കറാച്ചി: പാക്കിസ്ഥാനിലെ ബലുചിസ്ഥാനിൽ ആയുധധാരികൾ നടത്തിയ രണ്ടു വ്യത്യസ്ത ആക്രമണങ്ങളിൽ 33 പേർ ദാരുണമായി കൊല്ലപ്പെട്ടു. മുസാഖേൽ ജില്ലയിലുണ്ടായ ആക്രമണത്തിൽ പഞ്ചാബ് പ്രവിശ്യയിൽനിന്നുള്ള 23 പേരാണു കൊല്ലപ്പെട്ടത്. ആയുധധാരികൾ ഇവരെ ബസിൽനിന്നു പിടിച്ചിറക്കി തിരിച്ചറിയൽരേഖ പരിശോധിച്ചാണു കൊലപ്പെടുത്തിയത്. ഇവരിൽ പലരും തെക്കൻ പഞ്ചാബിൽ നിന്നുള്ളവരാണ്. ഖൈബർ പഖ്തുഖ്വയിൽനിന്നുള്ള ചിലരും കൊല്ലപ്പെട്ടു.
നാലു പൊലീസുകാർ ഉൾപ്പെടെ ഖലാത് ജില്ലയിലുണ്ടായ ആക്രമണത്തിൽ 10 പേരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 24ന് രാത്രിയിലാണ് ബലുചിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം ഉണ്ടായതെന്ന് സുരക്ഷാ സേനയെ ഉദ്ധരിച്ച് പാക്ക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. മുസാഖേലിലെ ദേശീയപാതയിൽ 12 വാഹനങ്ങൾ ഭീകരർ അഗ്നിക്കിരയാക്കുകയും ചെയ്തു. മറ്റൊരു ആക്രമണത്തിൽ ബോലാനിലെ ഡോസാൻ മേഖലയിൽ റെയിൽവേ പാലം തകർന്നു.
പാമേഖലയിൽ ജോലി ചെയ്യുന്ന പഞ്ചാബികൾക്കും സിന്ധികൾക്കും നേർക്ക് ബലൂച് വിഘടനവാദികൾ ആക്രമണം കടുപ്പിക്കാറുണ്ട്. വിദേശ കമ്പനികൾക്കു നേരെയും ആക്രമണം ഉണ്ടാകാറുണ്ട്. പ്രവിശ്യയെ പരിഗണിക്കാതെ അവിടെനിന്നു ലഭിക്കുന്നത് മറ്റു നാട്ടുകാർ വേണ്ടി ഉപയോഗിക്കുന്നുവെന്നാണ് ഇവരുടെ പരാതി. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തു. പ്രസിഡന്റ് ആസിഫലി സർദാരിയും പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും ആക്രമണത്തെ അപലപിച്ചു.