പാകിസ്ഥാനെ പുകച്ച് താലിബാന്‍; 15 സൈനികരെ കൊന്നു

പല പ്രവിശ്യകളിലും കനത്ത പോരാട്ടം നടക്കുകയാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഏതാനും പോസ്റ്റുകള്‍ പിടിച്ചെടുത്തതായി താലിബാന്‍ സൈന്യം അവകാശപ്പെട്ടു.

author-image
Biju
New Update
thali

കാബൂള്‍: തങ്ങളുടെ മണ്ണില്‍ വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ച് താലിബാന്‍ സേന പാക്ക് സൈന്യത്തിനെതിരെ ആക്രമണം ആരംഭിച്ചു. പാക്അഫ്ഗാന്‍ അതിര്‍ത്തിയായ ഡ്യൂറന്‍ഡ് ലൈനിലെ വിവിധ പോസ്റ്റുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടു. 

പല പ്രവിശ്യകളിലും കനത്ത പോരാട്ടം നടക്കുകയാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഏതാനും പോസ്റ്റുകള്‍ പിടിച്ചെടുത്തതായി താലിബാന്‍ സൈന്യം അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ഖ്വയില്‍ പൊലീസ് ട്രെയിനിങ് ക്യാമ്പിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 20 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു. 

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വ്യാഴാഴ്ച രണ്ട് സ്‌ഫോടനങ്ങളും രാജ്യത്തിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് മറ്റൊരു സ്‌ഫോടനവും നടന്നിരുന്നു. പാക്ക്അഫ്ഗാന്‍ അതിര്‍ത്തി പ്രദേശത്തെ ചന്തയിലും സ്‌ഫോടനമുണ്ടായി. ഈ ആക്രമണങ്ങള്‍ക്കു പിന്നില്‍ പാക്കിസ്ഥാനാണെന്നാണ് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്. 

പാക്കിസ്ഥാന്‍ തങ്ങളുടെ പരമാധികാരം ലംഘിച്ചതായും ആരോപിച്ചു. അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. പാക്കിസ്ഥാന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. സ്‌ഫോടനം നടന്നതായും ആളപായം ഇല്ലെന്നും അഫ്ഗാന്‍ സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കിയിരുന്നു. 

കാബൂളില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി താലിബാന്‍ സേന അതിര്‍ത്തിയിലെ വിവിധ പ്രദേശങ്ങളില്‍ പാക്കിസ്ഥാന്‍ സുരക്ഷാ സേനയുമായി കനത്ത ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് അഫ്ഗാന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. വിജയകരമായ ഈ ഓപറേഷനുകള്‍ അര്‍ധരാത്രിയോടെ അവസാനിച്ചതായി താലിബാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് എഎഫ്പിയോട് പറഞ്ഞു.

പാക്കിസ്ഥാന്‍ വീണ്ടും അഫ്ഗാന്‍ പ്രദേശത്തു കടന്നുകയറുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നു മുന്നറിയിപ്പും നല്‍കി. വ്യാഴാഴ്ചത്തെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ തങ്ങളാണെന്നു പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അഫ്ഗാന്‍ മണ്ണില്‍ തെഹ്രീക് ഇ താലിബാനെ (ടിടിപി) സംരക്ഷിക്കുന്നത് അവസാനിപ്പിക്കാന്‍ കാബൂളിനോട് ആവശ്യപ്പെട്ടു. അടുത്തിടെയായി, അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലുള്ള മലയോര പ്രദേശങ്ങളില്‍ ടിടിപി സായുധസംഘം പാക്കിസ്ഥാന്‍ സുരക്ഷാ സേനയ്ക്കെതിരായ ആക്രമണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.