29 -മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ലോക സിനിമകളുടെ നിലവാരം 25 % പോലുമുണ്ടായില്ല

ഈ വർഷത്തെ 29 -താമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ സിനിമകളുടെ തെരഞ്ഞെടുപ്പിലും ചലച്ചിത്ര മേളയുടെ സംഘാടനത്തെയും വിമർശിച്ചുകൊണ്ടുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് സിനിമാ പ്രേമികൾക്കിടയിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

author-image
Rajesh T L
New Update
kkl

ഈ വർഷത്തെ 29 -താമത് കേരള രാജ്യാന്തര ചലച്ചിത്ര  മേളയിലെ സിനിമകളുടെ തെരഞ്ഞെടുപ്പിലും ചലച്ചിത്ര മേളയുടെ സംഘാടനത്തെയും വിമർശിച്ചുകൊണ്ടുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് സിനിമാ പ്രേമികൾക്കിടയിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.ചലച്ചിത്ര മേളയുടെ ആത്യന്തികമായ നേട്ടങ്ങളും കോട്ടങ്ങളും വസ്തുതാപരമായി തന്നെ വിലയിരുത്തേണ്ടതിനാൽ ഈ ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറയുന്ന കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

ഫെയ്‌സ്‌ബുക്ക് പോസ്റ്റിന്റെ  പ്രസക്ത ഭാഗങ്ങൾ ;

1) ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച സിനിമകളുടെ നിലവാരം -സാധാരണയായി ഒരു ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളില്‍ ഒരു 60 % സിനിമകളെങ്കിലും മികച്ച നിലവാരം ഉള്ളതാകും.എന്നാല്‍ ഇത്തവണത്തെ ലോക സിനിമാ വിഭാഗത്തിലും  അന്താരാഷ്ട്ര മത്സര വിഭാഗത്തിലും ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ മികച്ച നിലവാരം ഉള്ള സിനിമകള്‍ എന്ന് വിശേഷിപ്പിക്കാവുന്നത് 25 % പോലുമുണ്ടായില്ല എന്നത് വസ്തുതയാണ്. ഗൗരവമായി  സിനിമ കാണുന്ന ഐ എഫ് എഫ് കെ കാണികളില്‍ ഭൂരിപക്ഷം പേര്‍ക്കും ഈ അഭിപ്രായമാണ്. ഫിലിം സെലക്ഷന്റെ കാര്യത്തില്‍ ഏറ്റവും മോശം എഡിഷന്‍ ആയിരുന്നു ഇത്തവണത്തെ മേള.സിനിമകള്‍ തിരഞ്ഞെടുക്കാന്‍ മികച്ച ഒരു  ആര്‍ട്ടിസ്റ്റിക്  ഡയറക്ടര്‍ ഇല്ലാതിരുന്നതിന്റെ എല്ലാ കോട്ടങ്ങളും നിറഞ്ഞു നിന്ന ഒരു ഫിലിം സെലക്ഷന്‍ ആയിരുന്നു ഇത്തവണത്തേത് .നിലവില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഐ എഫ് എഫ് കെ യുടെ  ഫിലിം ക്യുറേറ്റര്‍ എന്ന നിലയില്‍  പ്രവര്‍ത്തിക്കുന്നത് ഗോള്‍ഡാ സെല്ലം ആണ്. ലോകത്തെ ഏതെങ്കിലും ഒരു ചെറിയ  ചലച്ചിത്ര മേളയില്‍ പോലും ക്യുറേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഒരാള്‍ ആണ്  ഗോള്‍ഡാ സെല്ലം .സിനിമകളുടെ  ക്യുറേറ്റര്‍ എന്ന നിലയില്‍ യാതൊരു അന്താരാഷ്‌ട്ര  പരിചയവും  ഇല്ലാത്ത  ഒരാളെ ഐ എഫ് എഫ് കെ പോലെയുള്ള  ഒരു മേളയുടെ  ക്യുറേറ്റര്‍ ആയി  ആറു ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചു സർക്കാർ നിയോഗിച്ചത് അതിശയപ്പെടുത്തുന്നതാണ്.ഒരു ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ ഇല്ലാതെ നടക്കുന്ന  മേള എന്നതിന്റെ  പ്രതിഫലനം സിനിമകളുടെ നിലവാരത്തില്‍ പ്രകടമായിരുന്നു .: 

