/kalakaumudi/media/media_files/2025/07/09/flood-us-2025-07-09-10-59-29.png)
ടെക്സാസ്: ടെക്സസില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 109 ആയി ഉയര്‍ന്നു. 160 ലധികം പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് അറിയിച്ചു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെള്ളിയാഴ്ച ടെക്‌സസ് സന്ദര്‍ശിക്കും.
കനത്ത മഴയും ഇടിമിന്നിലും തുടരുന്നതിനാല്‍ പ്രദേശമാകെ ചളി നിറഞ്ഞിരിക്കുകയാണ്. ഇത് രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളി ആകുന്നുണ്ട്. ദുരന്തമുണ്ടായി നാല് ദിവസം കഴിഞ്ഞിട്ടും 160 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നത് മരണ സംഖ്യ ഉയര്‍ത്തുമെന്ന ആശങ്കയിലാണ് അധികൃതര്‍. ടെക്‌സസിലെ വേനല്‍ക്കാല ക്യാമ്പിലുണ്ടായിരുന്ന 27 പെണ്‍കുട്ടികളെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ഈ ക്യാമ്പിന്റെ ഡയറക്ടറും സഹ ഉടമയുമായ ജെയ്ന്‍ റാഗ്സ്ഡേല്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് ക്യാമ്പര്‍മാരെയും ഇത് വരെ കണ്ടെത്താനായിട്ടില്ല.നിരവധിപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ജൂലൈ നാലിന് വെള്ളിയാഴ്ച പുലര്‍ച്ചെ മണിക്കൂറുകള്‍ നീണ്ടുനിന്ന മഴയെത്തുടര്‍ന്നാണ് ടെക്‌സാസില്‍ പ്രളയക്കെടുതി ഉണ്ടായത്. മണിക്കൂറുകള്‍ക്കുള്ളില്‍ പെയ്തത് ഒരു മാസം ലഭിക്കുന്ന മഴയാണ്. അസാധാരണ മഴ നിരവധി മിന്നല്‍ പ്രളയങ്ങള്‍ക്കിടയാക്കിയതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഗ്വാഡലൂപ്പ് നദി കരകവിഞ്ഞൊഴുകിയ കെര്‍ കൗണ്ടിയില്‍ 87 പേരാണ് മരിച്ചത്. 56 മുതിര്‍ന്നവരും 31 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 19 മുതിര്‍ന്നവരെയും ഏഴ് കുട്ടികളെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
