/kalakaumudi/media/media_files/2025/04/12/B1sx6fqogIrPmkUvQurL.jpg)
വാഷിങ്ടണ്‍: യുഎസിലെ 6,000-ത്തിലധികം ജീവിച്ചിരിക്കുന്ന അനധികൃത കുടിയേറ്റക്കാരെ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ട്രംപ് ഭരണകൂടം. ഇവരെ നിര്‍ബന്ധിതമായി നാടുകടത്തുമെന്നും യുഎസ് അറിയിച്ചു.
കുടിയേറ്റക്കാര്‍ക്ക് ജോ ബൈഡന്‍ സര്‍ക്കാരിന്റെ കാലത്തെ പദ്ധതികള്‍ പ്രകാരം യുഎസിലേക്കു പ്രവേശിക്കാനും താല്‍ക്കാലികമായി താമസിക്കാനും അനുവാദമുണ്ടായിരുന്നു. എന്നാല്‍ ഇവരെ മരിച്ചവരായി കണക്കാക്കുന്ന കടുത്ത നടപടിയാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.
കുടിയേറ്റക്കാരുടെ സാമൂഹിക സുരക്ഷാ നമ്പറുകള്‍ റദ്ദാക്കുകയും അവരെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. ഇവര്‍ക്കു മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കഴിയാത്ത സാഹചര്യവും ട്രംപ് ഭരണകൂടം ഒരുക്കിയിട്ടുണ്ട്. ഈ കുടിയേറ്റക്കാരെ 'സ്വയം നാടുകടത്താനും' സ്വന്തം രാജ്യങ്ങളിലേക്കു മടങ്ങിപ്പോകാനും പ്രോത്സാഹിപ്പിക്കുക എന്നതാണ് യുഎസ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി.
സാമൂഹിക സുരക്ഷാ നമ്പറുകള്‍ ഇല്ലാതാക്കുന്നതു വഴി, ട്രംപ് ഭരണകൂടം പല സാമ്പത്തിക സേവനങ്ങളില്‍നിന്ന് ഇവരെ ഒഴിവാക്കുകയും ബാങ്കുകളോ മറ്റ് അടിസ്ഥാന സേവനങ്ങളോ ഉപയോഗിക്കുന്നതില്‍നിന്ന് വിലക്കുകയും ചെയ്തിരിക്കുകയാണ്. ബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത് യുഎസില്‍ പ്രവേശിച്ച കുടിയേറ്റക്കാരെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം.
സിബിപി വണ്‍ ആപ്പ് ഉപയോഗിച്ച് രാജ്യത്തെത്തിയ കുടിയേറ്റക്കാരുടെ നിയമപരമായ പദവി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. ഏതാണ്ട് 9 ലക്ഷം കുടിയേറ്റക്കാരാണ് സിബിപി വണ്‍ ആപ്പ് ഉപയോഗിച്ച് യുഎസിലേക്ക് എത്തിയത്. ഇവരെ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് 6,000ഓളം പേരെ മരിച്ചതായി പ്രഖ്യാപിക്കുന്ന പുതിയ നടപടി.
ബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രസിഡന്‍ഷ്യല്‍ അധികാരത്തിന്റെ ഭാഗമായാണ് 2 വര്‍ഷത്തെ താല്‍ക്കാലിക അനുമതിയോടെ കുടിയേറ്റക്കാര്‍ക്ക് യുഎസില്‍ തുടരാനും ജോലി ചെയ്യാനും അനുമതി നല്‍കിയിരുന്നത്. താല്‍ക്കാലികമായി യുഎസില്‍ തുടരാന്‍ നിയമപരമായ അനുമതിയുള്ള ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരോട് ഈ മാസം അവസാനം രാജ്യം വിടാന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നെങ്കിലും ഫെഡറല്‍ കോടതി ഈ ഉത്തരവ് തടഞ്ഞിരിക്കുകയാണ്.