മരിച്ചെന്ന് കരുതിയ വയോധികയ്ക്ക് സംസ്‌കാരത്തിന് മുമ്പ് പുനര്‍ജന്മം

ബാങ്കോക്കിലെ നോന്താബുരി പ്രവിശ്യയിലെ വാട്ട് റാറ്റ് പ്രകോങ് താം എന്ന ബുദ്ധക്ഷേത്രത്തിലാണ് സംഭവം.ഏകദേശം രണ്ട് വര്‍ഷമായി കിടപ്പിലായിരുന്നു വയോധിക

author-image
Biju
New Update
thai

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ മരിച്ചെന്ന് കരുതി സംസ്‌കാരം നടത്തുന്നതിനായി ബുദ്ധക്ഷേത്രത്തിലെത്തിച്ച വയോധികയുടെ ശവപ്പെട്ടിക്കുള്ളില്‍ നിന്നും തട്ടുന്ന ശബ്ദം. ക്ഷേത്രം അധികൃതര്‍ പെട്ടി പരിശോധിച്ചപ്പോള്‍ കൈകളും തലയും ചെറുതായി ചലിപ്പിക്കാന്‍ ശ്രമിക്കുന്ന സ്ത്രീയെ കണ്ടതോടെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബാങ്കോക്കിലെ നോന്താബുരി പ്രവിശ്യയിലെ വാട്ട് റാറ്റ് പ്രകോങ് താം എന്ന ബുദ്ധക്ഷേത്രത്തിലാണ് സംഭവം.ഏകദേശം രണ്ട് വര്‍ഷമായി കിടപ്പിലായിരുന്നു വയോധിക. അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഇവര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് പ്രതികരിക്കാതിരിക്കുകയും രണ്ട് ദിവസം മുമ്പ് ശ്വാസമെടുക്കുന്നത് നിലച്ചതായി തോന്നുകയും ചെയ്തതോടെ വയോധിക മരിച്ചന്ന് കരുതി. ഇവരുടെ അന്ത്യാഭിലാഷം പൂര്‍ത്തിയാക്കുന്നതിനായി ഇവരുടെ നേത്രദാനത്തിനായി സഹോദരന്‍ 500 കിലോമീറ്റര്‍ അകലെയുള്ള ബാങ്കോക്കിലെ ഒരു ആശുപത്രിയിലെത്തിച്ചു.

എന്നാല്‍ ഔദ്യോഗിക മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ ആവശ്യം നിരസിച്ചു. തുടര്‍ന്നാണ് സൗജന്യമായി ശവസംസ്‌കാരം നടത്താറുള്ള ക്ഷേത്രത്തില്‍ എത്തിയത്. ആവശ്യമായ രേഖ ഇല്ലാത്തതിനാല്‍ അതും നിരസിക്കപ്പെട്ടു. മരണ സര്‍ട്ടിഫിക്കറ്റ് എങ്ങനെ നേടാമെന്ന് വിശദീകരിക്കുന്നതിനിടയിലാണ് പെട്ടിക്കുള്ളില്‍ നിന്ന് മുട്ടല്‍ കേട്ടതെന്ന് ക്ഷേത്ര മാനേജര്‍ പറഞ്ഞു. തുടര്‍ന്ന് അവര്‍ സ്ത്രീയെ പരിശോധിക്കുകയും അടുത്തുള്ള ആശുപത്രിയിലേക്ക് അയയ്ക്കുകയും ചെയ്തു. ഇനിയുള്ള അവരുടെ ചികിത്സാ ചെലവുകള്‍ ക്ഷേത്രം വഹിക്കുമെന്ന് മഠാധിപതി അറിയിച്ചു.