2 ) ഒരു ചലച്ചിത്ര മേള കൊണ്ട് അതില്‍ പ്രദര്‍ശിപ്പിക്കുന്ന തദ്ദേശീയ സിനിമകളുടെ സംവിധായകര്‍ക്ക് ഗുണം ഉണ്ടാകുന്നത് വിദേശ ചലച്ചിത്ര മേളകളുടെ പ്രോഗ്രാമര്‍മാര്‍  അവരുടെ ചിത്രം മേളയില്‍  കാണുകയും അതുവഴി അവരുടെ സിനിമകള്‍ കൂടുതല്‍ ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍  ഉള്ള അവസരം  ലഭിക്കുകയും ചെയ്യുമ്പോഴാണ്.എന്നാല്‍ ഇത്തവണത്തെ മേളയില്‍ മുന്‍പും ഒട്ടേറെ തവണ ഐ എഫ് എഫ് കെ യില്‍ വന്നുകൊണ്ടിരുന്ന കൊയോക്കോ ഡാന്‍  മാത്രമാണ് ഫെസ്റ്റിവല്‍ പ്രോഗ്രാമര്‍ എന്ന നിലയില്‍ ഉണ്ടായിരുന്നത്.മറ്റേതെങ്കിലും ഒരു ചലച്ചിത്ര മേളയുടെ സെലക്ടര്‍മാര്‍ മരുന്നിനു പോലും ഐ എഫ് എഫ് കെ യില്‍ ഉണ്ടായിരുന്നില്ല . ഇവിടെ തിരഞ്ഞെടുക്കപ്പെട്ട മലയാളം,ഇന്ത്യന്‍ സിനിമകളുടെ സംവിധായകര്‍ക്ക്  ഐ എഫ് എഫ് കെ യില്‍ അവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിച്ചത് കൊണ്ട് മറ്റേതെങ്കിലും ഒരു മേളയിലേക്ക് എങ്കിലും തിരഞ്ഞെടുക്കപ്പെടാന്‍ ഉള്ള സാധ്യത ലഭ്യമായില്ലെങ്കില്‍ ആ മേള കൊണ്ട് ഈ സംവിധായകര്‍ക്ക് എന്താണ് ഗുണം . മലയാള സിനിമക്ക് എന്താണ് ഗുണം . ഫിലിം ഫെസ്ടിവല്‍  സെലക്ടര്‍മാര്‍ , പ്രോഗ്രാമര്‍മാര്‍,എന്നിവര്‍ ആരുമില്ലാതെ എങ്ങനെയാണ് ഒരു അന്താരാഷ്‌ട്ര മേള നടക്കുന്നത് ?.അത്തരം ഒരു മേള കൊണ്ട് ആര്‍ക്ക് എന്ത് ഗുണം ആണ് ഉണ്ടാവുന്നത് .

3 ) ഒരു അന്താരാഷ്‌ട്ര ചലച്ചിത്ര മേള കവര്‍ ചെയ്യാന്‍  ലോക്കല്‍  മീഡിയക്ക് ഒപ്പം  പ്രധാനപ്പെട്ട അന്താരാഷ്‌ട്ര മേളകള്‍ റിപ്പോര്‍ട്ട്  ചെയ്യുന്ന പ്രധാനപ്പെട്ട  ചില അന്താരാഷ്ട്ര മാസികകളും ഉണ്ടാകേണ്ടതാണ് . പ്രധാനപ്പെട്ട എല്ലാ അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളും കവര്‍ ചെയ്യാന്‍ ഇവരുടെ ലേഖകന്മാര്‍ എത്താറുണ്ട് . എന്നാല്‍ ഐ എഫ് എഫ് കെ യില്‍ ഇത്തരത്തില്‍ ആരും ഉണ്ടായിരുന്നില്ല . ഇത്തരം മാഗസിനുകളില്‍ മേളയും അവിടെ പ്രദര്‍ശിപ്പിച്ച സിനിമകളും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആണ്  മേളയില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ച സംവിധായകര്‍ക്ക് ചെറിയ രീതിയില്‍ എങ്കിലും അന്താരാഷ്‌ട്ര   ശ്രദ്ധ ലഭിക്കുക ഉള്ളൂ . ഇതിനെപറ്റി അക്കാദമിക്ക് എന്തെങ്കിലും ധാരണ ഉള്ളതായി  തോന്നുന്നില്ല .

