ആര്‍ക്കും വഴങ്ങാത്ത ആരെയും ഭീഷണിപ്പെടുത്താന്‍ മടിക്കാത്ത വ്യക്തി... റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ജീവിതം എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇതിനു സഹായിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വിഡിയോകളും കാലാകാലങ്ങളില്‍ പുടിന്റെ അനുകൂലികളും റഷ്യയും പുറത്തുവിട്ടിട്ടുണ്ട്. രാഷ്ട്രീയത്തില്‍ വരുന്നതിന് മുന്‍പ്, രഹസ്യാന്വേഷണ ഏജന്‍സി ഏജന്റായിരുന്ന കാലത്തെയും അതിനു മുന്‍പുമുള്ള പുടിന്റെ ജീവിതത്തെക്കുറിച്ച് കാര്യമായ അറിവ് പൊതു സമൂഹത്തിനില്ല. പുടിന്റെ പ്രതാപകാലത്തിനു മുന്‍പുള്ള കാലത്തെ ജീവിതത്തെക്കുറിച്ചുള്ള ചിത്രങ്ങളടക്കമുളള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ഇന്നത്തെ കാര്‍ക്കശ്യക്കാരനായ പുടിന്റെ വ്യക്തിത്വത്തിന് ചേരാത്ത ചിത്രങ്ങളാണ് കൗമാരക്കാരനായ പുടിന്റേത്. 1952 ഒക്ടോബര്‍ ഒന്നിന് ലെനിന്‍ഗ്രാഡില്‍ ജനിച്ച പുടിന്‍ ചെറുപ്പം മുതലേ ആയോധന കലകളില്‍ താല്‍പര്യമുള്ളയാളായിരുന്നു. ജൂഡോയുടേയും ഗുസ്തിയുടേയും റഷ്യന്‍ കോംബോയായ സാംബോയില്‍ 16 വയസായപ്പോഴേക്കും കഴിവ് തെളിയിക്കാന്‍ പുടിന് സാധിച്ചു.
ആയോധന കലകളിലെ പ്രാവീണ്യം മാത്രമല്ല പഠിക്കാനുള്ള കഴിവും കൂടിയാണ് അന്നത്തെ സോവിയറ്റ് യൂണിയനിലെ വിഖ്യാതമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഹൈസ്‌കൂള്‍ പുടിന് പ്രവേശനം നേടിക്കൊടുത്തത്. പുടിന് പ്രിയപ്പെട്ട രസതന്ത്രത്തില്‍ മികച്ച വിദ്യാഭ്യാസം നല്‍കുന്ന അന്നത്തെ പ്രധാന വിദ്യാലയങ്ങളിലൊന്നായിരുന്നു ഇത്. പിന്നീട് ജീവശാസ്ത്രത്തിലേക്കും കലകളിലേക്കും പുടിന്റെ താല്‍പര്യങ്ങള്‍ മാറി മറിയുന്നുണ്ട്. സ്‌കൂളിലെ റേഡിയോ സ്റ്റേഷനിലും പുടിന്‍ സജീവമായിരുന്നു. സ്‌കൂള്‍ കാലത്ത് സുഹൃത്തിനൊപ്പം ഗുസ്തി കൂടുന്ന പുടിന്റെ ചിത്രവും കൗമാരക്കാരനായ പുടിന്റെ ചിത്രവും വനിതാ സുഹൃത്തിനൊപ്പം ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.
ഉപരിപഠനകാലത്താണ് കെജിബിയില്‍ ചേരുകയെന്നത് പുടിന്റെ സ്വപ്നമായി മാറുന്നത്.1975ല്‍ ലെനിന്‍ഗ്രാഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമം പഠിച്ചിറങ്ങിയ പുടിന് മാത്രമാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായി ജോലി ലഭിച്ചത്.നിര്‍ണായക വിവരങ്ങള്‍ കെജിബിക്കു വേണ്ടി ചോര്‍ത്തി നല്‍കാന്‍ വിദേശികളെ തിരഞ്ഞെടുക്കുന്ന നിര്‍ണായക സംഘത്തിലാണ് പുടിന്‍ ആദ്യം പ്രവര്‍ത്തിച്ചത്.
സത്യസന്ധനും അച്ചടക്കമുള്ളവനുമെന്നാണ് പുടിനെ കെജിബി രേഖകള്‍ വിശേഷിപ്പിക്കുന്നത്. 1991 വരെയുള്ള 15 വര്‍ഷക്കാലം പുടിന്‍ കെജിബി ഏജന്റായി പ്രവര്‍ത്തിച്ചു. കേണല്‍ പദവിയിലെത്തിയ ശേഷമാണ് പുടിന്‍ ഇവിടെ നിന്നും വിരമിച്ചത്.ശേഷം രാഷ്ട്രീയത്തില്‍ പയറ്റിതെളിയാനായിരുന്നു പുടിന്റെ തീരുമാനം. വെറും എട്ട് വര്‍ഷം കൊണ്ട് പുടിന്‍ റഷ്യയുടെ പ്രസിഡന്റ് പദവിയിലെത്തി. 1999 മുതല്‍ 2008 വരെയും 2012 മുതല്‍ ഇന്നുവരെയും പുടിന്‍ റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തുണ്ട്.
