/kalakaumudi/media/media_files/2025/08/30/elephent-2025-08-30-14-57-36.jpg)
കെനിയയിലെ വന്യജീവി സങ്കേതത്തിൽ വച്ച് കാട്ടാനയുടെ തുമ്പിക്കൈയിൽ ബിയർ ഒഴിച്ച് കൊടുത്ത സ്പാനിഷ് സഞ്ചാരിക്കെതിരെ അന്വേഷണം. ആഫ്രിക്കൻ ആനയുടെ തുമ്പിക്കൈയിൽ ബിയർ ഒഴിച്ച് കൊടുക്കുകയും കാണ്ടാമൃഗങ്ങൾക്ക് കാരറ്റ് തിന്നാൻ കൊടുക്കുകയും ചെയ്യുന്ന ഇയാളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ രൂക്ഷമായ വിമർശനം നേരിടേണ്ടിവന്നതിനെ തുടർന്ന് ഇയാൾ വീഡിയോ സമൂഹ മാധ്യമ അക്കൗണ്ടിൽ നിന്നും പിൻവലിച്ചെങ്കിലും അതിനകം വീഡിയോ മറ്റ് പലരും വീണ്ടും പങ്കുവച്ചിരുന്നു. ഇതിനിടെ വന്യജീവികൾക്ക് ലഹരി നൽകിയതിൽ ഇയാൾക്കെതിരെ കെനിയ അന്വേഷണം പ്രഖ്യാപിച്ചു.കെനിയയിൽ വന്യജീവി വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന @skydive_kenya എന്ന വിനോദ സഞ്ചാരി ഗ്രൂപ്പിലാണ് വീഡിയോകൾ പങ്കുവയ്ക്കപ്പെട്ടത്. ഒത്ത ഒരു ആഫ്രിക്കൻ കൊമ്പനാനയുടെ മുന്നിൽ വച്ച് ഇയാൾ ഒരു ക്യാൻ ബിയർ കുടിക്കുന്നു. ഇതിനിടെ ബിയറിൻറെ മണം കിട്ടിയ കാട്ടാന തുമ്പിക്കൈ ബിയർ ക്യാനിന് നേർക്ക് നീട്ടുന്നു. ഈ സമയം ഇയാൾ ബാക്കിയുണ്ടായിരുന്ന ബിയർ ആനയുടെ തുമ്പിക്കൈയിലേക്ക് ഒഴിച്ച് കൊടുക്കുന്നത് കാണാം. സമാനമായ രീതിയിൽ നിരവധി വീഡിയോകളും ഫോട്ടോകളും ഇപ്പോഴും ഈ ഇൻസ്റ്റാഗ്രാം പേജിലുണ്ട്. ജിറാഫിന് ചൂട് ചായ കൊടുക്കുന്നതും കാണ്ടാമൃഗത്തിന് കാരറ്റ് കഴിക്കാൻ കൊടുക്കുന്നത് പോലുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്.മനുഷ്യൻറെ ഭക്ഷണ രുചികൾ അറിഞ്ഞ മൃഗങ്ങൾ പിന്നീട് അത് കിട്ടാതാകുമ്പോൾ അക്രമാസക്തമാകുമെന്ന് വന്യജീവി വകുപ്പുകൾ നിരന്തരം മുന്നറിയിപ്പ് നൽകുന്നു. അതിനാൽ വന്യമൃഗങ്ങൾക്ക് ആഹാര സാധനങ്ങൾ കൈമാറരുതെന്ന് ലോകത്തിലെ എല്ലാ വനംവകുപ്പുകളും സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഇത്തരം മുന്നറിയിപ്പുകളെ സഞ്ചാരികൾ അവഗണിക്കുമ്പോൾ അവ ആ മൃഗങ്ങളോട് ചെയ്യുന്ന ക്രൂരതയാണ്. സംഭവം വിവാദമായതോടെ മധ്യ കെനിയയിലെ ലൈക്കിപിയ കൗണ്ടിയിലെ ഓൾ ജോഗി കൺസർവൻസി ഒരു പ്രസ്താവന പുറത്തിറക്കി. കഴിഞ്ഞ വർഷമാണ് സംഭവം നടന്നതെങ്കിലും, വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കപ്പെട്ടതിന് ശേഷമാണ് വിവാദം ഉയർന്നത്.ജൂലൈ 29-ന് വന്യജീവി സങ്കേതം തങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഒരു പ്രസ്താവന പങ്കുവച്ചു. പ്രസ്താവനയിൽ ഓൾ ജോഗിയിൽ വർഷങ്ങളായി താമസിക്കുന്ന ബുപ എന്ന ആനയ്ക്കാണ് വിനോദ സഞ്ചാരി ബിയർ കൊടുത്തതെന്നും ഇത്തരം നടപടികൾ അസ്വീകാര്യവും അപകടകരവും സ്ഥാപനത്തിൻറെ മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്നും ചൂണ്ടിക്കാണിക്കുന്നു. ഇത്തരം കാര്യങ്ങൾ തങ്ങൾ ഗൗരവമായി എടുക്കുകയും മൃഗങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുമെന്നും കൂട്ടിച്ചേർത്തു. ഒരു സംരക്ഷിത വനപ്രദേശത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ഇതെന്നും അതിനാൽ നടപടിയെടുക്കുമെന്നും ജോഗി കൺസർവൻസി അധികൃതർ അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.