/kalakaumudi/media/media_files/2026/02/20/pak-2026-02-20-18-44-32.jpg)
ഇസ്ലാമാബാദ്: കസ്റ്റഡിയിലുള്ള എട്ടു പാക്കിസ്ഥാന്‍ സൈനികരുടെ വിഡിയോ പുറത്തുവിട്ട് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). തിരിച്ചറിയല്‍ കാര്‍ഡുകള്‍ ക്യാമറയ്ക്ക് മുന്നില്‍ നിരത്തി, രക്ഷിക്കണമെന്ന് ഇവര്‍ പാക്കിസ്ഥാന്‍ അധികൃതരോട് അപേക്ഷിക്കുന്നതാണ് വിഡിയോയിലുള്ളത്. എന്തിനാണ് നിങ്ങള്‍ ഞങ്ങളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതെന്ന് ഒരു സൈനികന്‍ ചോദിക്കുന്നതും വിഡിയോയിലുണ്ട്. ബിഎല്‍എ ആര്‍മി സൈനികരല്ലെന്ന പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വാദത്തെ വിഡിയോയിലുള്ളവര്‍ ചോദ്യം ചെയ്യുന്നുണ്ട്.
സൈനികരെ വിട്ടയക്കണമെങ്കില്‍ പകരം പാക്കിസ്ഥാന്‍ ജയിലിലുള്ള ബലൂച് തടവുകാരെ മോചിപ്പിക്കണമെന്നാണ് ബിഎല്‍എയുടെ ആവശ്യം. ഇതിനായി ഫെബ്രുവരി 22 വരെ ഏഴ് ദിവസത്തെ സമയപരിധിയാണ് ഇവര്‍ നല്‍കിയിരിക്കുന്നത്. ചര്‍ച്ചകള്‍ നടന്നില്ലെങ്കില്‍ തടവിലാക്കിയവരെ വധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പാക്കിസ്ഥാന്‍ സൈനികരെ കാണാതായിട്ടില്ലെന്നും ആരും വിമതരുടെ കസ്റ്റഡിയിലില്ലെന്നുമാണ് സൈന്യത്തിന്റെ ഔദ്യോഗിക നിലപാട്. തടവുകാരുടെ കൈമാറ്റം എന്ന നിര്‍ദേശത്തെ പാക്കിസ്ഥാന്‍ തള്ളിക്കളഞ്ഞു. പാക്ക് സര്‍ക്കാരോ സൈന്യമോ പുതിയ വിഡിയോയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പിടികൂടിയ സൈനികരില്‍ 10 പേര്‍ ബലൂച് വംശജരും പ്രാദേശിക പൊലീസുമായി ബന്ധമുള്ളവരുമായതിനാല്‍ മുന്നറിയിപ്പ് നല്‍കി അവരെ വിട്ടയച്ചു. പ്രാദേശിക സാഹചര്യങ്ങളും ബലൂച് ജനതയുടെ താല്‍പര്യവും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് സംഘടന അറിയിച്ചു. ബാക്കിയുള്ളവര്‍ പാക്കിസ്ഥാന്‍ സൈന്യത്തിലെ സ്ഥിരം യൂണിറ്റുകളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്കെതിരെ ബലൂച് നാഷനല്‍ കോര്‍ട്ട് നടപടികള്‍ സ്വീകരിച്ചതായും സിവില്‍ ജനതയ്‌ക്കെതിരായ നീക്കങ്ങള്‍, ആളുകളെ കാണാതാകല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതായും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി പ്രസ്താവനയില്‍ പറഞ്ഞു.
ബലൂചിസ്ഥാനിലെ പാക്കിസ്ഥാന്‍ സാന്നിധ്യത്തെ അധിനിവേശമായാണ് ബിഎല്‍എ കണക്കാക്കുന്നത്. എന്നാല്‍ ബിഎല്‍എയെ ഒരു ഭീകര സംഘടനയായാണ് പാക്കിസ്ഥാന്‍ കാണുന്നത്. യുഎസും യുകെയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബിഎല്‍എയെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
