/kalakaumudi/media/media_files/2026/01/22/torendo-2026-01-22-20-06-36.jpg)
വാഷിങ്ടണ്‍: നാല് വര്‍ഷത്തോളം പൈലറ്റായി ആള്‍മാറാട്ടം നടത്തി നൂറുകണക്കിന് വിമാനയാത്രകള്‍ സൗജന്യമായി ചെയ്ത ടൊറന്റോ സ്വദേശിയെ യുഎസ് അധികൃതര്‍ പിടികൂടി. 33 വയസ്സുകാരനായ ഡാളസ് പോകോര്‍ണിക് എന്ന മുന്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റാണ് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് മൂന്ന് പ്രമുഖ വിമാനക്കമ്പനികളെ കബളിപ്പിച്ചത്. പൈലറ്റുമാര്‍ക്കും മറ്റ് ക്രൂ അംഗങ്ങള്‍ക്കുമായി മാറ്റിവച്ചിട്ടുള്ള സീറ്റുകള്‍ നേടാന്‍ ഇയാള്‍ പൈലറ്റാണെന്ന് അവകാശപ്പെടുകയായിരുന്നു.
ജനുവരിയില്‍ പാനമയില്‍ വെച്ച് അറസ്റ്റിലായ ഇയാളെ വിചാരണയ്ക്കായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് അമേരിക്കയ്ക്ക് കൈമാറിയത്. കോടതിയില്‍ ഹാജരാക്കിയ പോകോര്‍ണിക് തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. ടൊറന്റോ ആസ്ഥാനമായുള്ള ഒരു വിമാനക്കമ്പനിയില്‍ 2017 മുതല്‍ 2019 വരെ ജോലി ചെയ്തിരുന്ന പരിചയം ഉപയോഗിച്ചാണ് പോകോര്‍ണിക് വ്യാജരേഖകള്‍ നിര്‍മ്മിച്ചത്.
പലപ്പോഴും പൈലറ്റുമാര്‍ക്ക് മാത്രം അനുവദനീയമായ കോക്പിറ്റിലെ 'ജമ്പ് സീറ്റുകള്‍' വരെ ഇയാള്‍ ഇത്തരത്തില്‍ കൈക്കലാക്കിയിരുന്നു. ഹൊണോലുലു, ചിക്കാഗോ, ടെക്‌സസ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എയര്‍ലൈനുകളെയാണ് ഇയാള്‍ പ്രധാനമായും ലക്ഷ്യമിട്ടത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ 20 വര്‍ഷം വരെ തടവുശിക്ഷയും രണ്ടരലക്ഷം അമേരിക്കന്‍ ഡോളര്‍ പിഴയും ലഭിക്കാവുന്ന വഞ്ചനാക്കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
