നിമിഷപ്രിയയുടെ മോചനം; ചര്‍ച്ച ഉടന്‍ ഫലപ്രാപ്തിയിലെത്തുമെന്ന് പ്രതീക്ഷ: കേന്ദ്രം

കുടുംബത്തെ സഹായിക്കാന്‍ നിയമസഹായം നല്‍കുകയും ഒരു അഭിഭാഷകനെ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രശ്‌നം പരിഹാരത്തിനായ പ്രാദേശിക അധികാരികളെയും ബന്ധപ്പെട്ടിട്ടുണ്ട്.

author-image
Biju
New Update
NIMISHA

ന്യൂഡല്‍ഹി: മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്ര മാര്‍ഗങ്ങള്‍ തേടുന്നത് തുടരുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ''ചില സൗഹൃദ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇതു വളരെ വൈകാരികമായ വിഷയമാണ്. കേന്ദ്രസര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ട്. കുടുംബത്തെ സഹായിക്കാന്‍ നിയമസഹായം നല്‍കുകയും ഒരു അഭിഭാഷകനെ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രശ്‌നം പരിഹാരത്തിനായ പ്രാദേശിക അധികാരികളെയും ബന്ധപ്പെട്ടിട്ടുണ്ട്. നിമിഷപ്രിയയുടെ കുടുംബത്തിന് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ധാരണയിലെത്താന്‍ കൂടുതല്‍ സമയം ലഭിക്കുന്നതിനായാണ് ഇത് ചെയ്തത്. ജൂലൈ 16നു നിശ്ചയിച്ചിരുന്ന വധശിക്ഷ യെമന്‍ സര്‍ക്കാര്‍ മാറ്റിവച്ചിട്ടുണ്ട്.'' വിദേശകാര്യ വക്താവ് പറഞ്ഞു.

വധശിക്ഷ എത്ര നാളത്തേക്കാണ് മാറ്റിവച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. കുടുംബങ്ങള്‍ തമ്മിലുള്ള ചര്‍ച്ച ഉടന്‍ ഫലപ്രാപ്തിയിലെത്തുമെന്നാണു പ്രതീക്ഷയെന്നു മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. പ്രാദേശിക ജയില്‍ അധികൃതരുമായും പ്രോസിക്യൂഷന്‍ ഓഫിസുമായും സൗദിയിലെ ഇന്ത്യന്‍ എംബസി ചര്‍ച്ച നടത്തുകയും കുടുംബങ്ങള്‍ തമ്മില്‍ ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. അതേ സമയം അഖിലേന്ത്യ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ നടത്തി ഇടപെടുകളെ സംബന്ധിച്ച് അറിവില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീപ് ജയ്സ്വാള്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. 

ബിസിനസ് പങ്കാളിയായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് നിമിഷപ്രിയയെ വധശിക്ഷയ്ക്കു വിധിച്ചത്. ബുധനാഴ്ച നിശ്ചയിച്ചിരുന്ന വധശിക്ഷ വിവിധ തലങ്ങളില്‍ നടത്തിയ ഇടപെടലുകളെ തുടര്‍ന്നു മാറ്റിവച്ചിരുന്നു. ആഭ്യന്തരയുദ്ധം നടക്കുന്ന യെമനില്‍ നിലവില്‍ ഇന്ത്യയ്ക്ക് എംബസിയില്ല. ഇതു വിദേശകാര്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഇടപെടലിനു തടസ്സമായിരുന്നു. നിമിഷപ്രിയയെ പാര്‍പ്പിച്ചിട്ടുള്ള ജയിലുള്‍പ്പെടുന്ന സനാ നഗരം യെമനിലെ വിമതവിഭാഗമായ ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഇവരുമായി ഇന്ത്യയ്ക്കു കാര്യമായ ബന്ധമില്ലാത്ത സാഹചര്യത്തില്‍ പ്രാദേശിക മധ്യസ്ഥരുടെയും ഇറാന്‍ സര്‍ക്കാരിന്റെയും മറ്റും സഹായത്തോടെയാണ് ഇടപെടലുകള്‍. കൊല്ലപ്പെട്ടയാളുടെ കുടുംബവുമായുള്ള ചര്‍ച്ചയ്ക്ക് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമിനെയാണ് നിമിഷപ്രിയയുടെ കുടുംബം ചുമതലപ്പെടുത്തിയിട്ടുള്ളത്.

 

nimisha priya