പശ്ചിമേഷ്യയില്‍ നിര്‍ണായക നിമിഷങ്ങള്‍; ഖമേനി ബങ്കറിലേക്ക് മാറി

യുഎസിന്റെ ഭാഗത്തുനിന്ന് ഏതുനിമിഷവും ആക്രമണത്തിന് സാധ്യതയുള്ളതിനാലാണ് ഖമനയി ടെഹ്റാനിലെ ഒരു സുരക്ഷിത ഭൂഗര്‍ഭ അഭയകേന്ദ്രത്തിലേക്ക് മാറിയതെന്ന് ഇറാന്‍ ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ട് ചെയ്തു

author-image
Biju
New Update
khamenei

ടെഹ്‌റാന്‍: യുഎസ് കപ്പല്‍പ്പട പശ്ചിമേഷ്യന്‍ മേഖലയിലേക്ക് നീങ്ങിയതോടെ മേഖല യുദ്ധഭീതിയില്‍. സൈനിക നടപടിക്ക് സാധ്യത വര്‍ധിച്ചതോടെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഭൂഗര്‍ഭ ബങ്കറിലേക്ക് മാറിയതായാണ് റിപ്പോര്‍ട്ട്. ഖമേനിയുടെ മൂന്നാമത്തെ മകനായ മസൂദ് ഖമനയി, പിതാവിന്റെ ഓഫിസിന്റെ നിയന്ത്രണം ഏറ്റെടുത്തതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസിന്റെ ഭാഗത്തുനിന്ന് ഏതുനിമിഷവും ആക്രമണത്തിന് സാധ്യതയുള്ളതിനാലാണ് ഖമനയി ടെഹ്റാനിലെ ഒരു സുരക്ഷിത ഭൂഗര്‍ഭ അഭയകേന്ദ്രത്തിലേക്ക് മാറിയതെന്ന് ഇറാന്‍ ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ട് ചെയ്തു.

യുഎസ് നാവിക 'അര്‍മാഡ' പശ്ചിമേഷ്യയെ ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചാല്‍ മേഖലയ്ക്ക് സമീപം യുഎസ് യുദ്ധക്കപ്പലുകള്‍ വിന്യസിക്കുമെന്ന് എയര്‍ഫോഴ്സ് വണ്ണില്‍ വച്ച് സംസാരിച്ച ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതാണ്. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനിക്കപ്പലും നിരവധി ഗൈഡഡ്-മിസൈല്‍ ഡിസ്‌ട്രോയറുകളും നിലവില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിന്യസിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ മേഖലയിലേക്ക് എത്തുമെന്നുമാണ് സൂചന.

അതേസമയം യുഎസിന് മുന്നറിയിപ്പുമായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ മുഹമ്മദ് പക്പൂര്‍ രംഗത്തെത്തി. പരമോന്നത നേതാവിന്റെ ഉത്തരവുകള്‍ നടപ്പിലാക്കാന്‍ ഇറാന്‍ സൈന്യം എക്കാലത്തും സജ്ജമാണെന്നും ഏതൊരു ആക്രമണത്തെയും യുദ്ധമായി കണക്കാക്കുമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍ സാധ്യമായ ഏറ്റവും കഠിനമായ രീതിയില്‍ തന്നെ പ്രതികരിക്കുമെന്നും ഒരു മുതിര്‍ന്ന ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.