/kalakaumudi/media/media_files/2026/01/03/2-2026-01-03-22-33-16.jpg)
വാഷിങ്ടണ്‍: വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസ് ആക്രമിച്ച് യുഎസ് കസ്റ്റഡിയിലെടുത്ത പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ലോര്‍സിനെയും ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരികയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടിയത് ടെലിവിഷന്‍ ഷോ കാണുന്നതുപോലെയാണ് രാത്രിയില്‍ താന്‍ കണ്ടതെന്നും ട്രംപ് പറഞ്ഞു.
വെനസ്വേലയിലെ സൈനിക നടപടിക്കായി കാലാവസ്ഥ മെച്ചപ്പെടുന്നതിന് നാല് ദിവസം കാത്തിരുന്നതായി ഡോണള്‍ഡ് ട്രംപ് വെളിപ്പെടുത്തി. മഡുറോയെ പിടികൂടിയ യുഎസ് സൈന്യത്തില്‍ ചിലര്‍ക്ക് പരുക്കുകള്‍ സംഭവിച്ചെന്നും മരണമുണ്ടായിട്ടില്ലെന്നും ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ഇതിനിടെ, വെനസ്വേലന്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് റഷ്യയിലെത്തി ചര്‍ച്ചകള്‍ നടത്തി.
എന്നാല്‍ ലഹരിമരുന്നു കടത്തും ആയുധ ഇടപാടും അടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി മഡുറോയെ യുഎസില്‍ വിചാരണ ചെയ്‌തേക്കുമെന്നു വിവരം കിട്ടിയതായി റിപ്പബ്ലിക്കന്‍ സെനറ്റര്‍ മൈക്ക് ലീയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ലീ ഇതു വെളിപ്പെടുത്തിയത്. ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 1.50 ഓടെയാണ് കാരക്കാസില്‍ യുഎസിന്റെ ബോംബ് ആക്രമണങ്ങളുണ്ടായത്. മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം കസ്റ്റഡിയിലെടുത്തെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് അറിയിച്ചത്.
സൈനിക നടപടികളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും യുഎസ് സൈന്യത്തിലെ തീവ്രവാദവിരുദ്ധ വിഭാഗമായ ഡെല്‍റ്റ ഫോഴ്‌സാണ് ആക്രമണം നടത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാരക്കാസില്‍ സ്‌ഫോടനങ്ങള്‍ക്കു പിന്നാലെ യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌ഫോടനത്തിന്റെതെന്നു സംശയിക്കപ്പെടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തലസ്ഥാനത്തിന്റെ മധ്യഭാഗത്തുള്ള ലാ കാര്‍ലോട്ട സൈനിക വിമാനത്താവളവും പ്രധാന സൈനിക താവളമായ ഫ്വേര്‍ട്ടെ ടിയുനയും ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടതായാണ് വിവരം. മിറാന്‍ഡ, അറാഹുവ, ലാഗുവൈറെ സംസ്ഥാനങ്ങളിലും ആക്രമണം ഉണ്ടായെന്നും സൈനിക, സിവിലിയന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതായും വെനസ്വേല അറിയിച്ചു. പിന്നാലെ രാജ്യത്ത് സായുധസേനയെ വിന്യസിക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)

