/kalakaumudi/media/media_files/8Dva1rRF40dnrktWwRJS.jpg)
hormuz
മസ്‌കറ്റ്:ദമാസ്‌കസിലെ ഇറാനിയന്‍ എംബസിയിലേക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പന്നാലെ ഇസ്രയേല്‍- പലസ്തീന്‍ യുദ്ധം മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുകയാണ്. ആക്രമണത്തില്‍ ദമാസ്‌കസിലെ ഒരു ഇറാനിയന്‍ നയതന്ത്ര കെട്ടിടം ഇടിച്ചുനിരത്തുകയും രണ്ട് ജനറല്‍മാര്‍ ഉള്‍പ്പെടെ ഏഴ് മുതിര്‍ന്ന റവല്യൂഷണറി ഗാര്‍ഡുകള്‍ കൊല്ലപ്പെടുകയും ചെയ്തതാണ് മധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷത്തിന്റെ ആസന്നമായ കാരണം.
ദമാസ്‌കസ് ആക്രമണത്തിന് പിന്നാലെ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രതിജ്ഞയെടുത്തു. എന്തുവന്നാലും ഇസ്രയേലിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു. 48 മണിക്കൂറിനുള്ളില്‍ ഇറാന്‍ ഇസ്രയേലിനെതിരെ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഹോര്‍മുസ് കടലിടുക്കിനടുത്ത് വച്ച് ഇസ്രയേല്‍ കപ്പലായ എം എസ് സി ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്‌സ് പിടിച്ചെടുത്തത്. വേണ്ടി വന്നാല്‍ ഹോര്‍മുസ് കടലിടുക്ക് പാത അടയ്ക്കുമെന്ന് ഇറാന്‍ സൈന്യത്തിന്റെ നാവിക സേനാ മേധാവി അലി റസാ തങ്‌സിരി ഭീഷണിമുഴക്കുകയും ചെയ്തിരുന്നു.
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ സൈന്യത്തിന് ഉപരോധിക്കാന്‍ സാധിക്കുന്ന പ്രദേശമാണ്. ഈ കടലിടുക്കിന്റെ വടക്കന്‍ തീരത്ത് ഇറാനും തെക്കന്‍ തീരത്ത് ഐക്യ അറബ് എമിറേറ്റും ഒമാന്റെ ഭാഗമായ മുസന്ധവുമാണ്. ലോകത്തെ സമുദ്ര ചരക്കുപാതയില്‍ പ്രധാനപ്പെട്ടതാണ് ഹോര്‍മുസ് കടലിടുക്ക്. ഈ പാത തടഞ്ഞാല്‍ ലോകത്തെ ചരക്ക് ഗതാഗതത്തിന്റെ വലിയൊര് തോത് നിലയ്ക്കുകയും ചെയ്യും. നേരത്തെ ചെങ്കടല്‍ പാത യമനിലെ ഹൂതികള്‍ ഉപരോധിച്ചിരുന്നു. ഇസ്രയേലിലേക്ക് പോകുന്നതും വരുന്നതുമായ കപ്പലുകള്‍ ഇവര്‍ ആക്രമിച്ചതോടെ ഇസ്രയേല്‍ പ്രതിസന്ധി നേരിട്ടിരുന്നു. എന്നാല്‍ ഹോര്‍മുസ് കടലിടുക്ക് തടഞ്ഞാല്‍ അറബ് രാജ്യങ്ങള്‍ ഉള്‍പ്പടെ പ്രതിസന്ധി നേരിടും. ഏഷ്യയിലേക്കുള്ള ചരക്ക് കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് വഴിയാണ് പോകുന്നത്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ചെക്ക് പോയിന്റായാണ് ഈ കടലിടുക്കിനെ കണക്കാക്കുന്നത്. യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ പ്രകാരം 2022ല്‍ പ്രതിദിനം ശരാശരി 21 മില്യണ്‍ ബാരല്‍ എണ്ണയാണ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നത്. ആഗോള പെട്രോളിയം വ്യാപാരത്തിന്റെ 21 ശതമാനമാണിത്. ഹോര്‍മുസ് കടലിടുക്കിനെ മറികടക്കുന്നതിനായുള്ള പൈപ്പുകള്‍ സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും മാത്രമാണുള്ളത്. ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് നിര്‍ണായകമാണെന്നുള്ളതാണ് വാസ്തവം.
ഹോര്‍മൂസ് കടലിടുക്കിന്റെ വീതി 54 കിലോ മീറ്റര്‍ ആണ്. പേര്‍ഷ്യന്‍ ഗള്‍ഫിലുള്ള പെട്രോളിയം കയറ്റുമതി രാജ്യങ്ങള്‍ക്ക് സമുദ്രത്തിലേക്ക് വഴിതുറക്കുന്ന ഏക കടല്‍മാര്‍ഗ്ഗമാണിത്. ലോകത്തിലെ ദ്രവീകൃത പ്രകൃതി വാതകത്തിന്റെ മൂന്നിലൊന്ന് ഭാഗവും മൊത്തം ആഗോള എണ്ണ ഉപഭോഗത്തിന്റെ ഏതാണ്ട് 25 ശതമാനവും ഹോര്‍മുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. അന്താരാഷ്ട്ര വ്യാപാരത്തിന് വളരെ പ്രധാനപ്പെട്ട തന്ത്രപ്രധാനമായ സ്ഥലമായാണ് കടലിടുക്കിനെ കണക്കാക്കുന്നത്.
അമേരിക്കന്‍ ഐക്യനാടുകളുടെ എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്‍ കണക്ക് പ്രകാരം ശരാശരി 15 ടാങ്കറുകള്‍ 16.5 മുതല്‍ 17 വരെ മില്യന്‍ ബാരല്‍ അസംസ്‌കൃത എണ്ണ ഓരോദിവസവും ഈ പാതയിലൂടെ കൊണ്ടു പോകുന്നുണ്ട്. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കടലിടുക്കായി ഹോര്‍മൂസിനെ കണക്കാക്കുന്നതിന് പിന്നിലെ കാരണം ഇതാണ്. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന യുഎസ് നാവികസേന ഉള്‍പ്പെടെയുള്ള സമുദ്ര ഗതാഗതം ഇറാനിയന്‍ നാവികസേനയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഹോര്‍മൂസ് കടലിടുക്കിന് മേല്‍ ഇറാന് ചെലുത്താന്‍ കഴിയുന്ന സവിശേഷ സ്വാധീനം വളരെ പ്രധാനമാണ്. സംഘര്‍ഷ മുനമ്പായി ഹോര്‍മൂസ് കടലിടുക്ക് മാറിയാല്‍ അത് ലോകത്തെ എണ്ണവ്യാപാരത്തെയും അതുവഴി ലോക സമ്പദ്ഘടനയെയും ഏതുനിലയില്‍ ബാധിക്കുമെന്നുറപ്പാണ്.