4 ) അന്താരാഷ്‌ട്ര മത്സര വിഭാഗത്തില്‍ ഉള്‍പ്പെടെ സിനിമകളുടെ നിലവാരം കുറഞ്ഞതിന്റെ  കാരണമായി അക്കാദമിയുമായി അടുത്ത ആളുകള്‍ പറഞ്ഞത് ഐ എഫ് എഫ് കെ യിലേക്ക് അപേക്ഷിച്ച  ലോക സിനിമകളുടെ എണ്ണം കുറവായിരുന്നു  എന്നതാണ് . അങ്ങനെയെങ്കില്‍ അത് വലിയൊരു ചര്‍ച്ച ആവശ്യപ്പെടുന്നുണ്ട് .ലോകത്ത് പുതുതായി ഉണ്ടായിട്ടുള്ള ചെറിയ മേളകളില്‍ പോലും  അഞ്ഞൂറില്‍ അധികം സിനിമകളാണ് അപേക്ഷിക്കുന്നത് . പ്രധാനപ്പെട്ട മേളകളില്‍ ആകട്ടെ ആയിരക്കണക്കിന് സിനിമകള്‍ ആണ് അപേക്ഷിക്കുന്നത് . കേരള ചലച്ചിത്ര മേള ഇരുപത്തി ഒന്‍പതു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അന്താരാഷ്‌ട്ര മത്സര വിഭാഗത്തിലേക്ക് അപേക്ഷിക്കുന്ന സിനിമകളുടെ എണ്ണം കുറയുന്നു എങ്കില്‍ അതിനര്‍ത്ഥം അന്താരാഷ്‌ട്ര തലത്തില്‍ ഐ എഫ് എഫ് കെ ഒരു പ്രധാന മേളയായി ലോകമെമ്പാടുമുള്ള ചലച്ചിത്രകാരന്മാര്‍  കണക്കിലെടുത്തിട്ടില്ല എന്നാണ് .ഏഷ്യ ,ആഫ്രിക്ക,ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് മാത്രമായുള്ള മത്സര വിഭാഗമാണ്‌ ഐ എഫ് എഫ് കെ യില്‍ .ആ കൊണ്ടിനെന്റുകളില്‍ നിന്നുള്ള ചലച്ചിത്രകാരന്മാര്‍ക്ക് ഐ എഫ് എഫ് കെ യെ പറ്റി അറിയില്ല അല്ലെങ്കില്‍ ഐ എഫ് എഫ് കെ യിലേക്ക് സിനിമകള്‍ അയക്കാന്‍ താല്പര്യമില്ല എന്നതാണ് സ്ഥിതി എങ്കില്‍ ഈ ഇരുപത്തി ഒന്‍പതു വര്‍ഷങ്ങള്‍  ആയിട്ടും ലോക ചലച്ചിത്ര മേളകളുടെ ഭൂപടത്തില്‍ ഐ എഫ് എഫ് കെ അപ്രസക്തമാണ് എന്നതാണ് അര്‍ത്ഥം .

