രാജ്യം മുഴുവൻ കത്തിയമരുമ്പോഴും നെതന്യാഹുവിന് സംരക്ഷണമൊരുക്കി അമേരിക്ക

പടിഞ്ഞാറന്‍ അമേരിക്കയുടെ പകുതിയും കാട്ടുതീയില്‍ കത്തിയമരുമ്പോഴാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരെ നിരോധിക്കുന്നതിനുള്ള ഒരു പ്രധാന പ്രമേയം അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയത്.

author-image
Rajesh T L
New Update
hh

വാഷിങ്ടൺ :പടിഞ്ഞാറന്‍ അമേരിക്കയുടെ പകുതിയും കാട്ടുതീയില്‍ കത്തിയമരുമ്പോഴാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരെ നിരോധിക്കുന്നതിനുള്ള ഒരു പ്രധാന പ്രമേയം അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയത്.പലസ്തീന്‍ യുദ്ധത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു കുറ്റകൃത്യങ്ങള്‍ ചെയ്തുവെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. നെതന്യാഹുവിനെ പ്രതിരോധത്തിലാക്കിയ വിധിയായിരുന്നു അത്. എന്നാല്‍ നെതന്യാഹുവിനെ  സംരക്ഷിക്കുന്നതിനായി അമേരിക്ക ഇപ്പോള്‍ ജഡ്ജിമാര്‍ക്കെതിരെ ഒരു പ്രമേയം കൊണ്ടുവന്നിരിക്കുകയാണ്.
അന്താരാഷ്ട്ര നീതിന്യായ കോടതിയെ 'കംഗാരു കോടതി' എന്നാണ് അമേരിക്ക വിളിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍,നീതിപൂര്‍വ്വം പ്രവര്‍ത്തിക്കാത്തതും മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള വിധിന്യായ പ്രക്രിയ പിന്തുടരുന്ന കോടതികളെയാണ്  യുഎസില്‍  കംഗാരു കോടതികളെന്ന് വിളിക്കുന്നത്. ഇതുപ്രകാരം  നെതന്യാഹുവിനെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നാണ് അമേരിക്കയുടെ വിമര്‍ശനം.

ഈ സാഹചര്യത്തില്‍, യുഎസ് കോണ്‍ഗ്രസിന്റെ അധോസഭയില്‍  വ്യാഴാഴ്ച ഒരു സുപ്രധാന പ്രമേയം അവതരിപ്പിച്ചു.അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അധികാര പരിധി അമേരിക്ക അംഗീകരിക്കുന്നില്ല. അതിനാല്‍, അമേരിക്കന്‍ പൗരന്മാര്‍ക്കോ അമേരിക്കയുമായി സൗഹൃദമുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്കോ എതിരെ ഏതെങ്കിലും രാജ്യം കേസ് ഫയല്‍ ചെയ്താല്‍ ആ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മരവിപ്പിക്കാനും വിസ നിഷേധിക്കാനുമുള്ള അവകാശം അമേരിക്കുണ്ടാകും എന്നാണ് പ്രമേയം പറയുന്നത്.കഴിഞ്ഞ മേയില്‍ ആണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ  പ്രോസിക്യൂട്ടര്‍ കരിം ഖാന്‍ നെതന്യാഹുവിനെതിരെ കേസ് ഫയല്‍ ചെയ്തത്.നിലവില്‍ പാസാക്കിയ പ്രമേയത്തില്‍ അദ്ദേഹത്തെയും അദ്ദേഹത്തെ സഹായിച്ചവരെയും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് പറയുന്നു.ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 198 അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ 45 അംഗങ്ങളും ഈ പ്രമേയത്തെ പിന്തുണച്ചുവെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. ആകെ 243 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രമേയം പാസായത്.140 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

പലസ്തീനില്‍ ഏകദേശം 46,000 പേരെ കൊന്നൊടുക്കിയ ഇസ്രായേല്‍ സൈന്യത്തെ നയിച്ച ഭരണാധികാരിയാണ് നെതന്യാഹു.അമേരിക്കയുടെ അധോസഭ പാസാക്കിയ പ്രമേയം, യുഎസ് കോണ്‍ഗ്രസിന്റെ ഉപരിസഭയായ സെനറ്റില്‍ പാസായാല്‍ നിയമമാകും. ഈ നിയമം നെതന്യാഹുവിനെ രക്ഷിക്കുമെന്നാണ് വിലയിരുത്തല്‍.അമേരിക്കയും ഇസ്രായേലും ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ അംഗീകരിച്ചിട്ടില്ല. ഇന്ത്യയും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.അതിനിടെ, കാലിഫോര്‍ണിയയും ലോസ് ഏഞ്ചല്‍സും ഉള്‍പ്പെടെ പടിഞ്ഞാറന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പകുതിയും നിലവില്‍ കാട്ടുതീയുടെ പിടിയില്‍ വലിയ നാശനഷ്ടങ്ങള്‍ നേരിടുകയാണ്. വ്യാഴാഴ്ച്ച  വരെയുള്ള കണക്കനുസരിച്ച്, തീപിടുത്തത്തില്‍ ഏകദേശം 4.3 ലക്ഷം കോടി രൂപയുടെ നാശനഷ്ടമുണ്ടായി. തീ അതിവേഗം പടരുന്നതിനാല്‍ നാശനഷ്ടങ്ങള്‍ ഇനിയും വര്‍ധിക്കുമെന്ന്  അധികൃതര്‍ ഭയപ്പെടുന്നു. ദുരന്തം തടയാന്‍ വേണ്ടത്ര ശ്രമം നടത്തിയില്ലെന്ന വിമര്‍ശനവും  ഉയര്‍ന്നിട്ടുണ്ട്. അമേരിക്കന്‍ ഐക്യനാടുകളുടെ നിലവിലെ മോശം സാഹചര്യത്തില്‍ തിരക്കിട്ട് നെതന്യാഹുവിന് അനുകൂലമായ ഒരു പ്രമേയം പാസാക്കിയതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്

baiden International Court of Justice Benjamin Netanyahu