/kalakaumudi/media/media_files/2025/11/19/raafff-2025-11-19-20-57-30.jpg)
വാഷിങ്ടണ്‍: ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ തകര്‍ന്നെന്ന പ്രചാരണത്തിനു പിന്നില്‍ ചൈനയാണെന്ന് യുഎസ് റിപ്പോര്‍ട്ട്. യുഎസ്-ചൈന ഇക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മിഷന്‍ യുഎസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ചൈനയുടെ യുദ്ധവിമാനമായ ജെ35ന്റെ പ്രചാരണത്തിനായാണ് ഇങ്ങനെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ''ഇന്ത്യപാക്ക് സംഘര്‍ഷമുണ്ടായതിനു പിന്നാലെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ചൈന സമൂഹമാധ്യമങ്ങളില്‍ ക്യാംപയിന്‍ ആരംഭിച്ചു. ജെ35 വിമാനങ്ങളുടെ പ്രചാരണത്തിനായാണ് തെറ്റായ വിവരം പ്രചരിപ്പിച്ചത്. ചൈനീസ് ആയുധങ്ങള്‍ ഉപയോഗിച്ച് ഇന്ത്യന്‍ വിമാനങ്ങളെ തകര്‍ത്തതായി നിര്‍മിത ബുദ്ധി (എഐ) ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തി''റിപ്പോര്‍ട്ടില്‍ പറയുന്നു.
റഫാലിനെതിരെ ചിലര്‍ മനഃപൂര്‍വം തെറ്റായ പ്രചാരണം അഴിച്ചു വിടുന്നതായി ഫ്രാന്‍സും വ്യക്തമാക്കിയിരുന്നു. റഫാലിന്റെ വിപണി സാധ്യതകളെ ഇല്ലാതാക്കാനായിരുന്നു ചൈനീസ് നീക്കം. ചൈനീസ് ആയുധങ്ങളുടെയും വിമാനങ്ങളുടെയും വില്‍പ്പന വര്‍ധിപ്പിക്കലായിരുന്നു പ്രചാരണത്തിലൂടെ ലക്ഷ്യമിട്ടത്.
കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ ഭീകര, വ്യോമ താവളങ്ങള്‍ ആക്രമിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാക്കിസ്ഥാന്‍ വിമാനങ്ങള്‍ ഇന്ത്യ തകര്‍ത്തതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ മലയാളി ഉള്‍പ്പെടെ 27 പേരാണ് കൊല്ലപ്പെട്ടത്. കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും യുഎഇ, നേപ്പാള്‍ സ്വദേശികളും കൊല്ലപ്പെട്ടു. 20 പേര്‍ക്കു പരുക്കേറ്റു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
