വമ്പന്‍ തിരിച്ചടി; അമേരിക്കയുടെ 27 കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇറാന്‍

ഖമേനിയുടെ വധത്തിനുശേഷം ഇതുവരെ കാണാത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇറാഖ് എര്‍ബിലിലെ യുഎസ് സൈനിക താവളത്തിനുനേരെയും ആക്രമണം ഉണ്ടായി

author-image
Biju
New Update
air1

ടെഹ്‌റാന്‍: ഇസ്രയേല്‍, അമേരിക്ക സംയുക്ത ആക്രമണത്തിനുശേഷം ഇറാന്റെ ആദ്യഘട്ട തിരിച്ചടിക്ക് ശേഷം ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇറാന്‍. അമേരിക്കയുടെ വിവിധ രാജ്യങ്ങളിലെ സൈനിക താവളങ്ങളടക്കമുള്ള 27 കേന്ദ്രങ്ങളിലേക്കാണ് ഇറാന്‍ ആക്രമണം നടത്തിയത്. ഖമേനിയുടെ വധത്തിനുശേഷം ഇതുവരെ കാണാത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇറാഖ് എര്‍ബിലിലെ യുഎസ് സൈനിക താവളത്തിനുനേരെയും ആക്രമണം ഉണ്ടായി. 

ശക്തമായ തിരിച്ചടി നല്‍കാനാണ് ഇറാന്റെ ശ്രമം. അതേസമയം, ഇറാനെതിരായ ഇസ്രയേല്‍, അമേരിക്ക ആക്രമണവും തുടരുകയാണ്. വ്യോമാക്രമണത്തിലടക്കം ഇറാന് കനത്ത നാശനഷ്ടമുണ്ടായതായാണ് വിവരം. അതേസമയം, ഖമനെയിയെ വധിച്ചതില്‍ പ്രതിഷേധിച്ച് ടെഹ്‌റാനില്‍ വന്‍ പ്രതിഷേധ റാലി നടന്നു. സ്ത്രീകളടക്കം പങ്കെടുത്ത റാലിയാണ് നടന്നത്. മറ്റു രാജ്യങ്ങളിലും പ്രതിഷേധം നടന്നു. ഇന്ത്യയില്‍ കശ്മീരിലും ഖമനെയിയുടെ മരണത്തില്‍ പ്രതിഷേധ റാലി നടന്നു. ഖമനെയിയുടെ ചിത്രം കയ്യിലേന്തി കശ്മീരില്‍ പ്രതിഷേധം നടന്നു. ഖമനെയിയെ കൊലപ്പെടുത്തിയെങ്കിലും പശ്ചിമേഷ്യയില്‍ സമാധാനം കൈവരിക്കുന്നതുവരെ ആക്രമണം തുടരുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

അമേരിക്കന്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കുനേരെ ആക്രമണം തുടങ്ങിയ ഇറാന്‍ ഇന്നലെ രാത്രിയില്‍ അത് ജനവാസ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ദുബായ്, അബുദാബി, കുവൈറ്റ്, ബഹ്റൈന്‍ വിമാനത്താവളങ്ങള്‍ക്കു നേരെ ഇന്നലെ ഡ്രോണ്‍ ആക്രമണം ഉണ്ടായി. യുഎഇ, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് ഇറാന്‍ പ്രയോഗിച്ച നിരവധി മിസൈലുകള്‍ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു. ഗള്‍ഫ് മേഖല കടുത്ത ആശങ്കയിലാണ്. ആക്രമണം ജനജീവിതത്തെ ബാധിച്ചു തുടങ്ങി. ഇതിനിടെ, ഇസ്രായേലിലെ ടെല്‍ അവീവില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.