായക രാഷ്ട്രീയനിമിഷം എന്ന് ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി ഈ വരവിനെ വാഴ്ത്തുമ്പോള്‍, താരിഖിന്റെ അമ്മയും പാര്‍ട്ടി അധ്യക്ഷയുമായ മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നു.
പിതാവും ബംഗ്ലദേശ് മുന്‍ പ്രസിഡന്റുമായ സിയാവുര്‍ റഹ്മാന്‍ സ്ഥാപിച്ച ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) യുടെ ആക്ടിങ് ചെയര്‍മാനായ താരിഖ് (60) നാട്ടിലെത്തുന്നതു പ്രമാണിച്ച് അതീവസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രഹസ്യമായും പരസ്യമായും സാധ്യമായ എല്ലാ സുരക്ഷാനടപടികളും സ്വീകരിച്ചതായി ധാക്ക മെട്രോപ്പൊലിറ്റന്‍ പൊലീസിലെ ഡിറ്റക്ടീവ് ബ്രാഞ്ച് മേധാവി നസറുല്‍ ഇസ്ലാം അറിയിച്ചു. താരിഖ് വന്നിറങ്ങുന്ന ഹസ്രത് ഷാ ജലാല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ വൈകുന്നേരം മുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആള്‍ക്കൂട്ടം ഒഴിവാക്കാനാണിത്. ബംഗ്ലദേശ് പ്രസിഡന്റായിരിക്കെ 1981ല്‍ സിയാവുര്‍ റഹ്മാന്‍ കൊല്ലപ്പെടുകയായിരുന്നു.
ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദവിയില്‍നിന്നു പുറത്താക്കപ്പെട്ടതിനു ശേഷം ബംഗ്ലദേശില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ കാലാവസ്ഥയില്‍ ബിഎന്‍പി മുഖ്യ പാര്‍ട്ടിയായി മാറുമ്പോഴാണ് താരിഖിന്റെ തിരിച്ചുവരവ്. ഫെബ്രുവരിയിലേക്കു നിശ്ചയിച്ചിട്ടുള്ള പൊതുതിരഞ്ഞെടുപ്പില്‍ ഇദ്ദേഹം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്നും കരുതുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
