ചൈനയില്‍ എച്ച്എംപിവി വൈറസിന്റെ വ്യാപനം ഭീതി പരത്തുകയാണ്. എച്ച്എംപിവി വൈറസ് കൊറോണ പോലുള്ള മഹാമാരിക്ക് കാരണമാകുമെന്നാണ് ആശങ്ക. 5 വര്‍ഷം മുമ്പ് ന്യൂ ഇയറില്‍ ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നത് പോലെ, ഇപ്പോള്‍ എച്ച്എംപിവി വൈറസ് പടരാന്‍ തുടങ്ങിയിരിക്കുന്നു.ഈ വൈറസ് ബാധ മൂലം ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞു കവിയുന്നതായി മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ എച്ച്എംപിവി വൈറസ് ബാധയെ നേരിടാന്‍ ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, ചൈന ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ലോകമെമ്പാടും തരംഗം സൃഷ്ടിച്ച ഈ വൈറസിനെ കുറിച്ചുള്ള ചില വിവരങ്ങള്‍ നോക്കാം.
2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. ന്യൂമോവിരിഡേ കുടുംബത്തില്‍ പെടുന്നു.വൈറസ് ബാധയേറ്റാല്‍ ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. കുട്ടികളിലും പ്രായമായവരിലും മറ്റു രോഗങ്ങള്‍ ഉള്ളവരിലും ന്യുമോണിയ, ബ്രോങ്കൈറ്റിസ്, ആസ്തമ എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് കാരണമാകും.
വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 3 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.എച്ച്എംപിവി വൈറസും കൊറോണ വൈറസിന് കാരണമായ സാര്‍സ് കോവ്2 വൈറസും വ്യത്യസ്ത വൈറസ് കുടുംബങ്ങളില്‍ പെട്ടതാണെങ്കിലും ഇവ രണ്ടും തമ്മില്‍ കാര്യമായ സാമ്യങ്ങളുണ്ട്.രണ്ടും ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ്.വൈറസുകള്‍ നേരിയതോ കഠിനമായതോ ആയ രോഗത്തിന് കാരണമാകുകയും ചെയ്യുന്നു.പനി,ചുമ,തൊണ്ടവേദന,ശ്വാസംമുട്ടല്‍,ശ്വാസതടസ്സം എന്നിവയാണ് രണ്ടിന്റെയും സാധാരണ ലക്ഷണങ്ങള്‍. കൊറോണ പോലെ, ഇത് പ്രായമായവരിലും മറ്റു രോഗങ്ങളുളളവരിലും കൂടുതലായി പടരുന്നു.
പ്രധാന വ്യത്യാസം ട്രാന്‍സ്മിഷന്‍ മോഡിലാണ്.അതായത്, കൊറോണയുടെ കാര്യത്തില്‍ പകര്‍ച്ച വായുവിലൂടെയാണ്. ഇതിനര്‍ത്ഥം കൊറോണ ബാധിച്ച ഒരാള്‍ ശ്വസിക്കുന്ന വായുവിലൂടെ നേരിട്ട് വൈറസ് പടരും.എന്നാല്‍,നിലവില്‍ ഒരു ആശ്വാസമുള്ളത് എച്ച്എംപിവി വൈറസ് വായുവിലൂടെ പകരുന്നതല്ല. രോഗബാധിതരുടെ സ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്. പ്രധാനമായും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന കണികളിലൂടെയാണ് വൈറസ് പടരുന്നത്.രോഗബാധിതരായ വ്യക്തികളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയോ മലിനമായ ചുറ്റുപാടുകളുമായുള്ള സമ്പര്‍ക്കത്തിലൂടെയോ ഇത് പകരാം.
ഈ വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ് മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയാണ്.എച്ച്എംപിവി രോഗത്തിനെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധ ശേഷി ദുര്‍ബലമാണ് എന്നാണ് കണ്ടെത്തല്‍. ഇത് ആവര്‍ത്തിച്ചുള്ള അണുബാധകള്‍ തടയുന്നത് ബുദ്ധിമുട്ടാക്കുന്നു. ശൈത്യകാലത്തും വസന്തകാലത്തുമാണ് ഏറ്റവും കൂടുതല്‍ വ്യാപനം. കുട്ടികളും പ്രായമായവരുമാണ് ഈ രോഗത്തിന് കൂടുതല്‍ ഇരകളാകുന്നത്.
മാസ്‌ക് ധരിക്കുക,ഇടയ്ക്കിടെ കൈകള്‍ കഴുകുക,നല്ല ശുചിത്വം പാലിക്കുക എന്നിവ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സഹായിക്കും.കൊറോണയ്ക്കുള്ള നിരവധി വാക്സിനുകള്‍ ഇപ്പോള്‍ നമ്മുടെ പക്കലുണ്ട്.എന്നാല്‍,നിലവില്‍ എച്ച്എംപിവി വൈറസിന് വാക്‌സിനുകളൊന്നുമില്ല.രോഗലക്ഷണങ്ങളെ മാത്രം ചികിത്സിക്കാനേ കഴിയൂ.ഇന്ത്യയില്‍ ഇതുവരെ ആര്‍ക്കും എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചിട്ടില്ല.ചൈനയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും നിലവിലെ സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്നും കേന്ദ്ര സര്‍ക്കാരും അറിയിച്ചു.