/kalakaumudi/media/media_files/11sCn0RQ7hmHRFwFdg7R.jpg)
ടെല്‍ അവീവ്: ഹമാസിനെതിരെ ശക്തമായ ആക്രമണത്തിനൊരുങ്ങുന്ന ഇസ്രയേല്‍, വടക്കന്‍ ഗാസയിലെ പലസ്തീന്‍കാരോട് എത്രയും വേഗം ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കി. ഗാസാ യുദ്ധത്തിന് അവസാനം വേണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ ഉത്തരവ്. ഗാസ വിഷയം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ബന്ദികളെ തിരിച്ചുകൊണ്ടുവരണമെന്നും ട്രംപ് തന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ഇന്നു രാവിലെ കുറിച്ചിരുന്നു. ഗാസയിലെ വെടിനിര്‍ത്തലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ട്രംപിന്റെ നിര്‍ദേശം വന്നത്.
ഗാസയില്‍ ഇസ്രയേലിന്റെ നടപടികളെക്കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് ചര്‍ച്ച നടത്താനിരിക്കുകയാണ്. സൈനിക നടപടികള്‍ അതിന്റെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് സൈന്യം അദ്ദേഹത്തെ അറിയിക്കുമെന്നു ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല, നിലവിലെ മേഖലകള്‍ അല്ലാതെ പുതിയ സ്ഥലങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചാല്‍ അത് ബന്ദികളാക്കപ്പെട്ട ഇസ്രയേലികളുടെ ജീവനു ഭീഷണിയായേക്കാമെന്ന മുന്നറിയിപ്പും സൈന്യം നല്‍കുമെന്നാണു വിവരം. അതിനിടെയാണ് എക്‌സ് പ്ലാറ്റ്ഫോമിലൂടെയും ടെക്സ്റ്റ് മെസേജിലുടെയും സൈന്യം പലസ്തീന്‍കാരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയത്.
വടക്കന്‍ ഭാഗത്തുള്ളവര്‍ തെക്കോട്ടുപോയി ഖാന്‍ യൂനിസിലെ അല്‍ മവാസി മേഖലയിലേക്കു മാറണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഗാസയില്‍ എവിടെയും സുരക്ഷിത പ്രദേശം ഇല്ലെന്നാണ് പലസ്തീന്‍, ഐക്യരാഷ്ട്ര സംഘടന അധികൃതര്‍ പറയുന്നത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്നും എന്നാല്‍ എന്ത് കരാര്‍ ആണെങ്കിലും യുദ്ധം അവസാനിപ്പിച്ച് ഇസ്രയേല്‍ മേഖലയില്‍നിന്ന് പിന്‍വാങ്ങണമെന്നാണ് ആവശ്യമെന്നും ഹമാസ് പറയുന്നു. അതേസമയം, ഹമാസിന്റെ നിരായുധീകരണമാണ് ലക്ഷ്യമെന്നും അതു നേടിയാല്‍ യുദ്ധം അവസാനിപ്പിക്കാമെന്നും ഇസ്രയേലും നിലപാടെടുക്കുന്നു.
2023 ഒക്ടോബറിലെ ആക്രമണത്തില്‍ ഹമാസ് ബന്ദികളാക്കിയവരില്‍ ഇനി 20 പേരെ ജീവിച്ചിരിപ്പുള്ളൂവെന്നാണ് വിവരം. ഒക്ടോബറിലെ ആക്രമണത്തില്‍ 1,200 പേരെയാണ് ഹമാസ് കൊലപ്പെടുത്തിയതെന്നും 251 പേരെ ബന്ദികളാക്കിയെന്നും ഇസ്രയേല്‍ പറയുന്നു. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇതുവരെ 56,000ല്‍ അധികം പലസ്തീന്‍കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് ഗാസയുടെ ആരോഗ്യവിഭാഗവും അറിയിച്ചു.