ഗസയില്‍ ഇസ്രായേല്‍ ആക്രമണം: 3 മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു

ഈജിപ്യഷന്‍ കമ്മിറ്റിയുടെ റിലീഫ് പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവരാണ് കൊല്ലപ്പെട്ട ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ സ്‌ഫോടക വസ്തു പതിക്കുകയായിരുന്നു

author-image
Biju
New Update
press2

ഗാസസിറ്റി: ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ രണ്ടു കുട്ടികളും മൂന്ന് മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു.കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ നടത്തിയ വിവിധ ആക്രമണങ്ങളിലാണ് സംഭവമെന്നും ആറുപേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. അനസ് ഗുനൈം, അബ്ദുല്‍ റഊഫ് ഷാത്, മുഹമ്മദ് ഖെഷ്ദ എന്നീ മൂന്ന് ഫോട്ടോ ജേര്‍ണലിസ്റ്റുകളാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

ഈജിപ്യഷന്‍ കമ്മിറ്റിയുടെ റിലീഫ് പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവരാണ് കൊല്ലപ്പെട്ട ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ സ്‌ഫോടക വസ്തു പതിക്കുകയായിരുന്നുവെന്ന് ഗാസ ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍-ബര്‍ഷ് അല്‍ ജസീറയോട് പറഞ്ഞു.

പുതുതായി നിര്‍മിച്ച അഭയാര്‍ത്ഥി ക്യാമ്പ് ചിത്രീകരിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ബോംബാക്രമണത്തില്‍ തകര്‍ന്ന അവരുടെ വാഹനം റോഡരികില്‍ കിടക്കുന്നതും അവശിഷ്ടങ്ങളില്‍ നിന്ന് പുക ഉയരുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇസ്രായേല്‍ നിയന്ത്രിത പ്രദേശത്ത് നിന്ന് ഏകദേശം 5 കിലോമീറ്റര്‍ (3 മൈല്‍) അകലെയാണ് ആക്രമണം നടന്നതെന്നും, വാഹനം ഈജിപ്ഷ്യന്‍ കമ്മിറ്റിയുടേതാണെന്ന് ഇസ്രായേല്‍ സൈന്യത്തിന് അറിയാമായിരുന്നുവെന്നും കമ്മിറ്റി വക്താവ് മുഹമ്മദ് മന്‍സൂര്‍ അല്‍ജസീറയോട് പറഞ്ഞു.

അതേസമയം ആക്രമണം ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ വാഹനത്തിലുണ്ടായിരുന്നവര്‍ ഡ്രോണ്‍ ഉപയോഗിച്ചെന്നാണ് സേന ആരോപിക്കുന്നത്. അതിനാലാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേല്‍ സേന പറയുന്നു. അതേസമയം കൊല്ലപ്പെട്ട മറ്റുള്ളവരില്‍ ഒരേ കുടുംബത്തില്‍പെട്ട മൂന്നുപേരുമുണ്ട്. ഇസ്റ്റേണ്‍ ദേര്‍ എല്‍ ബലാഹില്‍നിന്നുള്ള കുടുംബത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്.

ഒക്ടോബര്‍ 10ന് പ്രാബല്യത്തില്‍ വന്ന യുഎസ് മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ നിരന്തരം ലംഘിച്ചതായി പലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.