/kalakaumudi/media/media_files/2025/01/19/5NusAICiAFG4kAEkA7On.jpg)
ticktok
വാഷിങ്ടണ്‍: യുഎസില്‍ ടിക് ടോക്ക് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ജനപ്രിയ വീഡിയോ ആപ്പ് നീക്കം ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
നിരോധനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരാനരിക്കെയാണ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്. യുഎസ് ഉപയോക്താക്കള്‍ക്ക് ടിക് ടോക്ക് വിതരണം ചെയ്യുന്നതില്‍ നിന്ന് മൊബൈല്‍ ആപ്പ് സ്റ്റോറുകളും ഇന്റര്‍നെറ്റ് ഹോസ്റ്റിംഗ് സേവനങ്ങളും വിലക്കുന്ന നിയമം സര്‍ക്കാര്‍ നടപ്പാക്കാനിരിക്കെയാണ് നിരോധനം. ടിക് ടോക്കിന് കരാര്‍ ഉണ്ടാക്കാന്‍ 90 ദിവസം കൂടി നല്‍കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ദേശീയ സുരക്ഷയെയും ഡാറ്റ സ്വകാര്യതയെയും കുറിച്ചുള്ള ആശങ്കകള്‍ കാരണം ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോം നിരോധിക്കാനുള്ള നടപടികള്‍ യുഎസ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടിയാണ് ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്താന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചത്.
ഇതിനായി 'പ്രൊട്ടക്റ്റിങ് അമേരിക്കന്‍സ് ഫ്രം ഫോറിന്‍ അഡ്വേഴ്സറി കണ്‍ട്രോള്‍ഡ് ആപ്ലിക്കേഷന്‍സ് ആക്ട്' എന്ന ബില്ലും പ്രതിനിധി സഭ പാസാക്കി. ഈ സാഹചര്യത്തിലാണ് ഡൊണാള്‍ഡ് ട്രംപ് ടിക് ടോക്കിന് അനുകൂല നിലപാട് സ്വീകരിച്ചത് . ടിക് ടോക്കിലൂടെ കൂടുതല്‍ വോട്ടര്‍മാരിലേക്ക് തനിക്ക് എത്താന്‍ സാധിച്ചുവെന്നും അതുകൊണ്ട് ആപ്പിന് കുറച്ചുകാലത്തേക്ക് കൂടി പ്രവര്‍ത്തനാനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും ട്രംപ് അരിസോണയില്‍ നടന്ന പരിപാടിക്കിടെ പറഞ്ഞിരുന്നു.
ചൈനീസ് മാതൃ കമ്പനി ബൈറ്റ്ഡാന്‍സ് വില്‍ക്കുന്നില്ലെങ്കില്‍ ദേശീയ സുരക്ഷയുടെ അടിസ്ഥാനത്തില്‍ യുഎസില്‍ നിരോധിക്കുന്ന നിയമം ശനിയാഴ്ച സുപ്രീം കോടതി ശരിവച്ചിരുന്നു. അമേരിക്കയില്‍ 170 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ടിക് ടോക്കിനുള്ളത്.
ബെയ്ജിങ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബൈറ്റ്ഡാന്‍സ് എന്ന ചൈനീസ് കമ്പനിയാണ് ടിക് ടോക്കിന്റെ മാതൃസ്ഥാപനം. ബൈറ്റ്ഡാന്‍സ് അവരുടെ ഓഹരികള്‍ വില്‍ക്കുകയോ അല്ലെങ്കില്‍ നിരോധനം നേരിടേണ്ടി വരികയോ ചെയ്യുമെന്നാണ് അമേരിക്ക പാസാക്കിയ ബില്ലില്‍ പറയുന്നത്. ഇതിനായി സര്‍ക്കാരിന് അംഗീകരിക്കാന്‍ കഴിയുന്ന സ്ഥാപനത്തെ കണ്ടെത്താന്‍ ആറു മാസത്തെ സമയമായിരുന്നു അമേരിക്ക ചൈനീസ് കമ്പനിക്ക് നല്‍കിയത്.
ഈ നിശ്ചിത സമയത്തിനുള്ളില്‍ നിബന്ധനകള്‍ പാലിക്കാന്‍ ബൈറ്റ്ഡാന്‍സിന് കഴിഞ്ഞില്ലെങ്കില്‍ ടിക് ടോക്കിന് അമേരിക്കയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് ബൈഡന്‍ ഭരണകൂടം പറഞ്ഞിരുന്നു.