/kalakaumudi/media/media_files/2025/08/30/sullivan-2025-08-30-11-50-49.jpg)
വാഷിങ്ടൺ: ഇന്ത്യക്ക് മേൽ ഇരട്ടത്തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ. ഡോണൾഡ് ട്രംപിന്റെ തീരുവ പ്രതികാരം യുഎസിന്റെ നയത്തിനെതിരാണെന്നും ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ വർഷങ്ങളായി നടത്തിയ പ്രയത്നത്തെ പിറകോട്ടടിപ്പിക്കുന്നതാണെന്നും സുള്ളിവൻ പറഞ്ഞു. ട്രംപിന്റെ തീരുവ പ്രതികാരത്തിൽ ഇന്ത്യയും ചൈനയും അടുത്തു. ചൈനയുടെ സ്വാധീനത്തെ നേരിടാനായി ഇന്ത്യയുമായി നിർണായക പങ്കാളിത്തമാണ് അമേരിക്ക ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ, ട്രംപിന്റെ നയം കാരണം ഇന്ത്യയും ചൈനയും ഒരുമിച്ച് യുഎസിനെതിരെ തിരിയുന്ന സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും സള്ളിവൻ വിമർശിച്ചു.യുഎസിനെ ലോക രാജ്യങ്ങൾ വിശ്വസ്തതയോടെ കണ്ടിരുന്നു. എന്നാലിപ്പോൾ വിശ്വസിക്കാൻ കൊള്ളാത്ത രാജ്യമായിട്ടാണ് ഇതര രാജ്യങ്ങൾ കാണുന്നത്. ചൈന പോലും മറ്റുരാജ്യങ്ങളുടെ വിശ്വാസ്യത നേടുമ്പോൾ യുഎസിനെ വിശ്വസിക്കാൻ കൊള്ളാത്ത രാജ്യമായും തടസ്സക്കാരനുമായാണ് മറ്റ് രാജ്യങ്ങൾ വിലയിരുത്തുന്നത്. ആഗോളതലത്തിൽ അമേരിക്ക എന്ന ബ്രാൻഡിന് ഇപ്പോൾ പുല്ലുവിലയാണെന്നും സള്ളിവൻ വിമർശിച്ചു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മേൽ പിഴച്ചുങ്കമടക്കം വൻ തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ നീക്കങ്ങൾക്ക് ഫെഡറൽ കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീൽ കോടതിയുടെ വിധിച്ചു. അടിയന്തിര സാമ്പത്തിക നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി തീരുവകൾ പ്രഖ്യാപിച്ച് പ്രസിഡൻറ് അധികാര ദുർവിനിയോഗം നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി.തീരുവകൾ പ്രഖ്യാപിക്കാനുള്ള അധികാരം ഭരണഘടന അനുസരിച്ച് നിയമനിർമാണ സഭക്ക് മാത്രമാണ്. കേസുകൾ തീരുന്നത് വരെ നിലവിലെ തീരുവകൾ തുടരാമെന്ന് കോടതി വ്യക്തമാക്കി. അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം താരിഫുകൾ നടപ്പാക്കുമെന്ന ട്രംപിന്റെ തീരുമാനം യുഎസ് ഫെഡറൽ അപ്പീൽ കോടതി 7 -4 ഭൂരിപക്ഷ വിധിയിലൂടെയാണ് തള്ളിയത്. നികുതി താരിഫ് സംബന്ധിച്ച തീരുമാനം പ്രസിഡന്റിന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്നും ലെവികൾ നിശ്ചയിക്കുന്നതിൽ യുഎസ് കോൺഗ്രസിനാണ് അധികാരമെന്നും ഫെഡറൽ കോടതി പറഞ്ഞു.