/kalakaumudi/media/media_files/2025/09/13/israel-2025-09-13-14-44-29.jpg)
അബുദാബി: ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലും, തുടർന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ പ്രസ്താവനയിലും യുഎഇ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇതിൻ്റെ ഭാഗമായി ഇസ്രയേൽ ഡെപ്യൂട്ടി അംബാസഡറായ ഡേവിഡ് അഹദ് ഹൊർസാൻറിയെ യുഎഇ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. യുഎഇ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം ബിന്ത് ഇബ്രാഹിം അൽ ഹാഷിമിയാണ് ഇസ്രയേൽ പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്.ഗൾഫ് രാജ്യങ്ങൾക്കു നേരെയുള്ള ഏത് ആക്രമണവും ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ സുരക്ഷ സംവിധാനത്തിന് നേരെയുള്ള ആക്രമണമായി വിലയിരുത്തുമെന്ന് യുഎഇ വ്യക്തമാക്കി. ഈ ആക്രമണങ്ങൾ മേഖലയിലെ സമാധാനം ഇല്ലാതാക്കുമെന്നും, അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിക്കുമെന്നും അൽ ഹാഷിമി കൂട്ടിച്ചേർത്തു. ഖത്തറിനെതിരെ ഇസ്രയേൽ നടത്തിയത് ഭീരുത്വപരമായ ആക്രമണമാണെന്ന് റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി പറഞ്ഞു. നിരുത്തരവാദപരമായ ഈ ആക്രമണം ഖത്തറിൻറെ പരമാധികാരത്തിന് മേലുള്ള നഗ്നമായ ലംഘനമാണ്. അന്താരാഷ്ട്ര നിയമത്തിനും യുഎൻ ചാർട്ടറിനും നേരെയുള്ള ഗുരുതരമായ ആക്രമണം പ്രാദേശിക, അന്തർദേശീയ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണ്. ഖത്തറിൻറെ സുരക്ഷയും സ്ഥിരതയും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെ സുരക്ഷയുടെയും സ്ഥിരതയുടെയും അവിഭാജ്യ ഘടകമാണെന്നും അൽ ഹാഷിമി കൂട്ടിച്ചേർത്തു.