മറവിരോഗ സാധ്യത ഇനി കണ്ണില്‍ നോക്കി കണ്ടെത്താം

കാഴ്ചപരിശോധനയിലൂടെ പന്ത്രണ്ടുവര്‍ഷം മുമ്പേ തന്നെ ഡിമെന്‍ഷ്യ സാധ്യതയുണ്ടോയെന്ന് പരിശോധിക്കാനാകുമെന്ന് പഠനത്തില്‍ പറയുന്നു. 

author-image
anumol ps
New Update
eyes

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ലണ്ടന്‍: മറവിരോഗ സാധ്യത ഇനി കണ്ണില്‍ നോക്കി കണ്ടെത്താനാകുമെന്ന് പുതിയ പഠനം. ഇംഗ്ലണ്ടിലെ ലഫ്ബറോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. യു.എസ്. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിമെന്‍ഷ്യ സ്‌ക്രീനിങ്ങില്‍ കാഴ്ചസംബന്ധമായ പ്രശ്‌നങ്ങള്‍ പ്രധാനഘടകമാണെന്നും പഠനം പറയുന്നു. 

മസ്തിഷ്‌കാരോഗ്യം കണ്ണില്‍ പ്രകടമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. കാഴ്ചപരിശോധനയിലൂടെ പന്ത്രണ്ടുവര്‍ഷം മുമ്പേ തന്നെ ഡിമെന്‍ഷ്യ സാധ്യതയുണ്ടോയെന്ന് പരിശോധിക്കാനാകുമെന്ന് പഠനത്തില്‍ പറയുന്നു. 

നോര്‍ഫോക്കില്‍ നിന്നുള്ള 8,623 പേരുടെ വിവരങ്ങളായിരുന്നു പഠനത്തിന് വിധേയമാക്കിയത്. വര്‍ഷങ്ങളായി ഗവേഷകസംഘം ഇവരുടെ ആരോഗ്യവിവരങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു. പഠനകാലയളവിനൊടുവില്‍ ഇവരില്‍ 537 പേര്‍ക്ക് ഡിമെന്‍ഷ്യ സ്ഥിരീകരിച്ചു. തുടര്‍ന്നാണ് കാഴ്ചയും ഡിമെന്‍ഷ്യയും സംബന്ധിച്ച ബന്ധം വിശകലനം ചെയ്തത്.

ഗവേഷണത്തിന്റെ ഭാഗമായി ഇവര്‍ക്കായി ഒരു കാഴ്ച പരിശോധന ടെസ്റ്റ് സംഘടിപ്പിച്ചിരുന്നു. 

ചലിക്കുന്ന ഡോട്ടുകളുള്ള സ്‌ക്രീനില്‍ ത്രികോണരൂപം രൂപപ്പെടുന്നയുടന്‍ ബട്ടണ്‍ പ്രസ് ചെയ്യണം. ഡിമെന്‍ഷ്യ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നവര്‍ ത്രികോണരൂപം കാണാന്‍ മറ്റുള്ളവരെ അപേക്ഷിച്ച് വൈകുന്നതായി ഈ ടെസ്റ്റിലൂടെ ഗവേഷകര്‍ കണ്ടെത്തി.

ഓര്‍മസംബന്ധമായ തകരാറുകള്‍ മറവിയോടെ തുടങ്ങണമെന്നില്ലെന്നും പകരം കാഴ്ചയിലെ പ്രശ്‌നങ്ങളായിട്ടാകാം പ്രകടമാവുക എന്നും ഗവേഷകര്‍ പറയുന്നു. മറവിരോഗത്തിനു കാരണമാകുന്ന അംലോയ്ഡ് പ്ലേക്കുകള്‍ കാഴ്ചയുമായി ബന്ധപ്പെട്ട മസ്തിഷ്‌കത്തിന്റെ ഭാഗങ്ങളെ ആദ്യം ബാധിക്കാമെന്നും ഗവേഷകര്‍ പറയുന്നു. അതിനാല്‍ തന്നെ ഓര്‍മ സംബന്ധമായ പരിശോധനകള്‍ക്ക് മുമ്പേ കാഴ്ചപരിശോധന നടത്തേണ്ടത് പ്രധാനമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. ബീറ്റ അമിലോയ്ഡിന്റെയും മറ്റൊരു മാംസ്യമായ റ്റൗവുവിന്റെയും സാന്നിധ്യമാണ് അള്‍ഷിമേഴ്‌സിന്റെ ലക്ഷണം.





eyes new study dementia