വാഷിങ്ടൺ: ഇസ്രയേൽ ആദ്യം ചെയ്യേണ്ടത് ഇറാന്റെ ആണവകേന്ദ്രങ്ങൾ ബോംബിട്ട് തകർക്കുകയാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. ഇസ്രയേലിൽ ഇറാൻ നടത്തിയ ആക്രമണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇറാനെതിരെ കൂടുതൽ ഉപരോധം വേണമെന്നും ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ അക്രമിക്കുന്നത് അം​ഗീകരിക്കില്ലെന്നുമുള്ള പ്രസിഡന്റ് ജോ ബൈഡന്റെ പരാമർശം വന്നതിന് തൊട്ടുപിന്നാലെയാണ് ഡൊണാൾഡ് ട്രംപിന്റെയും പരാമർശം.
നോർത്ത് കരോലിനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു ഡൊണാൾഡ് ട്രംപ്. പ്രചാരണം പുരോ​ഗമിക്കവേ ഇസ്രയേൽ-ഇറാൻ പ്രശ്നങ്ങളേക്കുറിച്ചും ഇസ്രയേലിൽ ഇറാൻ 200 തവണ നടത്തിയ മിസൈൽ ആക്രമണങ്ങളേക്കുറിച്ചും ചോദ്യമുയർന്നു. ഇതിനോടായിരുന്നു ട്രംപ് തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ഇറാന്റെ ആണവകേന്ദ്രങ്ങൾ ആദ്യം ബോംബിട്ട് തകർക്കുകയാണ് ഇസ്രയേൽ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
"ജോ ബൈഡനോട് ഈ പ്രശ്നത്തേക്കുറിച്ച് ചോദിച്ചപ്പോൾ ആദ്യം ആണവകേന്ദ്രങ്ങൾ തകർക്കുകയാണ് വേണ്ടതെന്നും തുടർന്നുവരുന്ന പ്രശ്നങ്ങൾ പിന്നീട് നോക്കാം എന്നുമായിരുന്നു അദ്ദേഹം മറുപടി പറയേണ്ടിയിരുന്നത്. ഇസ്രയേൽ അങ്ങനെ ചെയ്യാൻ പോവുകയാണെങ്കിൽ അതിന്റെ അർത്ഥം അതുതന്നെയാണ്. പക്ഷേ അവരുടെ പദ്ധതികളെന്താണെന്ന് അറിയേണ്ടിയിരിക്കുന്നു." ട്രംപ് പറഞ്ഞു.
ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും എന്നാൽ അത് ആനുപാതികമായിരിക്കണമെന്നുമാണ് ഇറാൻ-ഇസ്രയേൽ പ്രശ്നത്തേക്കുറിച്ച് ബൈഡൻ പറഞ്ഞത്. ഇസ്രയേലിനെതിരെ ചൊവ്വാഴ്ചയുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഉടൻ സംസാരിക്കുമെന്നും ബൈഡൻ പറഞ്ഞിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
