ടെൽ അവീവ്: ഹമാസിൽ നിന്ന് മാസങ്ങളായിട്ടും ബന്ദികളെ മോചിപ്പിക്കാൻ സാധിക്കാത്തതിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇസ്രായേലിൽ പ്രതിഷേധം ശക്തം.രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാൻ കഴിയാത്ത നെതന്യാഹു പ്രധാനമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന്
ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് പ്രതിഷേധക്കാർ ഇസ്രായേലിലെ ടെൽ അവീവിലും ജെറുസലേമിലും തെരുവിലിറങ്ങി പ്രതിഷേധിച്ചു.
ടെൽ അവീവിൽ, ബന്ദികളുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ നഗരത്തിലെ റിങ് റോഡ് ഉപരോധിച്ചു. ബന്ദികളെ മോചിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഞായറാഴ്ച പുലർച്ചെ ടെൽ അവീവിലെ പ്രതിഷേധം അവസാനിച്ചപ്പോൾ 16 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ശനിയാഴ്ച രാത്രി പ്രതിഷേധക്കാർ കപ്ലാൻ സ്ട്രീറ്റിലെ പ്രധാന റോഡുകൾ തടയാൻ ശ്രമിച്ചു. ഇവിടെ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി.
ജെറുസലേമിൽ നൂറുകണക്കിന് പ്രതിഷേധക്കാർ പ്രധാനമന്ത്രി നെതന്യാഹുവിൻറെ വസതിക്ക് പുറത്ത് തടിച്ചുകൂടി പ്രതിഷേധിച്ചു.ഞായറാഴ്ച ജെറുസലേമിൽ കൂടുതൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ നടക്കാനിരിക്കുകയാണ്.