പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. ഇറാനിലേക്ക് ഇന്ത്യക്കാര്‍ തല്‍ക്കാലം യാത്ര ചെയ്യേണ്ടന്ന് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള യാത്രകള്‍ ഒഴിവാക്കണം. ഇറാനിലും ഇസ്‌റാഈലിലും താമസിക്കുന്ന ഇന്ത്യക്കാര്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ജനങ്ങള്‍ ഇന്ത്യന്‍ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്തണണമെന്നും
വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു.ഇസ്‌റാഈല്‍ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.
പശ്ചിമേഷ്യയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വഷളാകുന്നതില്‍ കടുത്ത ഉത്കണ്ഠയും വിദേശകാര്യമന്ത്രാലയം പ്രകടിപ്പിച്ചു. മേഖലയിലാകെ സംഘര്‍ഷം പടരുന്നത് ഒഴിവാക്കണമെന്നും
സമാധാനം പുനഃസ്ഥാപിക്കാന്‍ രാജ്യങ്ങള്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സമാധാന ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ തീര്‍പ്പാക്കണമെന്നും ഇന്ത്യ അറിയിച്ചു.
ഹിസബുള്ള തലവന്‍ സയ്യിദ് ഹസ്സന്‍ നസ്‌റല്ലയെ ഇസ്റാഈല്‍ വധിച്ചതിന് പിന്നാലെയാണ് ഇറാന്‍ ഇസ്‌റാഈലിന് നേരെ പ്രത്യാക്രമണം നടത്തിയത്.എന്നാല്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം പരാജയപ്പെട്ടു. ഇറാന്‍ ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കുമെന്ന് നെതന്യാഹു വ്യക്തമാക്കി.