മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷം. ഒപ്പം ലോകത്തിന്റെ ശ്രദ്ധ വീണ്ടും ഇറാനിലേക്ക് തിരിയുന്നു. കാരണം മിഡില്‍ ഈസ്റ്റിലെ ഹൂതികള്‍, ഹിസ്ബുളള ഉള്‍പ്പെടെയുളള സായുധ ഗ്രൂപ്പുകളുടെ മെന്റര്‍ ഇറാനാണ്. ഇടയ്ക്ക് ഇസ്രയേലുമായി ഒന്നു ഉരസിയെങ്കിലും അത് യുദ്ധത്തിലേക്ക് നീങ്ങിയില്ല.
യുഎസിനും ഇസ്രയേലിനും എതിരെ ആക്രമണ നീക്കവുമായി ഇറാന്‍ മുന്നോട്ടുപോകുകയാണോ? മിഡില്‍ ഈസ്റ്റില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന അതാണ്.
ഗള്‍ഫ് മേഖലയിലെ തന്ത്രപ്രധാന ദ്വീപുകളിലേക്കും ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നും ഇറാന്‍ കരുത്തുറ്റ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇറാന്റെ പുതിയ ശക്തിപ്രകടനം ഗള്‍ഫ് മേഖലയില്‍ അമേരിക്കക്കും അവരുടെ സഖ്യകക്ഷികള്‍ക്കും വലിയ ഭീഷണിയാണെന്നാണ് വിലയിരുത്തല്‍.
ഗള്‍ഫിലെ മൂന്ന് തന്ത്രപ്രധാന ദ്വീപുകളിലാണ് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകള്‍ പുതിയ വ്യോമ, തീരദേശ പ്രതിരോധ മിസൈല്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ നിര്‍ണായകമായ കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കിനടുത്തുള്ള ഗ്രേറ്റര്‍ തുന്‍ബ്, ലെസ്സര്‍ തുന്‍ബ്, അബു മൂസ എന്നിവിടങ്ങളിലാണ് ആയുധങ്ങള്‍ വിന്യസിച്ചിരിക്കുന്നത്.
600 കിലോമീറ്റര്‍ വരെയുള്ള 'ശത്രു താവളങ്ങള്‍, കപ്പലുകള്‍, ആസ്തികള്‍' എന്നിവയെ ഇതിലൂടെ ലക്ഷ്യമിടാന്‍ ഇറാന് കഴിയും. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് നേവി കമാന്‍ഡര്‍ അലിറേസ തങ്‌സിരി ഇറാനിയന്‍ ആണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ എന്തൊക്കെ പ്രതിരോധ സംവിധാനങ്ങളാണ് ഇവിടെ വിന്യസിച്ചിരിക്കുന്നതെന്ന് തങ്‌സിരി വ്യക്തമാക്കിയിട്ടില്ല. ഗാര്‍ഡുകള്‍ അടുത്തിടെ ഈ പ്രദേശത്ത് സൈനികാഭ്യാസങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇറാന്റെ വടക്കന്‍ തീരപ്രദേശം മുതല്‍ തെക്ക് ഗള്‍ഫ് രാജ്യങ്ങള്‍ വരെ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ സായുധ വിന്യാസത്തിലായിക്കഴിഞ്ഞു. ഇതോടെ തങ്ങളുടെ ദ്വീപ് ശക്തികേന്ദ്രങ്ങളില്‍ നിന്ന് എമിറേറ്റ്‌സിലെ അമേരിക്കന്‍ ഗാരിസണ്‍ അല്‍ ദഫ്ര വ്യോമതാവളത്തെ ലക്ഷ്യമിടാന്‍ ഇറാന് എളുപ്പത്തില്‍ സാധിക്കുന്നു. കൂടാതെ ശത്രുക്കളുടെ ആക്രമണമുണ്ടായാല്‍ ബഹ്‌റൈന്‍, ഖത്തര്‍, കുവൈറ്റ് എന്നിവിടങ്ങളിലെ താവളങ്ങളില്‍ നിന്ന് പറക്കുന്ന അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ഹോര്‍മുസ് കടലിടുക്കിലേക്ക് അടുക്കുന്നത് തടയാനും ഇറാന് കഴിയും.
