സിറിയയിൽ സംഘർഷാവസ്ഥ നീളുന്നു, മരണം ആയിരം കഴിഞ്ഞു

 ബഷാർ അൽ അസദിനെ അനുകൂലിക്കുന്നവരും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. 

author-image
Rajesh T L
New Update
usns

ഡമാസ്കസ് : സിറിയൻ പ്രസിഡന്റായിരുന്ന ബഷാർ അൽ അസദിനെ അനുകൂലിക്കുന്നവരും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ന്യൂനപക്ഷമായ അലവി വിഭാഗത്തിൽപെട്ടവരാണു കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടവരില്‍ 745 പേര്‍ സാധാരണക്കാരാണ്. ഇവരില്‍ ഭൂരിഭാഗവും തൊട്ടടുത്തുനിന്നുള്ള വെടിയേറ്റാണ് മരിച്ചത്. ഇവരെ കൂടാതെ 125 സുരക്ഷാസേനാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. അസദിനെ അനുകൂലിക്കുന്ന സായുധസംഘടനകളിലെ 148 പേര്‍ക്കും സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടമായി.

അസദ് ഭരണകൂടവുമായി ബന്ധം പുലർത്തിയിരുന്നവർക്കെതിരെ സുരക്ഷാസേന നീക്കം ശക്തമാക്കിയിരുന്നു. ലതാകിയയിലെ ജബ്‌ലെ നഗരത്തിൽ തുടങ്ങിയ സംഘർഷം മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. 

സൈനികനീക്കത്തെ പിന്തുണച്ച ഇടക്കാല പ്രസിഡന്റ് അഹമ്മദ് അശ്ശറാ നടപടികൾ കൈവിട്ടുപോകാൻ ആരെയും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. തീരദേശത്തുനിന്ന് അലവികളും ക്രൈസ്തവരും പലായനം ചെയ്യുന്നതായി പ്രദേശവാസികൾ മാധ്യമങ്ങളോടു പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ അസദിനെ പുറത്താക്കിയതിനു ശേഷമുള്ള ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാണിത്.

war syria fire damascus