/kalakaumudi/media/media_files/2025/03/12/4kuDMX3mjqh0r1i8CnQT.jpg)
ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ ബലൂചിസ്ഥാന്‍ വിഘടനവാദികള്‍ തട്ടിയെടുത്ത ട്രെയിനില്‍ നിന്ന് 104 പേരെ മോചിപ്പിച്ചു.
ഏറ്റുമുട്ടലില്‍ 20 സൈനികരും 16 വിഘടനവാദികളും കൊല്ലപ്പെട്ടതായാണ് വിവരം. ബലൂച് ലിബറേഷന്‍ ആര്‍മി ഇന്നലെയാണ് ക്വൊറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്പ്രസ് റാഞ്ചിയത്. ട്രെയിനില്‍ 450 യാത്രക്കാരുണ്ടായിരുന്നു. ഇതില്‍ 182 പേരെയാണ് വിഘടനവാദികള്‍ ബന്ദികളാക്കിയത്.
ട്രെയിനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ട്രെയിനില്‍ നിന്നും വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പറഞ്ഞതായും വിവരമുണ്ട്.
തങ്ങള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാല്‍ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഇവര്‍ ഭീഷണി മുഴക്കിയിരുന്നു. എന്താണ് ഭീകരരുടെ ആവശ്യം എന്നത് സംബന്ധിച്ച് ഇതുവരെയും വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ട്രെയിന്‍ യാത്രക്കിടയില്‍ ഒരു തുരങ്കത്തിനടുത്തുവെച്ചാണ് ആയുധധാരികളായ ആളുകള്‍ ട്രെയിനില്‍ ഇരച്ചുകയറിയത്. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്തെ തുരങ്കത്തിനടുത്ത് ട്രെയിന്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് പാകിസ്താന്‍ മാധ്യമങ്ങളില്‍നിന്നുള്ള വിവരം. പാകിസ്താന്‍ സൈന്യം സ്ഥലത്തെത്തിയിട്ടുണ്ട്. വലിയൊരു ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണ് ഇവര്‍. ട്രെയിന്‍ തടഞ്ഞിട്ടിരിക്കുന്ന പ്രദേശം സങ്കീര്‍ണമായ ഭൂപ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളികള്‍ ഏറെയുണ്ട്.
പാകിസ്താനില്‍നിന്ന് ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യവുമായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ), ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ വിമത സംഘടനകള്‍ ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്നുണ്ട്. ബിഎല്‍എയുടെ മജീദ് ബ്രിഗേഡും സ്പെഷ്യല്‍ ടാക്ടിക്കല്‍ ഓപ്പറേഷന്‍സ് സ്‌ക്വാഡും ഫത്തേ സ്‌ക്വാഡിന്റെ സ്പെഷ്യലൈസഡ് യൂണിറ്റുകളും ചേര്‍ന്നാണ് ട്രെയിന്‍ റാഞ്ചലിന് നേതൃത്വം നല്‍കിയതെന്ന് വിഘടനവാദികള്‍ വ്യക്തമാക്കി.
അതേസമയം, 2000 മുതല്‍ അഫ്ഗാനിസ്ഥാനിലെ ബലൂചിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബലൂച് ലിബറേഷന്‍ ആര്‍മി. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം എന്ന ആവശ്യം ഉന്നയിച്ചാണ് ഈ സായുധ സംഘടന പ്രവര്‍ത്തിക്കുന്നത്. പാകിസ്താനില്‍ നിന്ന് ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യവുമായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ വിമത സംഘടനകള്‍ ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്നുണ്ട്.