/kalakaumudi/media/media_files/2026/01/22/vance-2026-01-22-08-17-36.jpg)
വാഷിങ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ ഭാര്യയും ഇന്ത്യന്‍ വംശജയുമായ ഉഷ വാന്‍സ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഔദ്യോഗികമായി അറിയിച്ചു. ജൂലൈ അവസാനത്തോടെ തങ്ങളുടെ നാലാമത്തെ കണ്‍മണിയെ (ആണ്‍കുട്ടി) സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് എക്‌സിലൂടെ അവര്‍ പങ്കുവച്ചു. അമേരിക്കയുടെ ചരിത്രത്തില്‍ സെക്കന്‍ഡ് ലേഡി പദവിയിലിരിക്കെ കുഞ്ഞിന് ജന്മം നല്‍കുന്ന ആദ്യ വ്യക്തിയാകും ഉഷ വാന്‍സ്.
ഇവാന്‍, വിവേക്, മിറാബെല്‍ എന്നിങ്ങനെ മൂന്ന് കുട്ടികളാണ് ഈ ദമ്പതികള്‍ക്ക് നിലവിലുള്ളത്. ആന്ധ്രാപ്രദേശില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ദമ്പതികളുടെ മകളായ ഉഷ, കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോയിലാണ് ജനിച്ചുവളര്‍ന്നത്.
യേല്‍ ലോ സ്‌കൂളിലെ പഠനകാലത്താണ് ജെ.ഡി. വാന്‍സിനെ പരിചയപ്പെട്ടതും പിന്നീട് വിവാഹിതരായതും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള നിയമവിദഗ്ദ്ധ കൂടിയാണ് അവര്‍.
അമേരിക്കയില്‍ ജനനനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന വാദമുയര്‍ത്തുന്ന ട്രംപ് ഭരണകൂടത്തിലെ പ്രമുഖനായ വാന്‍സിനും കുടുംബത്തിനും ഈ വാര്‍ത്ത വലിയ രാഷ്ട്രീയ പ്രാധാന്യവും നല്‍കുന്നുണ്ട്. ജൂലൈയില്‍ ജനിക്കാനിരിക്കുന്ന പുതിയ അതിഥിക്കായി വലിയ ആവേശത്തിലാണ് വാന്‍സ് കുടുംബമെന്ന് ഉഷ വാന്‍സ് കുറിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