പ്രസിഡന്റ് സ്ഥാനത്തില്ലാത്ത ഇടക്കാലത്ത് റഷ്യയുടെ പ്രധാനമന്ത്രിയും മറ്റാരുമായിരുന്നില്ല. രണ്ടില്‍ കൂടുതല്‍ തവണ പ്രസിഡന്റായി തിരഞ്ഞെടുക്കാനാവില്ലെന്ന നിബന്ധനയുള്ളതിനാലായിരുന്നു അത്. രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷം ഈ ഭരണഘടനാ ചട്ടത്തില്‍ തന്നെ ഭേദഗതി വരുത്തി പുടിന്‍. ഇതുപ്രകാരം പുടിന് ആറ് തവണ പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകും. 2036ല്‍ 83 വയസുവരെ റഷ്യയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ നിലവില്‍ പുടിന് നിയമപരമായ തടസങ്ങളില്ല.
ഗ്രാന്‍ഡ് ക്രംലിന്‍ പാലസില്‍ നിന്നും വ്ളാദിമിര്‍ പുടിന്‍ എന്ന ഭരണാധികാരി ഒരോ തവണയും അധികാരത്തിലെത്തുമ്പോള്‍ കഥകളും കെട്ടുകഥകളുമൊക്കെ ചേര്‍ത്ത് ഒരു ഡോണിനെ പ്രതിഷ്ഠിച്ചുകഴിഞ്ഞു ലോകം. തന്റെ അഞ്ചാം ടേം മേയ് 7ന് പുടിന്‍ ആരംഭിച്ചു. രൂപം കൊണ്ടും ഭാവപ്രകടനങ്ങള്‍ കൊണ്ടും നടപ്പും ഇരിപ്പും തുടങ്ങി പുടിനെ ചുറ്റിപ്പറ്റി കഥകള്‍ പലതുണ്ട്.
കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് നികോളയ് ഖാറിറ്റോനോവ്, ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലിയോനിഡ് സ്ലട്‌സ്‌കി, ന്യൂ പീപ്പിള്‍ പാര്‍ട്ടി നേതാവ് വല്‍ദിസ്ലാവ് ദാവന്‍കോവ് എന്നീ എതിരാളികളെയെല്ലാം നിഷ്പ്രഭമാക്കിയാണ് പുടിന്റെ ജൈത്രയാത്ര. ഇപ്പോഴുള്ള ആറ് വര്‍ഷത്തെ ഭരണം പുടിന്‍ ഉറപ്പിച്ചതോടെ അധികാരക്കസേരയില്‍ ഏറ്റവും കൂടുതല്‍ നാള്‍ ഇരുന്ന ഭരണാധികാരിയെന്ന ജോസഫ് സ്റ്റാലിന്റെ റെക്കോര്‍ഡും പുടിന്‍ മറികടന്നിരിക്കുകയാണ്. യുക്രെയ്‌നില്‍ വിനാശകരമായ യുദ്ധം ആരംഭിക്കുകയും എല്ലാ അധികാരവും തന്റെ കൈകളില്‍ കേന്ദ്രീകരിക്കുകയും ചെയ്ത ശേഷമാണ് പുടിന്റെ പുതിയ തുടക്കമെന്നതും എടുത്തുപറയേണ്ടതാണ്.
അധികാരക്കസേരയിലേക്ക് വീണ്ടുമെത്തിയ ശേഷം ജനങ്ങളോട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ പുടിന്റെ കരുത്തും ആത്മവിശ്വാസവും എന്തും ചെയ്യാനുള്ള മനക്കട്ടിയും വെളിവാക്കുന്നതായിരുന്നു.'നമ്മുടെ തീരുമാനം, നമ്മുടെ കാഴ്ചപ്പാട്, ഭീഷണിപ്പെടുത്താന്‍ വരുന്നവരേയും അടിച്ചമര്‍ത്തണമെന്നാഗ്രഹിക്കുന്നവരേയും ഗൗനിക്കേണ്ടതില്ല, ഇത് നമ്മുടെ ചരിതനേട്ടം എന്നായിരുന്നു പ്രസിഡന്റ് പുടിന്‍ പറഞ്ഞത്.
അതേസമയം തന്നെ മൂന്നാംലോക മഹായുദ്ധമെന്നൊരു വാക്ക് കൂടി പറഞ്ഞുവച്ചത് ലോകരാജ്യങ്ങളില്‍ തെല്ലാശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. റഷ്യയും യു.എസ് നേതൃത്വം നല്‍കുന്ന നാറ്റോ സൈനിക സഖ്യവും തമ്മിലുള്ള ബന്ധം വഷളാവുകയാണെങ്കില്‍ മൂന്നാം ലോക മഹായുദ്ധത്തിന്റെ സാധ്യതയുണ്ടെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മൂന്നാം ലോക മഹായുദ്ധത്തിന് ഒരു ചുവടകലെ മാത്രമാണെന്നും അത്തരത്തില്‍ ഒരു സാഹചര്യം ഉണ്ടാകാതിരിക്കട്ടെ എന്നുമാണ് പുടിന്‍ കൂട്ടിച്ചേര്‍ത്തത്. പ്രസിഡന്റ് ബോറിസ് യെല്‍റ്റ്‌സിന്റെ പിന്‍ഗാമിയായാണ് 1999ല്‍ പുടിന്‍ റഷ്യയുടെ അമരത്തെത്തുന്നത്. സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഒരു രാജ്യത്തില്‍ നിന്ന് ആഗോള സുരക്ഷയെ ഭീഷണിപ്പെടുത്തുന്നതും ലോകരാജ്യങ്ങള്‍ ആശങ്കയോടെ നോക്കിക്കാണുന്നതുമായ ഒരു രാജ്യമാക്കി പുടിന്‍ റഷ്യയെ മാറ്റി.