/kalakaumudi/media/media_files/2025/04/06/9JV5ohyY6NaJdLyC7m9T.jpg)
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ അമേരിക്കയില്‍ ജനം തെരുവില്‍. പ്രധാന നഗരങ്ങളില്‍ എല്ലാം പ്രതിഷേധം അരങ്ങേറുകയാണ്. കൂട്ട പിരിച്ചുവിടലും തീരുവ യുദ്ധവും അടക്കമുള്ള നയങ്ങള്‍ അമേരിക്കയെ തകര്‍ക്കുമെന്ന് സമരക്കാര്‍ പറയുന്നു.
50 സ്റ്റേറ്റുകളില്‍ പ്രതിഷേധം നടന്നു. ആക്റ്റിവിസ്റ്റുകള്‍, തൊഴിലാളി യൂണിയനുകള്‍, എല്‍ജിബിടിക്യു വിഭാഗങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ മാള്‍, സ്റ്റേറ്റ് കാപ്പിറ്റോള്‍, ന്യൂയോര്‍ക്ക് മുതല്‍ ലോസ് ഏഞ്ചല്‍സ് വരെയുള്ള നഗര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രതിഷേധം നടന്നു.
ട്രംപ് ഭരണകൂടം ജനാധിപത്യ സ്ഥാപനങ്ങളെ ഇല്ലാതാക്കുകയാണെന്നാണ് വിമര്‍ശനം. സോഷ്യല്‍ സെക്യൂരിറ്റി ഓഫീസുകള്‍ അടച്ചുപൂട്ടുന്നതിനും ഫെഡറല്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനും ആരോഗ്യ രംഗത്തെയും എച്ച്‌ഐവി ഫണ്ടിംഗിലെയും വെട്ടിക്കുറയ്ക്കലുകള്‍ക്കും എതിരെയാണ് പ്രതിഷേധം ഉയരുന്നത്.
അതേസമയം താന്‍ നടപ്പാക്കിയ പകരംതീരുവയുടെ നേട്ടം കണ്ടുതുടങ്ങും വരെ ക്ഷമയോടെ കാത്തിരിക്കണമെന്ന് വ്യവസായികളോട് ട്രംപ് ആവശ്യപ്പെട്ടു. തന്റെ തീരുമാനം അമേരിക്കയ്ക്ക് ചരിത്രപരമായ നേട്ടം നല്‍കുമെന്നും ട്രംപ് പറഞ്ഞു. പ്രഖ്യാപനത്തിന്റെ ആഘാതം ആഗോള വിപണിയില്‍ തുടരുകയാണ്. അമേരിക്കയിലും ബ്രിട്ടനിലും ഓഹരി സൂചികകള്‍ ഒറ്റ ദിവസം ഏഴു ശതമാനം വരെ ഇടിഞ്ഞു. ലോക വ്യാപാര സംഘടനയും ആശങ്ക രേഖപ്പെടുത്തി.
യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനംഅധിക തീരുവ ചുമത്തി ചൈന തിരിച്ചടിച്ചതോടെ വ്യാപാര യുദ്ധം പ്രവചനാതീത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.. ഉയര്‍ന്ന പണപ്പെരുപ്പവും മന്ദഗതിയിലുള്ള വളര്‍ച്ചയും ഉണ്ടായേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു
ട്രംപിന്റെ തീരുവ തീരുമാനത്തില്‍ വെട്ടിലായത് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരാണ്. മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് 17.9 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായി. തൊട്ടുപിറകിലുള്ളത് ജെഫ് ബെസോസാണ്. 15.9 ബില്യണ്‍ ഡോളര്‍ ബെസോസിന്റെ നഷ്ടം. മസ്‌കിന് 11 ബില്യണ്‍ ഡോളര്‍ നഷ്ടമായി.