തായ്ലന്‍ഡിന്റെ എഫ്-16 യുദ്ധവിമാനം ബോംബിട്ട് തകര്‍ത്തു; 12 പേര്‍ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വെടിവയ്പ്പ് ഉണ്ടാകുകയും ചെയ്തു. അതേസമയം, കംബോഡിയയുമായുള്ള അതിര്‍ത്തി അടച്ചതായി തായ്ലന്‍ഡും അറിയിച്ചു. അതിര്‍ത്തിയില്‍നിന്ന് ആയിരങ്ങളെ ഒഴിപ്പിക്കുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു

author-image
Biju
New Update
KAMBO

ബാങ്കോക്ക്:  തായ്ലന്‍ഡില്‍നിന്ന് കംബോഡിയയിലേക്ക് അതിര്‍ത്തി കടന്നെത്തിയ എഫ്-16 യുദ്ധവിമാനം ബോംബിട്ടു തകര്‍ത്തു. 12 പേര്‍ മരിച്ചെന്നാണ് പ്രാഥമിക വിവരം. ഇതില്‍ 11 പേരും സാധാരണ പൗരന്മാരാണ്. തായ്ലന്‍ഡിന്റെ ആറ് എഫ്16 വിമാനങ്ങള്‍ അതിര്‍ത്തി ഭേദിച്ചുവെന്നും ഇതിലൊന്നാണ് തകര്‍ത്തതെന്നും കംബോഡിയ വ്യക്തമാക്കി. സൈനിക ലക്ഷ്യമാണു തകര്‍ത്തതെന്ന് തായ്ലന്‍ഡും പറയുന്നു. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വെടിവയ്പ്പ് ഉണ്ടാകുകയും ചെയ്തു. അതേസമയം, കംബോഡിയയുമായുള്ള അതിര്‍ത്തി അടച്ചതായി തായ്ലന്‍ഡും അറിയിച്ചു. അതിര്‍ത്തിയില്‍നിന്ന് ആയിരങ്ങളെ ഒഴിപ്പിക്കുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. 

817 കി.മീ. നീളമുള്ള അതിര്‍ത്തിയാണ് തായ്ലന്‍ഡും കംബോഡിയയും തമ്മിലുള്ളത്. കംബോഡിയ ഫ്രാന്‍സിന്റെ നിയന്ത്രണത്തിലായിരുന്ന സമയത്ത് അവരാണ് ഈ അതിര്‍ത്തി നിര്‍ണയിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം ഉണ്ടായിരുന്നെങ്കിലും താ മൗന്‍ തോം, താ മുന്‍ തോം എന്നീ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയെചുറ്റിപ്പറ്റി ഇരുരാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിര്‍ത്തിയിലെ പല മേഖലകളെച്ചൊല്ലിയും ദീര്‍ഘനാളായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. കംബോഡിയയും തായ്ലന്‍ഡും ലാവോസും കൂടിച്ചേരുന്ന എമറാള്‍ഡ് ട്രയാംഗിള്‍ എന്ന പോയിന്റിനു സമീപമുണ്ടായ വെടിവയ്പ്പില്‍ കംബോഡിയന്‍ സൈനികന്‍ ഈ വര്‍ഷം മേയില്‍ കൊല്ലപ്പെട്ടതോടെ ഇപ്പോഴുണ്ടായ സംഘര്‍ഷത്തിലേക്കു നയിക്കുകയായിരുന്നു.

ഇതിനു മറുപടിയായി കംബോഡിയന്‍ അംബാസഡറെ തായ്ലന്‍ഡ് പുറത്താക്കി. അതിര്‍ത്തി കടന്നുപോകുന്ന പല വഴികളും അടയ്ക്കുകയും ചെയ്തു. തായ് ഉല്‍പന്നങ്ങള്‍ക്ക് (പഴങ്ങള്‍, പച്ചക്കറികള്‍, വൈദ്യുതി, ഇന്റര്‍നെറ്റ് സേവനങ്ങള്‍, സിനിമകള്‍) കംബോഡിയ നിരോധനം ഏര്‍പ്പെടുത്തി. അടുത്തിടെ ചില അതിര്‍ത്തികളില്‍ സൈനികര്‍ തമ്മില്‍ വെടിവയ്പ്പുണ്ടായിട്ടുണ്ട്. തര്‍ക്കത്തില്‍പ്പെട്ടുകിടക്കുന്ന മേഖലയില്‍ തുടര്‍ച്ചയായുണ്ടായ മൈന്‍ സ്‌ഫോടനത്തില്‍ തായ്ലന്‍ഡ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ തായ്ലന്‍ഡ് സൈനികനു കാല്‍ നഷ്ടമായിരുന്നു. എന്നാല്‍ തങ്ങളുടെ അധീനതയിലുള്ള പ്രീ വിഹാര്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശത്താണ് സ്‌ഫോടനം നടന്നതെന്നാണ് കംബോഡിയ പറയുന്നത്. 

അതിര്‍ത്തിയില്‍ പൂര്‍ണമായി അടയാളപ്പെടുത്താത്ത പല സ്ഥലങ്ങളുമുണ്ട്. ഇതും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ തര്‍ക്കങ്ങള്‍ക്കു വഴിയൊരുക്കുന്നു. അതിര്‍ത്തി തര്‍ക്കം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ രാഷ്ട്രീയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. നയതന്ത്രബന്ധം വഷളാവുകയും സാമ്പത്തിക - സാംസ്‌കാരിക ബന്ധങ്ങളില്‍ വിള്ളലുണ്ടാവുകയും ചെയ്തിട്ടുമുണ്ട്.

Thailand