/kalakaumudi/media/media_files/2025/09/11/oil-2025-09-11-10-48-34.jpg)
ദോഹ: ഇസ്രയേൽ ഖത്തറിൽ വ്യോമാക്രമണം നടത്തിയ വാർത്ത പുറത്തുവന്നതോടെ കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില. ബ്രെൻറ് ക്രൂഡ് ഓയിൽ 37 സെൻറ് അഥവാ 0.6 ശതമാനം ഉയർന്ന് ബാരലിന് വില 66.39 ഡോളറിലെത്തി. യു.എസ് വെസ്റ്റ് ടെക്സസ് ഇൻറർമീഡിയറ്റ് ക്രൂഡ് ഓയിൽ (ഡബ്ല്യൂ.ടി.ഐ) ബാരലിന് 62.63 ഡോളറിലെത്തി. മിഡിൽ ഈസ്റ്റിൽ നിലവിലെ സാഹചര്യങ്ങളിൽ സംഘർഷം വർധിക്കുമെന്ന ആശങ്കയാണ് വിപണിയെ ബാധിച്ചത്.ഖത്തറിനെതിരായ ആക്രമണത്തിന് മുമ്പേ തന്നെ എണ്ണ സൂചികകൾ ഉയർന്ന നിലയിലായിരുന്നു വ്യാപാരം നടത്തിയത്. ആഗോള ഓഹരി വിപണികളുടെ ഉയർച്ചയും യു.എസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയും എണ്ണവിലയിൽ പ്രതിഫലിച്ചിരുന്നു. സൗദി അറേബ്യ വിലക്കുറവ് വരുത്തുമെന്ന ആശങ്കകൾക്ക് മറുപടിയായി ഒപെക് ചെറിയ തോതിൽ വിപണന വർധനവ് പ്രഖ്യാപിച്ചതും വിലക്കയറ്റത്തിന് കാരണമായി.
അതേസമയം, ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തോട് ശക്തമായ വിയോജിപ്പുണ്ടെന്നാണ് ഗൾഫ് രാജ്യങ്ങളെ ഇന്ത്യ അറിയിച്ചത്. ആക്രമണം മേഖലയിലെ സംഘർഷ സ്ഥിതി വഷളാക്കുമെന്ന ആശങ്ക ഇന്ത്യ പ്രകടിപ്പിച്ചു. ഖത്തർ അമീർ അടക്കമുള്ള നേതാക്കളെ പ്രധാനമന്ത്രി നേരിട്ട് നിലപാട് അറിയിച്ചു. ഇന്ത്യയുടെ പിന്തുണയ്ക്ക് ഖത്തർ അമീർ മോദിക്ക് നന്ദി പറഞ്ഞു.എട്ട് ലക്ഷത്തിലധികം ഇന്ത്യക്കാരുള്ള ഖത്തറുമായുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള നടപടികളാണ് അടുത്തിടെയെല്ലാം നരേന്ദ്ര മോദി സ്വീകരിച്ചിട്ടുള്ളത്. ഖത്തർ അമീർ ദില്ലിയിലെത്തിയപ്പോൾ വിമാനത്തവളത്തിൽ നേരിട്ടെത്തി മോദി സ്വീകരിച്ചു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതകത്തിൽ മൂന്നിൽ രണ്ടും വാങ്ങുന്നത് ഖത്തറിൽ നിന്നാണ്. ഈ സാഹചര്യത്തിൽ ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തിന് എതിരായ നിലപാടാണ് ഇന്ത്യ ഇന്നലെ മൂന്നു വരി പ്രസ്താവനയിൽ സ്വീകരിച്ചത്. മേഖലയിലെ സമാധാനവും സുരക്ഷയും അപകടത്തിലാക്കരുത് എന്ന മുന്നറിയിപ്പ് ഇന്ത്യ നൽകി. അപലപിക്കുന്നു എന്ന് പറഞ്ഞില്ലെങ്കിലും ആക്രമണത്തിൽ അതിയായ ആശങ്കയുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി. ഇസ്രയേൽ ആക്രണമണത്തിനു ശേഷം ഗൾഫ് രാജ്യങ്ങളുടെ തുടർനീക്കം ഇന്ത്യ നിരീക്ഷിക്കുകയാണ്.