മേഖലയില്‍ റഷ്യന്‍ നിര്‍മിതമായ എസ്-300പിഎംയു-2 എന്ന അത്യാധുനിക വ്യോമ പ്രതിരോധ മിസൈലുള്‍പ്പടെ ഇറാന്‍ വിന്യസിച്ചിട്ടുണ്ട്. ഈ മിസൈല്‍ 200 കിലോമീറ്റര്‍ ദൂരം വരെ ലക്ഷ്യത്തില്‍ ശത്രുവിനെ തകര്‍ക്കാന്‍ കഴിയും. ഇതിന് പുറമേ ഇറാന്‍ സ്വന്തമായി നിര്‍മ്മിച്ച ബാവര്‍-373-രണ്ട് എന്ന വ്യോമ പ്രതിരോധ സംവിധാനവും വിന്യസിച്ചിരിക്കുന്നു. ഇത് 300 കിലോമീറ്റര്‍ ദൂരപരിധിയുള്ളതും ഒരേസമയം നിരവധി ലക്ഷ്യങ്ങളെ ആക്രമിക്കാനും ശേഷിയുള്ളതാണ്.
ഇറാന്റെ പ്രതിരോധ ശക്തി ഇതിലൊതുങ്ങുന്നില്ല. എസ്എ-5 ഗാമണ്‍ എന്ന ലെഗസിഎസ്-200വിഇ, ഖോര്‍ദാദ്-15, ഖോര്‍ദാദ്-3 എന്നീ ഉപരിതല-വായു മിസൈലുകളും ഈ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
ബാവര്‍-373-രണ്ടിന് ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാനും അവയെ ആക്രമിക്കാനും കഴിയും. യുദ്ധവിമാനങ്ങള്‍, ബോംബറുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധതരം വ്യോമ ഭീഷണികളെ പ്രതിരോധിക്കുന്നതിനാണ് ഈ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഇറാന്‍ വ്യോമ പ്രതിരോധത്തിനൊപ്പം സമുദ്ര പ്രതിരോധവും ശക്തിപ്പെടുത്തുകയാണ്. അതിന്റെ ഭാഗമായി, അബു മഹ്ദി ക്രൂയിസ് മിസൈല്‍, ഖലീജ് ഫാര്‍സ് കപ്പല്‍വേധ മിസൈല്‍, ഖാദര്‍ ക്രൂയിസ് മിസൈല്‍ തുടങ്ങിയവ വിന്യസിച്ചിരിക്കുന്നു. അബു മഹ്ദി മിസൈലിന് 1,000 കിലോമീറ്റര്‍ ദൂരപരിധിയുണ്ട്. അതിനാല്‍, ഇറാന്‍ തന്റെ അതിര്‍ത്തിക്കുള്ളില്‍ നിന്ന് തന്നെ ശത്രുക്കളുടെ കപ്പലുകള്‍ തകര്‍ക്കാന്‍ കഴിയും. ഖലീജ് ഫാര്‍സ് മിസൈല്‍ സൂപ്പര്‍സോണിക് വേഗതയില്‍ ലക്ഷ്യത്തെ തകര്‍ക്കാന്‍ കഴിവുള്ളതാണ്. ഇതൊക്കെ ഹോര്‍മുസ് കടലിടുക്കിലെ നാവിക നിയന്ത്രണം ഇറാന്റെ കയ്യിലെത്തിച്ചേക്കാമെന്ന ആശങ്കയാണുയര്‍ത്തുന്നത്.
ഇറാന്റെ ഈ സൈനിക നീക്കങ്ങള്‍ അമേരിക്കക്കും അതിന്റെ സഖ്യകക്ഷികള്‍ക്കുമൊരു വലിയ വെല്ലുവിളിയായി മാറുകയാണ്. ഗള്‍ഫിലെ പ്രധാന അമേരിക്കന്‍ വ്യോമതാവളങ്ങളായ യുഎഇയിലെ ദഫ്ര , ഖത്തറിലെ അല്‍ ഉദൈദ്, ബഹ്‌റൈന്‍ നാവിക താവളം എന്നിവയെ ഇപ്പോള്‍ ഇറാന്‍ നേരിട്ട് നിരീക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് വഴി അമേരിക്കന്‍ കപ്പലുകള്‍ കടന്നുപോകുന്നത് ഇനി അത്ര എളുപ്പമാകില്ല.
അമേരിക്ക ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നത് ഇപ്പോള്‍ വലിയ ചോദ്യമാണ്. ഇറാന്‍ സജീവമായി ഗള്‍ഫ് മേഖലയിലെ അവരുടെ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതോടെ, മേഖലയില്‍ സൈനിക സംഘര്‍ഷ സാധ്യത വര്‍ധിക്കാന്‍ ഇടയുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി അമേരിക്കയുടെ ഭീഷണികള്‍ വെറുതെയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പുതിയ സൈനിക നീക്കങ്ങള്‍.