/kalakaumudi/media/media_files/2025/01/20/pmlFYrEwDJmQuGIzWIoD.jpg)
പരിസ്ഥിതി സംരക്ഷണത്തിനായുള്ള പാരിസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറുന്ന ഉത്തരവിൽ ഒപ്പുവച്ച് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്ന എല്ലാ സഹായവും യുഎസ് അവസാനിപ്പിക്കുന്നതായും ട്രംപ് ഉത്തരവിറക്കി. നാലു വർഷം മുൻപ് തനിയ്ക്കുവേണ്ടി കാപിറ്റോൾ മന്ദിരത്തിനുള്ളിൽ കടന്ന് കലാപം ഉണ്ടാക്കിയ അക്രമികളെയും ട്രംപ് കുറ്റവിമുക്തരാക്കി.അമേരിക്ക ഇനി ലോകാരോഗ്യ സംഘടനയിൽ ഇല്ലെന്നും, ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നൽകുന്ന ഭീമമായ സാമ്പത്തിക സഹായം അനാവശ്യ ചെലവാണെന്നും ട്രംപ് വ്യക്തമാക്കി. വിഷവാതകങ്ങൾ കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനം തടയാനും ലക്ഷ്യമിട്ട് ലോകരാജ്യങ്ങൾ ഒപ്പുവച്ച പാരിസ് ഉടമ്പടിയിൽ നിന്നും അമേരിക്ക പിന്മാറിയെന്ന ഉത്തരവിലും ട്രംപ് ഒപ്പിട്ടു. രാജ്യത്തിന്റെ വളർച്ചയ്ക്ക് കരാർ തടസമാണെന്ന നിലപാടാണ് ട്രംപിനുള്ളത്. നാലു വർഷം മുൻപ് ട്രംപിനുണ്ടായ തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാതെ ക്യാപിറ്റോൾ മന്ദിരത്തിലേക്ക് അതിക്രമിച്ചുകയറി അക്രമം നടത്തിയ 1600 അനുയായികളെ രക്ഷിച്ചെടുക്കുന്ന ഉത്തരവിലും ട്രംപ് ഒപ്പുവച്ചു. പ്രസിഡന്റിന്റെ സവിശേഷ അധികാരം ഉപയോഗപ്പെടുത്തിയാണ് ട്രംപ് ഇവരെ കുറ്റവിമുക്തരാക്കിയത്. ലോകത്തിന് മുന്നിൽ അമേരിക്കയെ നാണംകെടുത്തിയ ഈ കലാപകാരികൾക്ക് ഇനി തുടർ വിചാരണ ഇല്ല. അനധികൃത കുടിയേറ്റം തടയുന്നതിന് മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൂടാതെ, അമേരിക്കയിലെ 90 ലക്ഷത്തോളം വരുന്ന ലൈംഗിക ന്യൂനപക്ഷങ്ങൾ ഇനി രേഖകളിൽ ഉണ്ടാവില്ല. അമേരിക്കയിൽ രണ്ടു വർഗ്ഗമേയുള്ളൂ, ആണും പെണ്ണും എന്ന് പ്രഖ്യാപിച്ച ട്രംപ് സർക്കാർ രേഖകളിൽ ഇനി ട്രാൻസ്‌ജെൻഡറുകൾ ഉണ്ടാവില്ലെന്ന ഉത്തരവിലും ഒപ്പുവച്ചു. അമേരിക്കയിൽ ജനിക്കുന്ന ഏതൊരു കുട്ടിയ്ക്കും സ്വാഭാവിക പൗരത്വം ലഭിക്കുന്ന ജന്മാവകാശ പൗരത്വ രീതി അവസാനിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ബൈഡൻ ഭരണകൂടം ഇറക്കിയ 80 ഉത്തരവുകളും ട്രംപ് റദ്ദാക്കിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
