നാഥനില്ലാക്കളരിയായി വെനസ്വേല; കടകള്‍ക്ക് മുന്നില്‍ ഭക്ഷണത്തിനായി ക്യൂ

യുഎസ് ആക്രമണത്തില്‍ വെനസ്വേലയിലെ സൈനിക കേന്ദ്രങ്ങളില്‍ വലിയ നാശനഷ്ടം ഉണ്ടായതായി സാറ്റലൈറ്റ് ചിത്രങ്ങള്‍ വിശകലനം ചെയ്ത് ബിബിസി റിപ്പോര്‍ട്ട് ചെയ്തു

author-image
Biju
New Update
VEN4

കാരക്കസ്:വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്‌ലോറെസിനെയും യുഎസ് സൈന്യം രാത്രി നടത്തിയ ഓപ്പറേഷനിലൂടെ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുപോയതിന്റെ ഞെട്ടലിലാണ് രാജ്യം. റോഡുകള്‍ വിജനം. കടകളില്‍ ഭൂരിഭാഗവും അടഞ്ഞു കിടക്കുന്നു. തുറന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് മുന്നില്‍ വലിയ ക്യൂവാണ്. ഭക്ഷണക്ഷാമം ഉണ്ടാകുമെന്ന് പലരും ഭയപ്പെടുന്നു. മഡുറോയെ അനുകൂലിക്കുന്നവര്‍ ചില നഗരങ്ങളില്‍ പ്രതിഷേധ റാലി നടത്തി.

വൈസ് പ്രസിഡന്റായ ഡെല്‍സി റോഡ്രിഗസിനോട് ഇടക്കാല പ്രസിഡന്റിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി. യുഎസ് ആക്രമണത്തില്‍ വെനസ്വേലയിലെ സൈനിക കേന്ദ്രങ്ങളില്‍ വലിയ നാശനഷ്ടം ഉണ്ടായതായി സാറ്റലൈറ്റ് ചിത്രങ്ങള്‍ വിശകലനം ചെയ്ത് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മുഖ്യ സൈനിക താവളമായ ഫോര്‍ട്ട് ട്യൂണയില്‍ നടത്തിയ ആക്രമണത്തില്‍ ആറ് കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. ഒരു കെട്ടിടത്തില്‍നിന്ന് പുക ഉയരുന്നതും മൂന്നു കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നതും ചിത്രങ്ങളില്‍ കാണാം.

അമേരിക്ക പിടികൂടിയ മഡുറോയെ ബ്രൂക്ലിനിലെ തടവറയിലെത്തിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പ്രധാന വ്യക്തികളെ പാര്‍പ്പിക്കുന്ന തടവറയാണിത്. കൈവിലങ്ങ് വച്ച മഡുറോയുമായി ഉദ്യോഗസ്ഥര്‍ പോകുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. 

ശനിയാഴ്ച പുലര്‍ച്ചെ വെനസ്വേലന്‍ തലസ്ഥാനമായ കാരക്കസില്‍നിന്നും പിടികൂടിയ മഡുറോയെയും ഭാര്യയെയും യുഎസ് സൈനിക ഹെലികോപ്റ്ററില്‍ കരീബിയന്‍ കടലിലെ അജ്ഞാതമായ സ്ഥലത്തുണ്ടായിരുന്ന വിമാനവാഹിനി കപ്പലിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഗ്വാണ്ടനാമോയിലെ യുഎസ് നാവിക കേന്ദ്രത്തിലെത്തിച്ചു. പിന്നീട് വിമാനത്തില്‍ ന്യൂയോര്‍ക്കിലെത്തിച്ചു. 

ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 2ന് യുഎസ് സേനയുടെ ഭീകരവിരുദ്ധ വിഭാഗമായ ഡെല്‍റ്റ ഫോഴ്‌സ് വെറും 30 മിനിറ്റ് നീണ്ട ആക്രമണത്തിലൂടെയാണ് മഡുറോയെയും ഭാര്യയെയും പിടിച്ചുകൊണ്ടു പോയത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. സുഗമമായ അധികാരക്കൈമാറ്റം സാധ്യമാകും വരെ വെനസ്വേലയുടെ ഭരണം യുഎസ് ഏറ്റെടുത്തതായും ട്രംപ് പ്രഖ്യാപിച്ചു.