/kalakaumudi/media/media_files/2025/10/19/mus-2025-10-19-16-24-27.jpg)
പാരീസ്: ഫ്രാന്‍സിലെ പ്രശസ്തമായ ലൂവ്രെ മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച. ഞായറാഴ്ച രാവിലെ ആയിരുന്നു മൂന്നംഗ സംഘം മോഷണം നടത്തിയത്. ജനാലകള്‍ തകര്‍ത്ത് അകത്തു പ്രവേശിച്ച മോഷ്ടാക്കള്‍ ആഭരണങ്ങള്‍ ഉള്‍പ്പെടെ ഒമ്പതിനം അമൂല്യ വസ്തുക്കള്‍ കവര്‍ച്ച നടത്തി. സംഭവത്തിന് പിന്നാലെ ലൂവ്രെ മ്യൂസിയം അടച്ചു.
മ്യൂസിയത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മറയാക്കിയാണ് മോഷണം എന്നാണ് റിപ്പോര്‍ട്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മ്യൂസിയത്തോട് ചേര്‍ന്ന നിര്‍മ്മിച്ച ലിഫ്റ്റ് വഴിയാണ് മോഷ്ടാക്കള്‍ അകത്തുകയറിയത് എന്ന് പാരീസിലെ പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. ആഭരണങ്ങള്‍ കൈക്കലാക്കിയ മോഷ്ടാക്കള്‍ സ്‌കൂട്ടറില്‍ ആണ് രക്ഷപ്പെട്ടത്.
രാവിലെ ലൂവ്രെ മ്യൂസിയം തുറന്നതിന് തൊട്ടുപിന്നാലെയായിരുന്നു മുഖംമൂടി ധരിച്ച മൂന്ന് പേര്‍ ആയുധങ്ങളുമായി കെട്ടിടത്തിന് അകത്ത് കയറിയത്. സീന്‍ നദിയുടെ അരികിലുള്ള അപ്പോളോ ഗാലറിയിലേക്കായിരുന്നു മോഷ്ടാക്കള്‍ പ്രവേശിച്ചത്. അമൂല്യമായ ഒമ്പത് ആഭരണങ്ങള്‍ മോഷ്ടാക്കള്‍ കവര്‍ന്നതായാണ് പ്രാഥമിക നിഗമനം. നഷ്ടപ്പെട്ട സാധനങ്ങളുടെ മൂല്യം വിലയിരുത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചതായി ഫ്രാഞ്ച് സാംസ്‌കാരിക മന്ത്രി റാച്ചിദ ദാതി പറഞ്ഞു.
പാരീസ് നഗരത്തിലെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലുവ്രെ മ്യൂസിയം ലോകത്തിലെ ഏറ്റവും വലുതും, കുടുതല്‍ സന്ദര്‍ശകര്‍ എത്തുന്നതുമായ മ്യുസിയമാണ്. ലൂയി പതിനാലാമന്‍ രാജാവിന്റെ കാലത്താണ് പണികഴിപ്പിച്ച കെട്ടിടം ഫ്രഞ്ച് രാജാക്കന്‍മാരുടെ മുന്‍ കൊട്ടാരമായിരുന്നു.
പ്രാചീനം, പൗരസ്ത്യം, ഈജിപ്ഷ്യന്‍, പെയിന്റിങ്, പ്രയുക്തകല, ശില്‍പകല, രേഖാചിത്രങ്ങള്‍ തുടങ്ങി ഏഴുവിഭാഗങ്ങളില്‍ നിരവധി അമൂല്യമായ വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ലിയനാഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ 'മോണാലിസ' ഈ മ്യുസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.