ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ തദ്ദേശീയമായി വികസിപ്പിച്ച മൂന്നാം തലമുറ ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ് ആന്റി ടാങ്ക് ഗൈഡഡ് മിസൈലായ നാഗ് മാര്‍ക്ക് 2-വിന്റെ മൂന്നാം പരീക്ഷണവും വിജയകരമായി പൂര്‍ത്തിയായി. രാജസ്ഥാനിലെ പൊഖ്‌റാന്‍ ഫയറിങ് റേഞ്ചിലാണ് ആന്റി ടാങ്ക് ഗൈഡഡ് മിസൈലായ നാഗ് മാര്‍ക്ക് -2 പരീക്ഷണം നടന്നത്.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഈ മിസൈല്‍ ഉടന്‍ തന്നെ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായിത്തീരും.
അവസാന പരീക്ഷണത്തില്‍ നാഗ് മാര്‍ക്ക്- 2 എല്ലാ നിയുക്ത ലക്ഷ്യങ്ങളെയും തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഡി.ആ.ര്‍.ഡി.ഒയെ അഭിനന്ദനങ്ങള്‍ അറിയിച്ചു.ഡി.ആ.ര്‍.ഡി.ഒ, സൈന്യം, വ്യവസായ പങ്കാളികള്‍ എന്നിവരിലൂടെ സൈന്യത്തിന്റെ പുതിയൊരു നാഴികക്കല്ല് സ്ഥാപിക്കാന്‍ കഴിഞ്ഞതില്‍ അഭിനന്ദനങ്ങള്‍ നേരുന്നതായാണ് രാജനാഥ് സിങ് പറഞ്ഞത്.
ആധുനിക കവചിത ഭീഷണികളെ നിര്‍വീര്യമാക്കാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഇന്ത്യയുടെ അഭിമാനമായ നാഗ് മാര്‍ക്ക്- 2.വിക്ഷേപണത്തിന് മുമ്പ് ടാര്‍ഗെറ്റുകളിലേക്ക് ലോക്ക് ചെയ്യാന്‍ ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ് സാങ്കേതികവിദ്യ ഓപ്പറേറ്റര്‍മാരെ പ്രാപ്തമാക്കുന്ന ആന്റി ടാങ്ക് മിസൈല്‍ ആണിത്.അതി സങ്കീര്‍ണ്ണമായ യുദ്ധഭൂമിയില്‍ പോലും കൃത്യമായ സ്ട്രൈക്കുകള്‍ ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കുന്നു. മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് പുറമെ,നാഗ് മിസൈല്‍ കാരിയര്‍ രണ്ടാം പതിപ്പിന്റെ ഫീല്‍ഡ് മൂല്യനിര്‍ണ്ണയവും വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡി.ആ.ര്‍.ഡി.ഒ അറിയിച്ചു.
മിസൈല്‍ അസാധാരണമായ കൃത്യതയും വിശ്വാസ്യതയും പ്രദര്‍ശിപ്പിച്ചതായും, പരമാവധി കുറഞ്ഞ ദൂര പരിധികളിലെ എല്ലാ ലക്ഷ്യങ്ങളെയും തകര്‍ത്തതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.വിക്ഷേപിക്കുന്നതിന് മുമ്പ് ലക്ഷ്യസ്ഥാനം കൃത്യമായി ഉറപ്പാക്കി ലോക്ക് ചെയ്യാന്‍ ഓപ്പറേറ്റര്‍മാരെ പ്രാപ്തരാക്കുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.