/kalakaumudi/media/media_files/2025/05/29/YKUo6x3arZBskQ2pfEcp.jpg)
ഫിലിപ്പൈൻസിന്റെ ടൂറിസം മേഖലയെ വിപുലീകരിക്കുവാനും ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കുവാനും ലക്ഷ്യമിട്ട് ഇന്ത്യൻ പൗരന്മാർക്കായി രണ്ടുതരം വിസാ-ഫ്രീ പ്രവേശന ഓപ്ഷനുകൾ പ്രഖ്യാപിച്ചു.
അതിൽ ആദ്യത്തേത് 14 ദിവസത്തെ വിസാ-ഫ്രീ പ്രവേശനമാണ്. ഇന്ത്യൻ പാസ്പോർട്ട് ഉപയോക്താക്കളെ ലക്ഷ്യമാക്കി അവതരിപ്പിച്ച ഈ ഓപ്ഷൻ, വിനോദസഞ്ചാരാത്തിനായി മാത്രം ഉപയോഗിക്കാവുന്നതാണ്. പ്രവേശനം അനുവദിക്കുന്ന ഈ വിസാ സൗകര്യം 14 ദിവസത്തേക്ക് മാത്രമേ അനുവദിക്കു.ഈ കാലാവധി നീട്ടാൻ ആകില്ല.
6 മാസം മിനിമം കാലാവധിയുള്ള പാസ്പോർട്ട്, ഹോട്ടൽ ബുക്കിംഗ് പോലുള്ള താമസ തെളിവുകൾ, തിരിച്ചുപോകുന്നതിനോ മറ്റേതെങ്കിലും രാജ്യത്തേക്കുള്ള യാത്രയ്ക്കായോ ടിക്കറ്റ, സാമ്പത്തിക ശേഷിയുടെ തെളിവുകൾ (ബാങ്ക് സ്റ്റേറ്റ്മെന്റ്, തൊഴിൽ രേഖകൾ തുടങ്ങിയവ), ഫിലിപ്പൈൻസ് ഇമിഗ്രേഷൻ വകുപ്പ് അംഗീകരിച്ച ശുദ്ധമായ റിക്കോർഡ് തുടങ്ങിയവയാണ് പ്രവേശനത്തിനുള്ള മാനദണ്ഡങ്ങൾ.
രണ്ടാമത്തേത് 30 ദിവസത്തെ വിസാ-ഫ്രീ പ്രവേശനം ആണ്. ഓസ്ട്രേലിയ, ജപ്പാൻ, അമേരിക്ക, കാനഡ, ഷെൻഗൻ രാജ്യങ്ങൾ, സിംഗപ്പൂർ, യുനൈറ്റഡ് കിംഗ്ഡം എന്നിവയിൽ നിന്നും വിസയോ സ്ഥിരതാമസ അവകാശമോ ഉള്ള ഇന്ത്യൻ പൗരർക്കായാണ്, കൂടുതൽ ദൈർഘ്യമുള്ള 30 ദിവസത്തെ വിസാ-ഫ്രീ പ്രവേശന സൗകര്യമൊരുക്കുന്നത്. ഇവർക്കും വിനോദസഞ്ചാര ലക്ഷ്യത്തിനായി മാത്രമേ പ്രവേശിക്കാൻ അനുവാദം ഉള്ളു.
ഈ പുതിയ തീരുമാനങ്ങൾ, ഫിലിപ്പൈൻസിലേക്കുള്ള ഇന്ത്യൻ ടൂറിസം വളർച്ചയെ ശക്തിപ്പെടുത്താൻ സഹായകമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.