/kalakaumudi/media/media_files/2026/01/10/natp-2026-01-10-10-17-20.jpg)
ധാക്ക: ബംഗ്ലാദേശിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ (ബിഎന്‍പി) ചെയര്‍മാനായി താരിഖ് റഹ്മാന്‍ ഔദ്യോഗികമായി ചുമതലയേറ്റു. ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാന്റെയും അടുത്തിടെ അന്തരിച്ച ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനായ താരിഖ് റഹ്മാന്‍ നീണ്ട കാലത്തെ രാഷ്ട്രീയ വനവാസത്തിനു ശേഷം ധാക്കയില്‍ തിരിച്ചെത്തിയാണ് പദവി ഏറ്റെടുത്തത്.
ബിഎന്‍പിയുടെ ഗുല്‍ഷന്‍ ഓഫീസില്‍ നടന്ന പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തതെന്ന് ബിഎന്‍പി സെക്രട്ടറി ജനറല്‍ മിര്‍സ ഫഖ്രുല്‍ ഇസ്ലാം ആലംഗീര്‍ പറഞ്ഞു. ഖാലിദ സിയയുടെ മരണത്തെത്തുടര്‍ന്ന് പാര്‍ട്ടി ചെയര്‍മാന്റെ ഉത്തരവാദിത്തം റഹ്മാനെ ഏല്‍പ്പിക്കാന്‍ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചിരുന്നു.
ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിന് ശേഷം ബംഗ്ലാദേശില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് താരിഖ് റഹ്മാന്റെ സ്ഥാനാരോഹണം. പാര്‍ട്ടിയെ നയിക്കാന്‍ അദ്ദേഹം നേരിട്ട് എത്തിയത് ബിഎന്‍പി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
60 കാരനായ താരിഖ് റഹ്മാന്‍ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു പ്രധാന സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നുവന്നിട്ടുണ്ട്. 2002 ല്‍ റഹ്മാന്‍ ബിഎന്‍പിയുടെ സീനിയര്‍ ജോയിന്റ് സെക്രട്ടറി ജനറലായും 2009 ല്‍ സീനിയര്‍ വൈസ് ചെയര്‍മാനായും നിയമിക്കപ്പെട്ടിരുന്നു.
ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്നാണ് താരിഖ് റഹ്മാന്‍ ലണ്ടനിലേക്ക് കടന്നത്. എന്നാല്‍ ഹസീനയുടെ രാജിയോടെ ഈ കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ശക്തമാവുകയും അദ്ദേഹം തിരിച്ചെത്തുകയുമായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
