/kalakaumudi/media/media_files/2025/07/28/mala-2025-07-28-18-35-06.jpg)
ക്വാലാലംപൂര്‍: അതിര്‍ത്തി സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി തായ്ലന്‍ഡും കംബോഡിയയും വെടിനിര്‍ത്തലിന് സമ്മതിച്ചതായി മലേഷ്യന്‍ നേതാവ് അന്‍വര്‍ ഇബ്രാഹിം പ്രഖ്യാപിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് അന്‍വര്‍ ഇബ്രാഹിം അറിയിച്ചു. മലേഷ്യയുടെ തലസ്ഥാനമായ പുത്രജയയില്‍ വെച്ച് തിങ്കളാഴ്ച നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ തായ്ലന്‍ഡ് ആക്ടിംഗ് പ്രധാനമന്ത്രി ഫുംതം വെച്ചായചായിയും കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റും പങ്കെടുത്തു. ഇരു രാജ്യങ്ങളുടെയും സൈനിക കമാന്‍ഡര്‍മാര്‍ തമ്മിലുള്ള കൂടിക്കാഴ്ച ചൊവ്വാഴ്ച നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ കരാര്‍ ''സംഘര്‍ഷം ലഘൂകരിക്കുന്നതിനും സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിനുമുള്ള സുപ്രധാനമായ ആദ്യപടിയാണ്'' എന്ന് അന്‍വര്‍ പറഞ്ഞു. ചര്‍ച്ചകളെയും വെടിനിര്‍ത്തലിനെയും പിന്തുണച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും ചൈനീസ് നേതൃത്വത്തിന്റെയും നിര്‍ണായക പങ്കിനെ കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റ് പ്രശംസിച്ചു.
അതേസമയം തായ്ലന്‍ഡ്-കംബോഡിയ അതിര്‍ത്തിയില്‍ നടന്നുവന്ന പോരാട്ടത്തില്‍ കുറഞ്ഞത് 35 പേരുടെ മരണത്തിനും 270,000-ത്തിലധികം ആളുകളുടെ പലായനത്തിനും കാരണമായിരുന്നു. ചര്‍ച്ചകള്‍ക്ക് തൊട്ടുമുമ്പും ഏറ്റുമുട്ടലുകള്‍ തുടര്‍ന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയും അതിര്‍ത്തിയില്‍ വെടിയൊച്ചകള്‍ കേട്ടതായി തായ് സൈനിക വക്താവ് അറിയിച്ചു. ഞായറാഴ്ച സിസാകെറ്റ് പ്രവിശ്യയില്‍ കംബോഡിയ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി തായ്ലന്‍ഡ് ആരോപിച്ചിരുന്നു. ഇരു രാജ്യങ്ങളും പരസ്പരം സൈനിക വിന്യാസവും ആയുധ പ്രയോഗവും ആരോപിച്ച് രംഗത്തുണ്ടായിരുന്നു.