5 ) ഐ എഫ് എഫ് കെ യുടെ ഒരു പ്രധാന പ്രശ്നം മേള ജനകീയമാക്കുക എന്ന പേരില്‍ വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കുകയും,ആള്‍ക്കൂട്ടത്തെ കണ്ടു മേള വിജയം എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന അപക്വമായ  കാഴ്ചപ്പാടാണ് അക്കാദമിക്ക് ഉള്ളത് എന്നതാണ്.ചലച്ചിത്ര മേള കൊണ്ട്  അക്കാഡമിക്കല്‍ ആയി ഉണ്ടാകേണ്ട ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് എന്നതിനെ പറ്റി യാതൊരു അടിസ്ഥാന ധാരണയും നയിക്കുന്നവര്‍ക്കില്ല എന്നതാണ് പ്രധാന പ്രശ്നം . ചലച്ചിത്ര അക്കാദമി സ്ഥാപിച്ചത് എന്തിന് വേണ്ടിയാണ്,അതിന്റെ ഉദ്ധേശ ലക്ഷ്യങ്ങള്‍ എന്തായിരുന്നു ,എന്തുതരം ചലച്ചിത്ര സംസ്കാരവും ചലച്ചിത്ര സാക്ഷരതയും സൃഷ്ടിക്കുവാനാണ്‌  ഐ എഫ് എഫ് കെ ലക്ഷ്യമിട്ടത് എന്നത് ഒന്നും ഇപ്പോള്‍ ആര്‍ക്കും അറിയില്ല എന്നതാണ് സ്ഥിതി .അതുകൊണ്ട് തന്നെ മേളയുടെ വിജയം എന്നത്  നടീ നടന്മാരെ ആദരിക്കലും,ആള്‍ക്കൂട്ടത്തെ കൂട്ടി ഗാനമേള ആസ്വദിക്കുന്നതും,രക്ത ദാന ക്യാമ്പും,ദീപശിഖാ പ്രയാണവും ഒക്കെയാണ് എന്ന തരത്തിലേക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ മാറിപ്പോകുന്നു .ഇത്തവണ ചലച്ചിത്ര മേളയില്‍ നല്ല ലോക സിനിമകള്‍ക്ക് സ്ക്രീനിംഗ് ഫീസ്‌ കൊടുക്കാന്‍ പണം ഇല്ലാത്തതുകൊണ്ട് ഒട്ടേറെ സിനിമകള്‍ ഇവിടേക്ക് കൊണ്ടുവരാന്‍ സാധിച്ചില്ല എന്നും പറഞ്ഞു കേട്ടു.അപ്പോഴും ചലച്ചിത്ര മേളയില്‍ സിനിമകള്‍ക്കായി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് മാനവീയം വേദിയില്‍ എല്ലാ ദിവസവും ഗാനമേളകളും മറ്റും സംഘടിപ്പിക്കാനും മുപ്പതോളം നടിമാര്‍ക്ക് യാത്രാ ടിക്കറ്റും ഹോട്ടല്‍ ചിലവും വഹിച്ചു ആദരവ്  ചടങ്ങ് സംഘടിപ്പിക്കാനും ആണ് അക്കാദമി  ശ്രദ്ധിച്ചത് . മലയാള സിനിമയിലെ നടിമാരയും നടന്മാരെയും മാത്രമല്ല ,നാടക മേഖലയിലെയും മറ്റു സാഹിത്യ കലാ മേഖലകളിലെയും സംഭാവന നല്‍കിയ ആളുകളെ ആദരിക്കേണ്ടത് ആണ്,അങ്ങനെ ആദരിക്കുന്നതില്‍ തെറ്റില്ല .പക്ഷെ അതൊക്കെ സര്‍ക്കാര്‍ പ്രത്യേകമായി പരിപാടി സംഘടിപ്പിച്ചു ചെയ്യേണ്ടതാണ് . അല്ലാതെ ചലച്ചിത്രമേളയോടൊപ്പം നടത്തേണ്ട കാര്യങ്ങള്‍ അല്ല ഇതൊന്നും .ചലച്ചിത്രമേളയില്‍ സിനിമകളുടെ പ്രദര്‍ശനത്തിനു അനുവദിച്ച ഫണ്ടില്‍ നിന്നല്ല ഇതിനായി തുക വക  മാറ്റേണ്ടത് .

6 ) റിസര്‍വ് ചെയ്തും അല്ലാതെയും ആളുകള്‍ അനേകം മണിക്കൂറുകള്‍ ക്യൂ നില്‍ക്കുമ്പോള്‍ പിന്‍ വാതിലിലൂടെ ഒട്ടേറെ വേണ്ടപ്പെട്ട ആളുകളെ തിയറ്ററില്‍ ആദ്യമേ പ്രവേശിപ്പിക്കുകയും  ക്യൂ നിന്ന ആളുകള്‍ക്ക് സീറ്റ്  കിട്ടാതെ വരികയും ചെയ്യുന്ന പ്രതിഭാസം ഇത്തവണ വളരെ കൂടുതല്‍ ആയിരുന്നു .

IFFK 2024 iffk festival